• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മലപ്പുറം പാർട്ടി' പ്രതിച്ഛായ മാറുമോ? ലീഗിന് മലപ്പുറവും സുരക്ഷിതമല്ല; നാല് വർഷം പഴക്കമുള്ള പാഠങ്ങൾ

മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിനെ വെല്ലാന്‍ ആരുമില്ലെന്നതായിരുന്നു ഒരുകാലത്തെ യാഥാര്‍ത്ഥ്യം. എന്നാല്‍ ലീഗിന്റെ പെരുംകോട്ടകള്‍ പോലും തകര്‍ന്നുവീഴുന്നത് പിന്നീട് കേരളം കണ്ടു. മഞ്ചേരിയില്‍ നിന്ന് ടികെ ഹംസ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച് ജയിച്ചതില്‍ നിന്ന് തുടങ്ങുന്നു അത്.

കോണ്‍ഗ്രസ് സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ്; തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്, പ്രതീക്ഷ ജോസഫിൽ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മലപ്പുറത്ത് മുസ്ലീം ലീഗിനുള്ള ഒരു അപായ സൂചന കൂടിയായിരുന്നു. മൃഗീയ ഭൂരിപക്ഷമുള്ള ചില മണ്ഡലങ്ങളിലെ വലിയ വോട്ടിടിവ് മാത്രമായിരുന്നില്ല ആ മുന്നറിയിപ്പ്. ഇത്തവണ, 'മലപ്പുറം പാര്‍ട്ടി' എന്ന പ്രതിച്ഛായ മാറ്റാനിറങ്ങുമ്പോള്‍ മുസ്ലീം ലീഗിന് മലപ്പുറം എന്തായിരിക്കും കാത്തുവച്ചിട്ടുണ്ടാവുക...

ടികെ ഹംസയുടെ അട്ടഹാസം

ടികെ ഹംസയുടെ അട്ടഹാസം

2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. മഞ്ചേരിയില്‍ പഴയ കോണ്‍ഗ്രസ്സുകാരനായ ടികെ ഹംസ സിപിഎം സ്ഥാനാര്‍ത്ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്നു. എതിരാളി, മുസ്ലീം ലീഗിന്റെ ശക്തനായ കെപിഎ മജീദ്. അസംഭവ്യം എന്ന് കരുതിയത് എന്ന് സംഭവിച്ചു. നാല്‍പത്തിയേഴായിരത്തില്‍ പരം വോട്ടുകള്‍ക്ക് കെപിഎ മജീദിനെ, ടികെ ഹംസ അട്ടിമറിച്ചു. ടികെ ഹംസ ഇപ്പോള്‍ ചിരിക്കുകയല്ല, അട്ടഹസിക്കുകയാണെന്നാണ് വിജയത്തിന് ശേഷം ഒരു വാര്‍ത്താ അവതാരകന്‍ അന്ന് പറഞ്ഞത്.

ജലീലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ജലീലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട കെടി ജലീല്‍ ചരിത്രം സൃഷ്ടിക്കാന്‍ തുടങ്ങിയത് 2006 ലെ നിയമസഭ തിരഞ്ഞെടുപ്പോടെയാണ്. ഒരിക്കലും തോല്‍ക്കില്ലെന്ന് ഉറപ്പിച്ച കുഞ്ഞാലിക്കുട്ടി, ഒരിക്കലും കൈവിടില്ലെന്ന് കരുതിയ ഉരുക്ക് മണ്ഡലമായ കുറ്റിപ്പുറം.... പക്ഷേ, രണ്ടും വെറുതേയായി. കുഞ്ഞാലിക്കുട്ടിയെ കുറച്ച് കാലത്തേക്ക് രാഷ്ട്രീയ വനവാസത്തിനയച്ച തിരഞ്ഞെടുപ്പ് വിജയമാണ് അന്ന് കെടി ജലീല്‍ നേടിയത്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന്റെ നെഞ്ചത്ത് തറയ്ക്കപ്പെട്ട രണ്ടാമത്തെ ആണി.

മൂന്നാമത്തെ ആണി തിരൂരില്‍

മൂന്നാമത്തെ ആണി തിരൂരില്‍

2006 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മറ്റൊരു വലിയ തിരിച്ചടി കൂടി ലഭിച്ചു. ഒരിക്കലും കൈവിടാത്ത തിരൂര്‍ മണ്ഡലത്തില്‍ ലീഗിന് അടിപതറി. കരുത്തനായ ഇടി മുഹമ്മദ് ബഷീറിനെ സിപിഎമ്മിന്റെ പിപി അബ്ദുള്ളക്കുട്ടി തറപറ്റിച്ചു. അതും അരിവാള്‍ ചുറ്റിക നക്ഷത്ര ചിഹ്നത്തില്‍ മത്സരിച്ചുകൊണ്ട്.

പെരിന്തല്‍മണ്ണയിലും മങ്കടയിലും വിപ്ലവം

പെരിന്തല്‍മണ്ണയിലും മങ്കടയിലും വിപ്ലവം

ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മനാടുള്‍പ്പെടുന്ന പെരിന്തല്‍മണ്ണ മണ്ഡലം സിപിഎം തങ്ങളുടെ പാര്‍ട്ടി ചിഹ്നത്തില്‍ തിരിച്ചുപിടിക്കുന്ന കാഴ്ചയും 2006 ലെ തിരഞ്ഞെടുപ്പ് കണ്ടു. മുസ്ലീം ലീഗിന്റെ ഷുവര്‍ സീറ്റില്‍, ഹമീദ് മാസ്റ്ററെ തോല്‍പിച്ച് വി ശശികുമാര്‍ ജയിച്ചുവന്നു. അതും പതിനാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

മങ്കട മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് മഞ്ഞളാംകുഴി അലിയും മുസ്ലീം ലീഗിന് വമ്പന്‍ അടി നല്‍കി.

ചരിത്രത്തിലെ നാണക്കേട്

ചരിത്രത്തിലെ നാണക്കേട്

മുസ്ലീം ലീഗിന്റെ കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയം ആയിരുന്നു 2006 ലേത്. 21 സീറ്റില്‍ മത്സരിച്ച്, ആകെ ജയിക്കാനായത് വെറും 7 സീറ്റുകളില്‍ മാത്രം.

എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലീം ലീഗ് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. പക്ഷേ, 2016 ലെ തിരഞ്ഞെടുപ്പ് നല്‍കുന്നത് മറ്റ് ചില സൂചനകളാണ്.

16 ല്‍ 11 ഉം ലീഗിന്

16 ല്‍ 11 ഉം ലീഗിന്

2016 ലെ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 11 ലും വിജയിച്ചത് മുസ്ലീം ലീഗ് ആണ്. ലീഗ് ആകെ ജയിച്ച 19 സീറ്റുകളില്‍ അമ്പത് ശതമാനത്തിലധികവും വിജയിച്ച് മലപ്പുറം ജില്ലയില്‍ മാത്രമാണെന്നര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് 'മലപ്പുറം പാര്‍ട്ടി' എന്ന പേരില്‍ അവര്‍ ഒതുക്കപ്പെടുന്നതും.

തിരൂരങ്ങാടിയിലെ ഭയപ്പാട്

തിരൂരങ്ങാടിയിലെ ഭയപ്പാട്

1995 ല്‍ എകെ ആന്റണിയെ ജയിപ്പിക്കാന്‍ മുസ്ലീം ലീഗ് ഉറപ്പോടെ നല്‍കിയ സീറ്റായിരുന്നു തിരൂരങ്ങാടി. 2011 ല്‍ പികെ അബ്ദുറബ്ബ് 20,323 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലം. എന്നാല്‍ 2016 ല്‍ ഇവിടത്തെ ഭൂരിപക്ഷം വെറും 6,043 വോട്ടുകളായിരുന്നു. ഇടത് സ്വതന്ത്രനായ നിയാസ് പുളിക്കലകത്ത് മുസ്ലീം ലീഗിനെ ശരിക്കും വിറപ്പിച്ചു.

പെരിന്തല്‍മണ്ണയും മങ്കടയും

പെരിന്തല്‍മണ്ണയും മങ്കടയും

ഇടതുപാളയം വിട്ട് ലീഗില്‍ എത്തി അഞ്ചാം മന്ത്രിയായ മഞ്ഞളാംകുഴി അലിയുടെ പെരിന്തല്‍മണ്ണയും മുസ്ലീം ലീഗിന് തീരെ സുരക്ഷിതമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നത്. 2011 ല്‍ പതിനായിരത്തോളം വോട്ടിന്റെ ഭൂരിക്ഷം നേടിയ അലി, 2016 ല്‍ നേടിയത് വെറും 579 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു.

ടിഎ അബഹമ്മദ് കബീര്‍ മങ്കടയില്‍ 2011 ല്‍ ജയിച്ച് 23,593 വോട്ടുകള്‍ക്കായിരുന്നു. 2016 ല്‍ ഭൂരിപക്ഷം വെറും 1,508 വോട്ടുകള്‍ മാത്രം. രണ്ട് മണ്ഡലങ്ങളിലും സിപിഎം അവരുടെ പാര്‍ട്ടി ചിഹ്നത്തിലായിരുന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.

താനൂര്‍ പോയി, തിരൂരില്‍ കഷ്ടം

താനൂര്‍ പോയി, തിരൂരില്‍ കഷ്ടം

2006 ല്‍ തിരൂര്‍ കൈവിട്ടെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ 2011 ല്‍ 23,566 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ലീഗ്, 2016 ല്‍ എത്തിയപ്പോള്‍ വെറും 7,061 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒതുങ്ങി.

ഒരിക്കലും കൈവിട്ടുപോവില്ലെന്ന് കരുതിയ താനൂര്‍ മണ്ഡം, പഴയ കോണ്‍ഗ്രസ്സുകാരനായ വി അബ്ദുറഹ്മാനെ ഇറക്കി സിപിഎം സ്വന്തമാക്കുകയും ചെയ്തു. അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുറഹ്മാന്റെ വിജയം. തോല്‍പിച്ചത് അബ്ദുറഹ്മാന്‍ രണ്ടത്താണിയേയും.

കൊണ്ടോട്ടി മുതല്‍ കോട്ടയ്ക്കല്‍ വരെ ഇടിഞ്ഞു

കൊണ്ടോട്ടി മുതല്‍ കോട്ടയ്ക്കല്‍ വരെ ഇടിഞ്ഞു

2011 ല്‍ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിന്റെ ഭൂരിപക്ഷം 35,902 വോട്ടുകളായിരുന്നു. എന്നാല്‍ 2016 ല്‍ എത്തിയപ്പോള്‍ ഇത് പാതിയിലധികം കുറഞ്ഞ് 15,042 ആയി.

2011 ല്‍ മഞ്ചേരിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭൂരപിക്ഷം 29,079 വോട്ടുകളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പതിനായിരത്തോളം വോട്ടുകള്‍ കുറഞ്ഞ് 19,616 ആയി ഭൂരിപക്ഷം.

കൊണ്ടോട്ടിയില്‍ 2011 ല്‍ 28,149 ആയിരുന്നു ഭൂരിപക്ഷമെങ്കില്‍ 2016 ല്‍ ഇത് 10,654 ആയി ഇടിഞ്ഞു. മലപ്പുറം മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ പതിനായിരത്തോളം വോട്ടിന്റെ ഇടിവുണ്ടായി.

ചോര്‍ന്നതല്ല, ചോര്‍ത്തിയതാണ്

ചോര്‍ന്നതല്ല, ചോര്‍ത്തിയതാണ്

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്വീകരിച്ച തന്ത്രത്തിന്റെ വിജയമായിരുന്നു ലീഗിന്റെ ഈ വോട്ട് ചോര്‍ച്ച പൊതുസമ്മതരായ സ്വതന്ത്രരെ നിര്‍ത്തിക്കൊണ്ടാണ് ലീഗിന്റെ പല കോട്ടകളിലും എല്‍ഡിഎഫ് വിള്ളല്‍ വീഴ്ത്തിയത്. അതേസമയം പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറയുള്ള മേഖലകളില്‍ സ്വന്തം ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ചെയ്തു.

എട്ട് മണ്ഡലങ്ങൾ പ്രശ്നത്തിൽ

എട്ട് മണ്ഡലങ്ങൾ പ്രശ്നത്തിൽ

ചുരുക്കി പറഞ്ഞാൽ, 2016 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുകയാണെങ്കിൽ മുസ്ലീം ലീഗിന്റെ കൈവശമുള്ള 11 മണ്ഡലങ്ങളിൽ എട്ടെണ്ണത്തിലും വലിയ പ്രതിസന്ധികളുണ്ട്. അതിൽ തന്നെ നാല് മണ്ഡലങ്ങളിലെങ്കിലും കടുത്ത പോരാട്ടം നേരിടേണ്ടിയും വരും. മൂന്ന് മണ്ഡലങ്ങളെങ്കിലും ലീഗിൽ നിന്ന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിനും ഉണ്ട്.

cmsvideo
  Tanishq Advertisement Cancelled After Social Media Abuse | Oneindia Malayalam

  English summary
  Muslim League should learn from the lessons of 2016 Assembly Elections and should change their 'Malappuram Party' image
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X