കൊമ്പുള്ള മാന്‍; ചാണ്ടിയുടെ ഗണ്‍മാന്‍

സലീം രാജിന് വേണ്ടി കോടതില്‍ വീണ്ടും അഡ്വക്കറ്റ് ജനറല്‍ ഹാജരായപ്പോള്‍ ഈ ചോദ്യത്തിന് കൂടുതല്‍ ബലം വച്ചു. സത്യത്തില്‍ സലീം രാജിന് കൊമ്പുണ്ടോ...? ഉണ്ട്. അപ്രിയ സത്യം എന്ന വലിയ കൊമ്പുണ്ട്. ഈ സത്യം അപ്രിയമാകുന്നത് ആര്‍ക്കൊക്കെ എന്ന കാര്യത്തില്‍ മാത്രമേ സംശയം ഉള്ളൂ.
ഒരു സാധാരണ പോലീസുകാരന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ഹാജരാകുക എന്ന അവസ്ഥയൊക്കെ അങ്ങ് വികസിത രാജ്യങ്ങളിലും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും പോലും നടക്കാത്ത കാര്യമാണ്. ഒരു സധാരണ പോലീസുകാരന്‍ തൊട്ട് മുഖ്യമന്ത്രി വരെയുള്ളവരുടെ കേസുകള്‍ക്കായി എജി കോടതിയിലെത്തുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ കേരളത്തിന്റെ ഏറ്റവും വലിയ വളര്‍ച്ചയുടെ സൂചകമാണെന്ന് വരെ അടുത്തിടെ ഏതോ എ കോണ്‍ഗ്രസ്സുകാരന്‍ പറഞ്ഞതായാണ് അറിവ്.
പക്ഷേ ഈ എജി എന്ന് പറയുന്ന കക്ഷിക്ക് അല്‍പമെങ്കിലും അഭിമാനമുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിനോട് പോയി പണി നോക്കാന്‍ പറയുമായിരുന്നു. കള്ളത്തരം കാട്ടിയെന്ന കേസിലാണ് സലീം രാജിനെപ്പോലെ ഒരാളെ രക്ഷപ്പെടുത്തിയെടുക്കാന്‍ കോടതിയില്‍ പോയി വാദിക്കുന്നത്. ജഡ്ജിയുടെ വക ചീത്ത വിളിയും കേള്‍ക്കണം. ഇങ്ങനെയൊക്കെയായിട്ടും സലീം രാജിനെ സര്‍ക്കാര്‍ കൂടെ നിര്‍ത്തുന്നുണ്ടെങ്കില്‍ അതില്‍ സര്‍ക്കാരിനേക്കാള്‍ വലിയ വേറെന്തോ ബന്ധത്തിന്റെ കഥ കാണില്ലേ എന്നൊരു സംശയം.
കേരള പോലീസില്‍ ചേര്‍ന്ന കാലം മുതലേ സലീം രാജ് ഒരു വലിയ കക്ഷിയാണ്. എസ്‌ഐയെ തല്ലുക, പോലീസ് ക്വാര്‍ട്ടേഴ്‌സ് അനധികൃതമായി കൈവശം വക്കുക തുടങ്ങിയ വിക്രിയകള്‍ കാണിച്ച് ധൈര്യം തെളിയിച്ച ആളാണ്. വിഎസ് അച്യുതാനന്ദന്‍ സംസ്ഥാനം ഭരിക്കുന്ന സമയത്ത് തന്നെ രക്ഷിക്കാന്‍ ഇത്രയും ധൈര്യമുളള സലീം രാജ് തന്നെ കൂടെ വേണമെന്ന് അന്ന് തീരുമാനിച്ചതാണ് ഉമ്മന്‍ ചാണ്ടി.
അങ്ങനെ പ്രതിപക്ഷ നേതാവാകുമ്പോള്‍ ചാണ്ടിച്ചന്റെ ഗണ്‍മാന്‍ ആയതാണ് സലീം രാജ്. പിന്നെ ചാണ്ടിച്ചായന്‍ മുഖ്യമന്ത്രിയായപ്പോഴും അവിടെത്തന്നെ കൂടി.
പ്രതിപക്ഷ നേതാവിന്റെ ഗണ്‍മാനായി സലീം രാജ് ഞെളിഞ്ഞിരുന്നപ്പോള്‍ പോലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ ഒന്നടങ്കം ഞെട്ടി. അത്തരമൊരു കടുംകൈ കാണിക്കരുതേ എന്ന് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടവരായിരുന്നു ഇവര്‍. പിന്നെ ഇടുക്കിയിലെ യുഡിഎഫുകാരും നന്നായി ഞെട്ടിയിരുന്നു. സലീം രാജിന്റെ സ്വഭാവ ഗുണങ്ങള്‍ നന്നായി അറിയുന്നവരാണല്ലോ നാട്ടുകാര്‍.
സലീം രാജിനെപ്പറ്റി പരാതികള്‍ പലതും ഉയര്‍ന്ന് വന്നിരുന്നു. അതില്‍ ചിലത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വീട്ട് മുറ്റത്തും, വീട്ടിനകത്തും വരെ എത്തിയിരുന്നുവത്രെ. ഇക്കാര്യം നിയമസഭയില്‍ പറയാന്‍ തുടങ്ങിയപ്പോഴാണ് പണ്ട് സ്പീക്കര്‍ വിഎസിന്റെ മൈക്ക് ഓഫ് ആക്കിയത്. ഇതിന്റെ യാഥാര്‍ത്ഥ്യം എല്ലാ എംഎല്‍എ മാര്‍ക്കും ഒരു കത്ത് മുഖേന മുമ്പേ ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് മറ്റൊരു ശ്രുതിയുണ്ട്.
സോളാര്‍ കേസ് തുടങ്ങിയപ്പോള്‍ തന്നെ അതില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് സലീം രാജിന്റേത്. തൊട്ടുമുന്നില്‍ ഇങ്ങനെ ഒരു തട്ടിപ്പ് നടക്കുമ്പോള്‍ മാറിനില്‍ക്കാന്‍ മാത്രം ഭീരുവല്ലല്ലോ നമ്മുടെ ഗണ്‍മാന്‍. പിന്നെ അതാ വരുന്നു ഭൂമി തട്ടിപ്പ് കേസുകള്‍., ഒന്നിന് പിറകെ ഒന്നായി.... കുറേ കാലം ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ ആയി വലിയ പണിയൊന്നും ഇല്ലാതിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നം മാറിക്കിട്ടി. ഇഷ്ടം പോലെ കേസും വാദിക്കാന്‍ സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലും ഉണ്ടല്ലോ.
പ്രശ്‌നങ്ങള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും സലീം രാജിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റാന്‍ മുഖ്യന് ആദ്യം ഭയങ്കര മടിയായിരുന്നു. പിന്നെ പ്രതിപക്ഷത്തിന്റെ ശല്യം സഹിക്ക വയ്യതായപ്പോഴായിരുന്നു സസ്‌പെന്‍ഷന്‍. ഒരു തോക്കുമേന്തി വര്‍ഷങ്ങളോളം തന്നെ സംരക്ഷിച്ചുനടന്ന സലീം രാജ് ശരിക്കും തന്റെ ഗണ്‍മാനാണോ അതോ ഗണ്‍'മോനെ'പോലെയാണോ എന്ന് മുഖ്യമന്ത്രിക്ക് പോലും തോന്നിപ്പോയിട്ടുണ്ടങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മനുഷ്യന്‍മാരുടെ കാര്യമല്ലേ.....












Click it and Unblock the Notifications