വടയമ്പാടിയില്‍ ഉയർന്ന സി പി ഐ എം സേ ആസാദീ.. ശ്രീജിത് ദിവാകരൻ എഴുതുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീജിത് ദിവാകരൻ

ജേര്‍ണലിസ്റ്റ്
മുതിർന്ന മാധ്യമപ്രവർത്തകൻ. ഡൂള്‍ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്ററാണ് ലേഖകന്‍

വടയമ്പാടിയിലെ ജാതിമതിലിനെതിരെയുള്ള ദളിത് കണ്‍വെന്‍ഷനില്‍ ഉയര്‍ന്നു കേട്ട മുദ്രവാക്യങ്ങളിലൊന്ന് 'സി.പി.ഐ.എം സേ ആസാദി' എന്നാണ്. ബ്രാഹ്മണ്‍വാദത്തിന്, മനുവാദത്തിന്, ക്യാപിറ്റലിസത്തിന്, ആര്‍.എസ്.എസിന്, ജാതിവാദത്തിന് എതിരായി ഉയര്‍ന്ന സ്വാതന്ത്ര്യ മുദ്രവാക്യമാണ് ദളിത് ജനത സി.പി.എമ്മിന് എതിരെ വിളിക്കുന്നത്. നെഞ്ചത്ത് ഒരു വലിയ ഭാരമെടുത്ത് വച്ചതുപോലുള്ള രാഷ്ട്രീയമായ വേദന തോന്നി. പക്ഷേ, എന്തുകൊണ്ടാണ് അത് എന്ന് സ്വയം ചോദിക്കുകയും മനസിലാക്കുകയും ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ ഇനിയതിന് അവസരമുണ്ടാകുമോ എന്നറിയില്ല.

ആര്‍.എസ്.എസിന്, അവരുടെ നേതൃത്വത്തിലുള്ള മേല്‍ജാതി ധാര്‍ഷ്ട്യത്തിന്, അവരുടെ ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മയ്ക്ക്, ഇന്ത്യയില്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദളിത്-ന്യൂനപക്ഷ ഉന്മൂലന രാഷ്ട്രീയത്തിന് എതിരായ സമരമാണ്. ആര്‍.എസ്.എസ് രാഷ്ട്രീയത്തെ കായികമായും രാഷ്ട്രീയപരമായും നേരിടുന്നതില്‍ മുന്‍പന്തിയില്‍ കഴിഞ്ഞ കാലം മുഴുവന്‍ ഉണ്ടായിരുന്നത്, ഇപ്പോഴും ഉള്ളത്, ആര്‍.എസ്.എസ് അവരുടെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്നത്, സി.പി.എമ്മിനെയാണ്. പക്ഷേ എന്തുകൊണ്ടാണ് ഇവിടെ സി.പി.എമ്മിനെതിരായി മുദ്രവാക്യമുയരുന്നത്?

നീതിയെന്നത് ഏറ്റവും അവശ്യമായ, പ്രണവായുവോളം എസന്‍ഷ്യലായ ഒന്നായി മാറുകയെന്ന ചിന്തയാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി ഇടത്പക്ഷത്തില്‍, ആ പക്ഷത്തെ നയിച്ച സി.പി.എമ്മില്‍, ദളിത് സമൂഹത്തിലെ ഒരു വലിയ ഭൂരിപക്ഷം വിശ്വാസമര്‍പ്പിച്ചിരുന്നത് ആ നീതിയെന്ന, ജീവശ്വാസത്തോടുള്ള കൂറിന്റെ ഭാഗമായാണ്. പോലീസ് സ്റ്റേഷനുകളില്‍ നിന്ന്, സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഭരണസ്ഥാപനങ്ങളില്‍ നിന്ന്, മാധ്യമങ്ങളില്‍ നിന്ന്, അങ്ങനെയൊരിടത്തുനിന്നും ആ നീതി ലഭ്യമാകുന്നില്ല എന്ന തോന്നല്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള, അതിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനെതിരെയുള്ള വികാരമായി മാറുമ്പോള്‍ നാം ന്യായീകരണത്തിനുള്ള വഴികള്‍ തേടുകയാണോ അതോ തെറ്റുകള്‍ തിരുത്തുകയാണോ വേണ്ടതെന്ന് മാത്രമാണ് ചോദ്യം.

cpim-1

എന്തുകൊണ്ടാണ് വടയമ്പാടിയിലെ ജാതിമതിലിനെതിരെ സംസാരിക്കുമ്പോള്‍ കവി കുരീപ്പുഴയെ ആക്രമിക്കാന്‍ ആര്‍.എസ്.എസ് തെമ്മാടി കൂട്ടത്തിന് കഴിയുന്നത്? ആര്‍.എസ്.എസ് ആക്രമണത്തിന്റെ തുടര്‍ച്ചയായി ഇനി കുരീപ്പുഴ അന്താരാഷ്ട്ര പ്രശസ്തനാകും, കെട്ടിക്കിടക്കുന്ന കവിതകള്‍ വിറ്റഴിക്കപ്പെടുമെന്ന, വിഷവും വെറുപ്പും വമിക്കുന്ന ക്രൂരമായ പ്രസ്താവന നടത്താന്‍ ബി.ജെ.പിയുടെ നേതാവിന് കഴിയുന്നത്? ദളിതരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന, അവിടെയെത്തിയ പ്രക്ഷോഭകരേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുന്ന, തെറിവിളിക്കുന്ന ആര്‍.എസ്.എസ് വഷളകൂട്ടത്തിന് വസ്ത്രമൊന്ന് ഉലയുക പോലും ചെയ്യാതെ വിജയോന്മാദത്തോടെ പിരിഞ്ഞുപോകാന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് വിനായകന്റെ മരണത്തിനുത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ ജോലികളില്‍ തുടരുന്നത്? ഇതുപോലുള്ള നൂറുചോദ്യങ്ങള്‍ക്ക് ഭരണവര്‍ഗ്ഗം മറുപടി പറഞ്ഞേ പറ്റൂ.

പിണറായി വിജയനെ നരേന്ദ്രമോഡിയോടുപമിക്കാനോ സി.പി.എമ്മിനെ ആര്‍.എസ്.എസ് നോട് ഉപമിക്കാനോ പലര്‍ക്കും താത്പര്യമുണ്ടാകും. കേരളത്തില്‍ ആര്‍.എസ്.എസിനേക്കാള്‍ പേടിക്കേണ്ടത് സി.പി.എമ്മിനെയാണെന്നും ചിലര്‍ പ്രചരിപ്പിക്കണം. ഇന്നത്തെ വിരോധം കൊണ്ട്, വെറുപ്പുകൊണ്ട്, ചരിത്രബോധവും രാഷ്ട്രീയബോധവും മറക്കുന്ന ആ ഭോഷ്‌കുകള്‍ നമുക്ക് മറക്കാം. പക്ഷേ ആ പ്രചരണത്തിനെ ചെറുക്കാന്‍ കണ്ണൂരിലെ ചെറുത്തുനില്‍പ്പിന്റെ ചരിത്രവും വര്‍ത്തമാനവും പോര. ഭരണകാലത്തെ നടപടികള്‍ വേണം. ഉത്തരങ്ങളുടെ ഉറപ്പുകള്‍ വേണം. ഒരു സി.ഐ പ്രക്ഷോഭത്തിനെത്തുന്ന സ്ത്രീയെ ചൂണ്ടി 'മാറിനില്‍ക്കടീ, നാറിയിട്ട് വയ്യ' എന്ന് ആക്രോശിച്ചിട്ടുണ്ടെങ്കില്‍ അതിന് ശേഷം അധികാരനിര്‍വ്വഹണത്തിന്റെ കസേരകളില്‍ അയാളുടെ ജാതിവെറുപ്പ് നിറഞ്ഞ ശരീരം ചന്തിയുറപ്പിച്ച് ഇരിക്കുന്നുണ്ടെങ്കില്‍ ഭരണം സമാധാനം പറയണം. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും.

ഇനിയൊരിക്കല്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ഇന്നാട്ടിലെ അടിസ്ഥാന വര്‍ഗ്ഗത്തിന് തോന്നരുത്. പതിറ്റാണ്ടുകളുടെ സമരങ്ങളാകും അതോടെ തോറ്റുപോകുന്നത്. ഒരുപാടുസഹനങ്ങളും പ്രതീക്ഷകളും. ജയിക്കുന്നതാകട്ടെ വെറുപ്പ് മാത്രം രാഷ്ട്രീയായുധമായുള്ള, എതിര്‍ചിന്തകളെ ഗ്യാസ്‌ചേംമ്പറിലേയ്ക്കയ്ക്കുന്ന ഫാഷിസ്റ്റ് തെമ്മാടികളും.

English summary
Sreejith Divakaran writes about Dalit protest at Vadayampady

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്