ഗള്‍ഫ് പ്രവാസികള്‍ക്ക് മുട്ടന്‍ പണി വരുന്നു; പണം അയക്കുന്നതിന് നികുതി, എംപിമാര്‍ അനുകൂലിച്ചു
മനാമ: കേരളത്തിലേക്ക് എത്തുന്ന വിദേശ പണത്തിന്റെ സിംഹഭാഗം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. കേരളത്തിന്റെ സമ്പദ്ഘടനയിലും വികസന രംഗങ്ങളിലും പ്രവാസി പണം നിര്‍ണായക സാന്നിധ്യവുമാണ്. യൂറോപ്പിലും മറ്റുമുള്ള പ്രവാസികള്‍ക്ക് ആ രാജ്യത്ത് തന്നെ നികുതി ഇനത്തില്‍ വലിയ ചെലവ് വരുന്നുണ്ട്. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് അനുഗ്രഹം ശമ്പളം മൊത്തമായി നാട്ടിലേക്ക് അയക്കാന്‍ സാധിക്കും എന്നതാണ്.
ഗള്‍ഫ് പ്രവാസികള്‍ക്കുള്ള ഈ അനുഗ്രഹം ഏറെകാലം മുന്നോട്ട് പോകില്ലെന്ന് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണം എന്ന് പല കോണില്‍ നിന്നായി ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബഹ്‌റൈന്‍ എംപിമാര്‍ ഈ നിര്‍ദേശത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഒമാനില്‍ ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് നികുതി ചുമത്താന്‍ നീക്കം നടക്കുന്നതിനിടെയാണിത്...

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്തണം എന്നാണ് ആവശ്യം. ഈ നിര്‍ദേശത്തിന് അനുകൂലമായിട്ടാണ് ബഹ്‌റൈന്‍ എംപിമാര്‍ വോട്ട് ചെയ്തിരിക്കുന്നത്. ഇനി ശൂറ കൗണ്‍സില്‍ നിര്‍ദേശം പരിഗണിക്കും. അവര്‍ കൂടി അംഗീകരിച്ചാല്‍ തീരുമാനം നിലവില്‍ വരും. അതേസമയം, ഈ തീരുമാനത്തെ എതിര്‍ത്തും ചില അഭിപ്രായങ്ങളുണ്ട്.
നേരത്തെയും ബഹ്‌റൈന്‍ എംപിമാര്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണം എന്ന നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ശൂറ കൗണ്‍സില്‍ നിര്‍ദേശം തള്ളുകയാണ് ചെയ്തത്. ഇപ്പോള്‍ വീണ്ടും എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുകയാണ്. വീണ്ടും ശൂറാ കൗണ്‍സില്‍ നിര്‍ദേശം തള്ളിയാല്‍ നാഷണല്‍ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തില്‍ വോട്ടിനിട്ട് അന്തിമ തീരുമാനം എടുക്കും.
ബഹ്‌റൈന്റെ പ്രധാന വരുമാന മാര്‍ഗം ക്രൂഡ് ഓയില്‍ ആണ്. മറ്റു വരുമാന മാര്‍ഗങ്ങളും ബഹ്‌റൈന്‍ ഭരണകൂടം തേടുന്നുണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയ്ക്ക് നികുതി ചുമത്തിയാല്‍ വലിയ വരുമാനം ലഭിക്കുമെന്നാണ് നികുതി ചുമത്തണമെന്ന് വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ തീരുമാനം വിപരീത ഫലമാണ് ഉണ്ടാക്കുക എന്ന് അഭിപ്രായമുള്ളവരുമുണ്ട്.
72 ശതമാനം പ്രവാസികള്‍ക്കും 200 ബഹ്‌റൈന്‍ ദിനാറിന് താഴെയാണ് ശമ്പളം. ഇതില്‍ നിന്ന് നികുതി പിടിക്കുന്ന സാഹചര്യം വന്നാല്‍ നാട്ടിലേക്ക് പണം അയക്കാന്‍ നിയമവിരുദ്ധ വഴികള്‍ പ്രവാസികള്‍ സ്വീകരിക്കാനുള്ള സാധ്യതയുണ്ട് എന്ന് നികുതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കും. മാത്രമല്ല, മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ നില പരുങ്ങലിലാകുമെന്നും എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍. ആറ് രാജ്യങ്ങളില്‍ കൂടി 90 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയിലാണ്. 35 ലക്ഷം പേര്‍.
സൗദിയില്‍ 26 ലക്ഷം, കുവൈത്തില്‍ 11 ലക്ഷം, ഒമാനില്‍ 7.79 ലക്ഷം, ഖത്തറില്‍ 7.45 ലക്ഷം, ബഹ്‌റൈനില്‍ 3.23 ലക്ഷം എന്നിങ്ങനെയാണ് പ്രവാസികളുടെ എണ്ണം. ബഹ്‌റൈനിലാണ് ഏറ്റവും കുറച്ച് ഇന്ത്യന്‍ പ്രവാസികളുള്ളത്. ജിസിസിയിലെ ഏതെങ്കിലും രാജ്യം പ്രവാസി പണത്തിന് നികുതി ചുമത്തിയാല്‍ മറ്റു രാജ്യങ്ങളും സമാനമായ നീക്കം നടത്തിയേക്കും.












Click it and Unblock the Notifications