സ്വർണ വില വീഴുന്നു; ദുബായിൽ വില 340 ദിർഹം തൊടുമോ? വ്യാപാരികൾ പറയുന്നു..അത് നടന്നാൽ കോളടിച്ചു
ആഗോള വിപണയിൽ സ്വർണവില സമാനതകളില്ലാത്ത കുതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്നുവിട്ട താരിഫ് യുദ്ധത്തിൽ സ്വർണ വില റെക്കോഡ് തൊട്ടു. ഇതോടെ സ്വർണവില ഇനിയും കുതിക്കുമെന്നും ഒരു പക്ഷേ ആഗോള വില ഔൺസിന് 4500 വരെ എത്തിയേക്കുമെന്നും വിപണി വിദഗ്ധർ പ്രവചിച്ചു. എന്നാൽ ഇന്ന് അപ്രതീക്ഷിത ട്വിസ്റ്റാണ് വിപണിയിൽ സംഭവിച്ചത്. ചൊവ്വാഴ്ച ഔണ്‍സിന് 3,500 ഡോളറിലെത്തിയ വില ഇന്ന് 2.5 ശതമാനം ഇടിഞ്ഞ് 3,322.44 ഡോളറായി. ദുബായിലെ സ്വർണ വിപണിയിലും ഈ ഇടിവ് പ്രകടമായി.
കഴിഞ്ഞ ദിവസം ആഗോള വില 3400 ലെത്തിയപ്പോൾ ദുബായിലും വില റെക്കോഡ് തൊട്ടിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 400 ദിർഹത്തിന് മുകളിലായിരുന്നു വില. എന്നാൽ ഇന്ന് 24 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 399.5 ദിര്‍ഹമായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് 370 ദിര്‍ഹവും, 21 കാരറ്റിന് 354.75 ദിര്‍ഹവും 18 കാരറ്റിന് 304 ദിർഹവും ആയി വില ഇടിഞ്ഞു.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
യുഎസ്- ചൈന വ്യാപാര യുദ്ധമാണ് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണ വിപണിയിലും ചാഞ്ചാട്ടത്തിന് വഴി വെച്ചത്. പണപ്പെരുപ്പ മാന്ദ്യ ഭീഷണിയിൽ നിക്ഷേപകർ കൂടുതലായി സ്വർണത്തെ ആശ്രയിച്ചു, വ്യാപകമായി സ്വർണം വാങ്ങിക്കൂട്ടുതോടെ വില കൂടി. കേന്ദ്രബാങ്കുകളും സ്വർണം കൂടുതലായി വാങ്ങുന്നതും സ്വർണവിപണിയെ സ്വാധീനിച്ചു.
അതേസമയം വ്യാപാരയുദ്ധം അവസാനിക്കുന്നുവെന്ന സൂചനകളാണ് ഇപ്പോഴത്തെ വിലക്കുറവിലേക്ക് നയിച്ചത്. ചൈനയ്ക്ക് മേൽ ഏർപ്പെടുത്തിയ 145 ശതമാനം പകരച്ചുങ്കം പിൻവലിക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. പകരച്ചുങ്കം പൂർണമായി കുറക്കില്ലെങ്കിലും തീരുവ 50 മുതൽ 65 ശതമാനം വരെ കുറച്ചേക്കുമെന്നാണ് ട്രംപ് നൽകിയ സൂചന. മാത്രമല്ല ഫെഡറൽ റിസർവ് തലവനെ പിരിച്ചുവിടില്ലെന്നും ട്രംപ് അറിയിച്ചു. ഇതെല്ലാം വിപണിയിലെ ആശങ്ക കുറക്കാൻ കാരണമായിട്ടുണ്ട്.
ഈ ആശ്വാസം തുടരുമോ?
കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ദിർഹത്തിന്റെ കുറവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇനിയും വില കുറയുമോയെന്നാണ് സ്വർണപ്രേമികൾ ഉറ്റുനോക്കുന്നത്. എന്തായാലും അടുത്ത 24 മണിക്കൂർ വളരെ നിർണായകമാണെന്നാണ് വ്യാപാരികൾ പറയുന്നത്. സ്വർണവില ഗ്രാമിന് 340 ദിർഹമായാൽ ഒരുപക്ഷെ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെ സംബന്ധിച്ച് അത് ആശ്വാസമാകും.
സാധാരണ നിലയിൽ ദുബായിൽ അക്ഷയ തൃതീയക്ക് വലിയ വിൽപനയാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഇക്കുറി വിപണിയിൽ എന്താകും സാഹചര്യം എന്ന് പ്രവചിക്കാനാകില്ല. വില കൂടുകയും കുറയുകയും ചെയ്യുന്നതിനാൽ ഇപ്പോൾ ബുക്ക് ചെയ്തിടണോ അല്ലെങ്കിൽ കാത്തിരിക്കണോയെന്ന ആശങ്കയിലാണ് സ്വർണപ്രേമികൾ. ചൈനയ്ക്കെതിരായ യുഎസ് നിലപാട് മയപ്പെടുന്നത് വരും ദിവസങ്ങളിൽ സ്വർണ വില കുറയാൻ കാരണമായേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. മാത്രമല്ല യുക്രൈൻ-റഷ്യ സമാധാനക്കരാറിനുള്ള സാധ്യത ചർച്ചകൾ പുരോഗമിക്കുന്നതും വിപണിക്ക് ആശ്വാസം പകരും.
10 ദിവസത്തോളം കാത്തിരിക്കൂ സ്വർണ വില കുറഞ്ഞേക്കും എന്നാണ് വ്യാപാരികളിൽ ഒരു വിഭാഗം നൽകുന്ന പ്രതീക്ഷ. അതേസമയം വില ഉയർന്നതോടെ യുഎഇയിലെ ഉപഭോക്താക്കൾ ഇപ്പോൾ തന്ത്രം മാറ്റിയിട്ടുണ്ട്. പുതിയ സ്വർണം വാങ്ങിക്കൂട്ടുകയാണ് പലരും. കാരണം ഏത് നിമിഷവും വില വർധിക്കും എന്നതാണ് സ്ഥിതി. അതേസമയം വില കുറയാൻ കാത്ത് നിൽക്കുന്നവരുമുണ്ട്. അക്ഷയ തൃതീയ പ്രമാണിച്ച് ഇക്കൂട്ടരെ ആകർഷിക്കാൻ പല ഓഫറുകളും ജ്വല്ലറികൾ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications