ദുബായിൽ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം?; വില പൊള്ളിക്കാതിരിക്കാൻ തന്ത്രം..ഇന്നത്തെ നിരക്കും
അബുദാബി: സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്? അന്തംവിട്ടിരിക്കുകയാണ് ദുബായിലെ വ്യാപാരികൾ. കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞതോടെ ആശ്വാസത്തിലായിരുന്നു സ്വർണപ്രേമികളും കച്ചവടക്കാരും. വരും ദിവസങ്ങളിൽ കൂടുതൽ വില ഇടിയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ യുഎസ്-ചൈന വ്യാപാരയുദ്ധം സ്വർണ വിപണിയെ ആകെ തകിടം മറിച്ചിരിക്കുകയാണ്. ഇന്ന് വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
യുഎസ് ഉൽപന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് മറ്റ് രാജ്യങ്ങൾക്ക് മേൽ പകരചുങ്കം ഏർപ്പെടുത്തിയ യുഎസ് നടപടി ഗുരുതര പ്രത്യാഘാതമാണ് ആഗോളവിപണിയിൽ ഉണ്ടാക്കിയത്. പ്രതിസന്ധി രൂക്ഷമായതോടെ ട്രംപ് ഭരണകുടം തീരുമാനത്തിൽ നിന്നും താത്കാലികമായി പിന്നോട്ട് പോയി. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേലുള്ള പകരചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചുവെന്നാണ് ബുധനാഴ്ച യുഎസ് വ്യക്തമാക്കിയത്. എന്നാൽ ചൈനയ്ക്ക് മേലുള്ള പകരചുങ്കം ഉയർത്തിയതായും യുഎസ് അറിയിച്ചു. 125 ശതമാനത്തിന്റെ വർധനവാണ് ഏർപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് ചൈനയ്ക്ക് മേൽ പകരചുങ്കം യുഎസ് ചുമത്തുന്നത്.

അതേസമയം യുഎസിന്റെ പുതിയ നീക്കവും സ്വർണത്തിന് ഇന്ന് വില ഉയരാൻ കാരണമായി. ആഗോള സാമ്പത്തിക മേഖലയിലെ കടുത്ത അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ സ്വീകാര്യത ഉയർന്നതുമാണ് വിലവർധനവിലേക്ക് നയിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾ യുഎഇയിലെ സ്വർണ വിലയേയും സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ യു എ ഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13 ദിർഹമാണ് ഉയർന്നത്. ചൊവ്വാഴ്ച ഒരു ഗ്രാമിന് 334.5 ദിർഹമായിരുന്നു വില. ഇന്ന് 347 ദിർഹമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 നായിരുന്നു രാജ്യത്ത് ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 351.75 ദിർഹമായിരുന്നു അന്ന് ഗ്രാമിന് വില.
അതേസമയം അക്ഷയതൃതീയ അടുത്തിരിക്കെ വില കുതിക്കുന്നത് കടുത്ത ആശങ്കയായിരിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഏപ്രിൽ 30 നാണ് അക്ഷയ തൃതീയ. അതുകൊണ്ട് തന്നെ മുൻകൂട്ടി സ്വർണം ബുക്ക് ചെയ്യാതെ വില കുറയുന്നത് കാത്തിരിക്കുകയാണ് സ്വർണ പ്രേമികളിൽ പലരും. വില ഈ നിലയിലാണ് ഉയരുന്നതെങ്കിൽ ഇനിയും അവർക്ക് കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും ഇവർ പങ്കുവെച്ചു.
'കഴിഞ്ഞ മൂന്ന് മാസമായി പുതിയ സ്വർണം വിൽക്കാൻ കടുത്ത പ്രയാസമാണ് നേരിടുന്നത്. ഏപ്രിൽ 30 ന് വിൽപ്പന പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാക്കും', വ്യാപാരികൾ ചൂണ്ടിക്കാട്ടി. നിലവിൽ പഴയ ആഭരണങ്ങൾ വിൽക്കാൻ ആളുകൾ മടിക്കുന്നില്ലെന്നും ഇവർ പറയുന്നു. അതേസമയം പുതിയ ആഭരണങ്ങൾ വാങ്ങുമ്പോഴാണ് വ്യാപാരത്തിൽ ലാഭം ഉണ്ടാകുന്നത്. വില ഇങ്ങനെ കുതിച്ചാൽ സാധാരണക്കാരെ സംബന്ധിച്ച് പുതിയ സ്വർണം വാങ്ങുകയെന്നത് അത്ര എളുപ്പമായിരിക്കില്ലെന്നും ഇവർ പറയുന്നു.
അതേസമയം സ്വർണപ്രേമികളെ കടകളിൽ എത്തിക്കാൻ വ്യാപരികൾ പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. ക്യാമ്പെയ്നുകൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്, പ്രമോഷനുകളും. കാരണം യുഎഇയിലെ സ്വർണ ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ കച്ചവടമാണ് അക്ഷയ തൃതീയക്ക് സംഭവിക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു.ഇതിനോടകം തന്നെ വില ഉയർന്നതോടെ വിവിധ സ്കീമുകൾ ജ്വല്ലറികൾ അവതരിപ്പിച്ചിട്ടുണ്ട്. പണിക്കൂലി കുറച്ചും പേയ്മെന്റ് ഓഫറുകൾ അവതരിപ്പിച്ചുമെല്ലാമാണ് വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്.












Click it and Unblock the Notifications