സ്വർണം മാത്രമല്ല യുഎഇയില്‍ നിന്നും മറ്റൊരു ലോഹവും വന്‍തോതില്‍ എത്തുന്നു: ഇന്ത്യക്കാർക്ക് ശരിക്കും പണി കിട്ടി
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇരുരാജ്യങ്ങള്‍ക്ക് വലിയ തോതിലുള്ള നേട്ടങ്ങളാണ് നല്‍കിയിരിക്കുന്നത്. കരാർ നിലവില്‍ വന്നതിന് പിന്നാലെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക് ഉയർന്നു. ക്രൂഡ് ഓയില്‍ ഇതര വ്യാപാരം മാത്രം 100 ബില്യണ്‍ ഡോളറിലേക്ക് ഉയർത്തുക എന്നുള്ളതാണ് ഇനിയുള്ള പ്രധാന ലക്ഷ്യം. കരാർ വിവിധ തലത്തില്‍ നേട്ടമാണെങ്കിലും ഇപ്പോഴിതാ രാജ്യത്തെ ചെമ്പ് ഉത്പാദകർ ചില ആശങ്കയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇന്ത്യയിലേക്ക് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് നിലവില്‍ യു എ ഇ. ഇതിന് പിന്നാലെയാണ് കരാറിന്റെ പിന്‍ബലത്തില്‍ യു എ ഇയില്‍ നിന്നും വലിയ തോതില്‍ ചെമ്പും എത്തി തുടങ്ങിയത്. ഇതോടെ യു എ ഇയില്‍ നിന്നുള്ള ചെമ്പ് ഇറക്കുമതി ദേശീയ ചെമ്പ് ശുദ്ധീകരണ നിക്ഷേപങ്ങൾക്ക് വലിയ തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രൈമറി കൂപ്പർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (ഐപിസിപിഎ) വാണിജ്യ മന്ത്രാലയത്തിന് കത്ത് അയക്കുകയും ചെയ്തു.

1996 മുതൽ ഹിന്ദുസ്ഥാൻ കോപ്പർ, ഹിന്ദാൽകോ, വേദാന്ത, കുത്ത് കോപ്പർ (അഡാനി ഗ്രൂപ്പ്) തുടങ്ങിയ ഇന്ത്യൻ കമ്പനികൾ 1.25 ദശലക്ഷം ടൺ ചെമ്പ് ശുദ്ധീകരണ ശേഷി കൈവരിച്ചിട്ടുണ്ട്. 2025-ലെ അനുമാനിക്കപ്പെട്ട ആവശ്യം 0.85 ദശലക്ഷം ടണ്ണ് മാത്രമാണെങ്കിലും വരും കാലയളവില്‍ ഇത് വർധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, സ്വന്തമായി ചെമ്പ് ഖനനം സ്മെൽട്ടിംഗ് അല്ലെങ്കിൽ ശുദ്ധീകരണ സൗകര്യങ്ങൾ ഇല്ലെങ്കിലും അവിടെ ഇറക്കുമതി ചെയ്ത ചെമ്പ് ഷീറ്റുകളെ റോഡാക്കി മാറ്റി, കുറഞ്ഞ ചെലവിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്ത് യു എ ഇ ലാഭം കൊയ്യുകയാണ്.
2023-ലും 2024-ലും യു എ ഇയില്‍ നിന്നുള്ള ചെമ്പ് ഇറക്കുമതി കുറവായിരുന്നു. എന്നാല്‍ 2025 മെയ് മുതൽ കോപ്പർ റോഡിനുള്ള നികുതി 2% ൽ നിന്ന് 1% ആയി കുറഞ്ഞുവെന്ന് മാത്രമല്ല 2026 മെയ്ജ് മുതൽ പൂർണമായും നീക്കം ചെയ്യുകയും ചെയ്യും. ഇതോടെ 2025-ൽ യുഎഇയിൽ നിന്നുള്ള ഇറക്കുമതി 43.45 കിലോടണ്ണിൽ നിന്ന് 86.06 കിലോടണ്‍ എന്ന രീതിയില്‍ ഇരട്ടിയായി. അഡ്വാൻസ് ഓതറൈസേഷൻ ഇല്ലാത്ത ഇറക്കുമതി 239% വർധിച്ചു. 2026-ന്റെ ആദ്യ നാല് മാസത്തിൽ തന്നെ 42.71 കിലോടണ്ണ് ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് 2025-ലെ മൊത്തം ഇറക്കുമതിയുടെ ഏകദേശം പകുതിയാണ്.
"സ്വതന്ത്രവ്യാപാര കരാർ വഴി ഇറക്കുമതി വലിയ തോതില്‍ വർധിച്ചതായി കാണാം. 2026-ൽ നികുതി പൂർണമായി നീക്കം ചെയ്താൽ കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ-ആസിയാൻ, ഇന്ത്യ-ജപ്പാൻ പോലുള്ള മറ്റ് സ്വതന്ത്ര വ്യാപാര കരാറുകളിൽ സമാനമായ പ്രവണതകൾ ഉണ്ടായി" ഐപിസിപിഎ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര വ്യാപാര കരാറിലെ താരിഫ് റേറ്റ് ക്വോട്ട (ടിആർക്യു) 85000 ടണ്ണാണ്. ഇത് വളരെ ഉയർന്ന നിരക്ക് ആയതിനാല്‍ ദേശീയ ഉൽപ്പാദകർക്ക് സംരക്ഷണം നൽകുന്നില്ല. ചൈനീസ് നിയന്ത്രിത വിതരണ ശൃംഖലകൾ യുഎഇയിലെ ചെമ്പ് ഒഴുക്കിനെ കൈകാര്യം ചെയ്യുന്നതിനാൽ, ഉൽപ്പന്ന-നിർദ്ദിഷ്ട നിയമങ്ങൾ (പിഎസ്ആർ) വഴി കുറഞ്ഞ പ്രോസസ്സിംഗുള്ള ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഡ്യൂട്ടി ഫ്രീ ആയി ഇറക്കുമതി ചെയ്യപ്പെടുന്നത് ദേശീയ വ്യവസായത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുമെന്ന് ഐപിസിപിഎ വ്യക്തമാക്കുന്നു.
പിഎസ്ആർ നിയമങ്ങളിൽ "മെൽട്ട്, കാസ്റ്റ്, റോൾഡ്" എന്നത് നീക്കം ചെയ്യുകയും, ഉത്ഭവ നിയമങ്ങൾ പുനഃപരിശോധിക്കുകയും വേണം. ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന ഭാഗിക മെറ്റീരിയലുകൾ വ്യത്യസ്ത താരിഫ് വിഭാഗത്തിൽ വരണം, കുറഞ്ഞത് 40% മൂല്യവർധന ആവശ്യമായിരിക്കണം. ചെമ്പ് വയർ റോഡിനുള്ള ടിആർക്യു 20,000 ടണ്ണായി പരിമിതപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications