സൗദി അറേബ്യ പറയുന്നു, ഞങ്ങള്‍ക്ക് സ്വർണ്ണം വേണ്ട: വാങ്ങിക്കൂട്ടുന്നത് വെള്ളി; കാരണമുണ്ട്
സമീപകാലത്ത് വിവിധ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതിലുള്ള സ്വർണമാണ് കരുതല്‍ ധനശേഖരമായി വാങ്ങിച്ചു കൂട്ടിയത്. അമേരിക്കയും റഷ്യയും മാത്രമല്ല ഇന്ത്യയും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടി. സ്വർണം വില വലിയ തോതില്‍ വർധിക്കുന്നതില്‍ നിർണ്ണായകമായതിന് പിന്നിലെ ഒരു പ്രധാന ഘടകം സെന്‍ട്രല്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്ന ഈ ഡിമാന്‍ഡായിരുന്നു.
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ 2024-ൽ സ്വർണ വാങ്ങലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി വേൾഡ് ഗോൾഡ് കൗൺസിൽ തന്നെ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 2022, 2023 വർഷങ്ങളിൽ 1,000 ടണ്ണിന് മുകളിൽ സ്വർണം വാങ്ങിയ ശേഷം, 2024-ലും ഈ പ്രവണത തുടർന്നു. 2024-ന്റെ ആദ്യ പാദത്തിൽ മാത്രം 290 ടൺ സ്വർണം സെൻട്രൽ ബാങ്കുകൾ വാങ്ങി, ഇത് 2000-ന് ശേഷമുള്ള ഏറ്റവും വലിയ ഒന്നാം പാദ വാങ്ങലാണാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

സെൻട്രൽ ബാങ്കുകൾ, പ്രത്യേകിച്ച് ചൈന, ഇന്ത്യ, തുർക്കി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകൾ, യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളെ നേരിടാനും സ്വർണം ശേഖരിക്കുന്നു. 2022-ലെ റഷ്യ-യുക്രൈൻ സംഘർഷവും റഷ്യയുടെ വിദേശ നാണയ ശേഖരം മരവിപ്പിച്ചതും ഈ പ്രവണതയ്ക്ക് കാരണമായി. സ്വർണം, പണപ്പെരുപ്പത്തിനെതിരെയുള്ള സുരക്ഷിത നിക്ഷേപമായും, ദീർഘകാല മൂല്യ സംരക്ഷണമായും കണക്കാക്കപ്പെടുന്നു.
ഇത്തരത്തില്‍ മിക്ക സെന്‍ട്രല്‍ ബാങ്കുകളും സ്വർണത്തിന് പിറകെ പോകുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് മറ്റൊരു രാജ്യത്ത് നിന്നും ഉണ്ടാകുന്നത്. സ്വർണത്തിന് പകരം വെള്ളിയിലാണ് ഇവരുടെ കണ്ണ്. മറ്റാരും അല്ല ഈ രാജ്യം. അത് ജിസിസിയിലെ പ്രമുഖ രാഷ്ട്രമായ സൗദി അറേബ്യയാണ്. ഇക്കാലയളവില്‍ വലിയ മോശമല്ലാത്ത തോതിലുള്ള വെള്ളിയാണ് സൗദി അറേബ്യ സെന്‍ട്രല്‍ ബാങ്ക് വഴി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
സൗദി അറേബ്യയുടെ കേന്ദ്ര ബാങ്ക് വെള്ളിയിൽ നിക്ഷേപം നടത്തിയിരിക്കുന്നു എന്ന വാർത്ത അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ അപ്രതീക്ഷിത നീക്കം വെള്ളിയെ സ്വർണത്തിന് പകരം ഒരു പ്രധാന ആസ്തിയായി കാണുന്നതിൽ വലിയ മാറ്റത്തിന്റെ സൂചന നൽകുന്നതായി സാമ്പത്തിക വിദഗ്ധനും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ കീർത്തൻ എ. ഷാ വ്യക്തമാക്കിയതായി ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
"സൗദി സെൻട്രൽ ബാങ്ക് വെള്ളിയിൽ ചെറിയ അളവിൽ നിക്ഷേപം നടത്തിയിരിക്കുന്നു. . ഇത് ചെറിയ തോതിലാണെങ്കിലും, ഒരു കേന്ദ്ര ബാങ്ക് വെള്ളിയിൽ നിക്ഷേപിക്കുന്നത് ശ്രദ്ധേയമാണ്," കീർത്തൻ എ. ഷാ പറഞ്ഞു. വെള്ളിയുടെ ആഗോള ഡിമാൻഡ് വർധിക്കുന്നതിനൊപ്പം വിതരണം കുറയുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതാണ് ശ്രദ്ധേയം.
വെള്ളിക്ക് ആഭരണങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, ഇലക്ട്രോണിക്സ്, 5G അടിസ്ഥാന സൗകര്യങ്ങൾ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയില്‍ നിന്നും വലിയ ഡിമാന്‍ഡാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബാറ്ററി സിസ്റ്റങ്ങൾ, ചാർജിംഗ് യൂണിറ്റുകൾ, സെൻസറുകൾ എന്നിവയിലും വെള്ളി വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അസാധാരണമായ വൈദ്യുതചാലകത കാരണം, സെമികണ്ടക്ടർ നിർമാണത്തിലും സെർവർ കൂളിംഗിലും വെള്ളി അനിവാര്യമാണ്.
2025-ലെ വേൾഡ് സിൽവർ സർവേ പ്രകാരം, 2024-ൽ 4,600 ടൺ വെള്ളിയുടെ വിതരണ കമ്മി രേഖപ്പെടുത്തി, ഇത് തുടർച്ചയായ നാലാമത്തെ വർഷത്തെ കമ്മിയാണ്. 2026-ഓടെ ഖനന ഉൽപ്പാദനം ഉയർന്ന നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, വിതരണ കമ്മി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
2025-ൽ വെള്ളി സ്വർണ്ണത്തെ മറികടന്ന് 40%ലധികം വില വർധന നേടി, ഔൺസിന് 40 ഡോളറിനടുത്തെത്തി. അതേസമയം, സ്വർണ്ണം സുരക്ഷിത നിക്ഷേപമായി തുടരുകയാണ്, ഔൺസിന് 2,500 മുതൽ 3,700 ഡോളർ വരെ വില ലക്ഷ്യമിടുന്നു. കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ വാങ്ങലും ഡോളർ-അടിസ്ഥാന രാജ്യാന്തര വ്യവസ്ഥയിൽ നിന്നുള്ള മാറ്റവും ഇതിന് കാരണമാണ്.
സ്വർണത്തേക്കാള്‍ വെള്ളിയില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പോർട്ട്‌ഫോളിയോയുടെ 8% സ്വർണ്ണത്തിലും 15% വെള്ളിയിലും നിക്ഷേപിക്കുന്നതാണ് ഉചിതം. വ്യാവസായിക വളർച്ചയ്ക്കും ആക്രമണാത്മക നേട്ടങ്ങൾക്കും വെള്ളി അനുയോജ്യമാണ്, അതേസമയം സ്വർണ്ണം വിപണി അസ്ഥിരതയ്ക്കെതിരെ സുരക്ഷ നൽകുന്നുവെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications