സ്വർണവില യുഎഇയില്‍ ഇനിയും കുറയും; ഇപ്പോള്‍ തന്നെ കേരളത്തേക്കാള്‍ ലാഭം 2693 രൂപ
അന്താരാഷ്ട്ര നിരക്കിലെ ഇടിവിന് അനുസൃതമായി ദുബായിലും സ്വർണ്ണവിലയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ബലിപെരുന്നാള്‍ അവധി ആഘോഷിക്കുന്ന രാജ്യത്ത് സ്വർണവിപണിയിലെ പുത്തന്‍ ഉണർവിനും ഈ വിലക്കുറവ് കാരണമായി. നേരത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 374-376 രൂപ എന്ന തോതിലായിരുന്നെങ്കില്‍ നിലവില്‍ 369 ദിർഹത്തിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ആശ്വാസ ഘടകം.
വില വലിയ രീതിയില്‍ ഉയർന്നതോടെ ഏഷ്യയില്‍ തന്നെ ഏറ്റവും അധികം സ്വർണ ഇടപാടുകള്‍ നടക്കുന്ന ദുബായ് ഗോള്‍ സൂക്കിലടക്കം കച്ചവടം വലിയ തോതില്‍ കുറഞ്ഞിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് വില കുറയുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ കാത്തിരുന്നതാണ് കച്ചവടം കുറയാന്‍ ഇടയാക്കിയത്. ആളുകളുടെ പ്രതീക്ഷ ശരിവെച്ചുകൊണ്ട് വില കുറഞ്ഞു. അതോടെ പെരുന്നാള്‍ ആഘോഷ കാലത്ത് ജ്വല്ലറികളില്‍ തിരക്കും അനുഭവപ്പെട്ട് തുടങ്ങി.

പ്രതീക്ഷിച്ചതിലും മികച്ച യുഎസ് സാമ്പത്തിക ഡാറ്റ ഡോളറിന്റെ മൂല്യം ഉയർത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയർന്ന തലത്തില്‍ നിന്നും സ്വർണ്ണത്തെ താഴേക്ക് ഇറക്കിയത്. യുഎസില കഴിഞ്ഞ മാസം പുതുതായി 1.39 ലക്ഷം പേർക്ക് തൊഴില്‍ ലഭിച്ചുവെന്നാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്. നിരീക്ഷകർ പ്രവചിച്ച 1.24 എന്നതിനേക്കാള്‍ ഏറെ ഉയർന്ന നിരക്കാണ് ഇത്. അതായത് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നു എന്ന സൂചനകള്‍ സ്വർണത്തിന് തിരിച്ചടിയാകുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ 3307 ഡോളർ വരേയെത്തിയ സ്വർണ വില 3290 എന്ന നിരക്കിലേക്ക് വരെ എത്തിയേക്കുമെന്ന വിലയിരുത്തലും ശക്തമാണ്. യു എ ഇ വിപണിയിലെ സ്വർണ വില അപ്പോള്‍ വീണ്ടും കുറഞ്ഞേക്കും. അമേരിക്കന്‍ വിപണിയിലെ ചലനങ്ങളായിരിക്കും അടിസ്ഥാനപരമായി ലോകത്തിലെ തന്നെ സ്വർണ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകം.
കേരളത്തിലെ സ്വർണവില
കേരളത്തിലെ സ്വർണ വില പരിശോധിക്കുകയാണെങ്കില്‍ ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ 22 കാരറ്റിന്റെ നിരക്ക് 71640 രൂപയിലേക്ക് എത്തി. വെള്ളിയാഴ്ച 73040 രൂപയായിരുന്നു വിലയാണ് രണ്ട് ദിവസം കൊണ്ട് കുത്തനെ ഇടിഞ്ഞത്. ശനിയാഴ്ച ഒറ്റയടിക്ക് 1200 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ രണ്ട് ദിവസത്തില്‍ 1400 രൂപ ഇടിഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 ആണ് ഇന്നത്തെ വില.
പവന്റെ വില 71640 രൂപയാണെങ്കില്‍ ഒരു പവന്‍ ആഭരണമായി വാങ്ങാന്‍ 77000 രൂപയോളം നല്‍കേണ്ടി വരും. 3 ശതമാനം ജി എസ് ടി, 53.10 രൂപ ഹോള്‍മാർക്കിങ് ഫീസ്, പണിക്കൂലി എന്നിവയെല്ലാം ചേർത്താണ് ആഭരണത്തിന്റെ വില ഈടാക്കുക. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം ഉണ്ടാകും. ഇത് അനുസരിച്ച് വിലയും ഉയർന്നു കൊണ്ടിരിക്കും.
വിലയിലെ വ്യത്യാസം
യു എ ഇയിലേയും കേരളത്തിലേയും വില താരതമ്യം ചെയ്യുകയാണെങ്കില്‍ പതിവ് പോലെ ചെറിയ വ്യത്യാസം കാണാന്‍ സാധിക്കും. ഗ്രാമിന് 369 ദിർഹം എന്നത് ഇന്ത്യന്‍ നിരക്കില്‍ കണക്കാകുയാണെങ്കില്‍ 8618.49 രൂപയാകും. അതായത് ഒരു പവന് 68947 രൂപ നല്‍കണ്. കേരളത്തിലെ ഇന്നത്തെ നിരക്കായ 71640 -മായുള്ള വ്യത്യാസം 2693 രൂപയുടേത്. ഇറക്കുമതി താരിഫ് 15 ല്‍ നിന്നും 6 ലേക്ക് കുറച്ചതോടെയാണ് ഇന്ത്യയിലേയും യു എ ഇയിലേയും സ്വർണ വിലയിലെ വ്യത്യാസം വലിയ തോതില്‍ കുറഞ്ഞത്. യു എ ഇയുമായുള്ള പ്രത്യേക വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ 1 ശതമാനത്തിന്റെ കൂടി ഇളവ് സ്വർണ ഇറക്കുമതിക്ക് ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications