യുഎഇ സ്വര്‍ണം കേരളത്തിലേക്കാള്‍ വില കുറവാണോ? എത്ര നാട്ടിലേക്ക് കൊണ്ടുവരാം, എന്തൊക്കെ ശ്രദ്ധിക്കണം
ദുബായ്: സ്വര്‍ണത്തിന്റെ നഗരം എന്നാണ് ദുബായ് അറിയപ്പെടുക. ഒരു സ്വര്‍ണ ഖനി പോലും ഇല്ലാത്ത രാജ്യമാണ് യുഎഇ. എന്നിട്ടും ഈ പേര് വരാന്‍ കാരണം ഇവിടെയുള്ള സ്വര്‍ണ വിപണിയാണ്. വളരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ സ്വര്‍ണം കിട്ടുക. ഇതിന് കാരണം നികുതി ഇല്ല എന്നതു തന്നെ. ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്റ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് യുഎഇയിലേക്ക് സ്വര്‍ണം എത്തുന്നത്.
എന്നാല്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവരില്‍ കൂടുതല്‍ ഇന്ത്യയ്ക്കാരും ചൈനക്കാരുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ട് രാജ്യങ്ങളും ചൈനയും ഇന്ത്യയുമാണ്. വിവിധ കാരറ്റിലുള്ള സ്വര്‍ണം യുഎഇയില്‍ ലഭിക്കും. 24, 22, 21, 18 എന്നീ കാരറ്റിലെ സ്വര്‍ണത്തിന് വ്യത്യസ്തമായ വിലയാണ് ഈടാക്കുക.

24 കാരറ്റ് എന്നത് സമ്പൂര്‍ണ സ്വര്‍ണമാണ്. എന്നാല്‍ 22 കാരറ്റ് 1000ല്‍ 916.6 സ്വര്‍ണവും ബാക്കി മറ്റേതെങ്കിലും ലോഹവുമായിരിക്കും. മറ്റു താഴ്ന്ന കാരറ്റിലുള്ള സ്വര്‍ണവും ഇതുപോലെ തന്നെ. സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞുവരികയും മറ്റു ലോഹങ്ങള്‍ കൂടി ചേര്‍ത്തതുമായിരിക്കും. 21 കാരറ്റില്‍ 875 ശതമാനം സ്വര്‍ണമുണ്ടാകും. 18 കാരറ്റില്‍ 750 ശതമാനം സ്വര്‍ണമാകും.
യുഎഇയിലെ സ്വര്‍ണം വില കുറവ്
ഒരു ദിവസം മൂന്ന് തവണ യുഎഇയിലെ സ്വര്‍ണവിലയില്‍ മാറ്റം വരാം. ഇവ വ്യാപാരികള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. യുഎഇ ദിര്‍ഹത്തിന് 23.50 രൂപയാണ് ചെലവ് വരുന്നത്. അതായത് 23.50 രൂപ കൊടുത്താലാണ് ഒരു ദിര്‍ഹം ലഭിക്കുക. യുഎഇയില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ദിര്‍ഹത്തിലാണ് വ്യാപാരം. ജൂലൈ 23ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 405.25 ദിര്‍ഹമായിരുന്നു വില. അതായത്, 9523 രൂപ. ആ ദിവസം ഇന്ത്യയില്‍ ഗ്രാമിന് 9888 രൂപയായിരുന്നു.
അതായത്, യുഎഇയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൊടുത്ത് 20 ഗ്രാം സ്വര്‍ണം വാങ്ങുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ 7000 രൂപ ലാഭം കിട്ടും. ശ്രദ്ധിക്കേണ്ട കാര്യം, ദുബായ് സെന്‍ട്രല്‍ ലബോറട്ടറി ഡിപാര്‍ട്ട്‌മെന്റ് ഇറക്കുന്ന ബരീഖ് സര്‍ട്ടിഫിക്കറ്റ് സ്വര്‍ണത്തിന് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. കേരളത്തില്‍ നിന്ന് വാങ്ങുന്നവര്‍ ഹാള്‍മാര്‍ക്കിങ് ഉണ്ടോ എന്നും പരിശോധിക്കണം.
സ്വര്‍ണം കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്
യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ട്. വലിയ അളവില്‍ വാങ്ങുന്നവര്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. എത്ര അളവിലുള്ള സ്വര്‍ണമാണെങ്കിലും ബില്ല് ആവശ്യമാണ്. ഇന്ത്യയിലേക്ക് ഒരു കിലോഗ്രാം സ്വര്‍ണം കൊണ്ടുവരുന്നവര്‍ കുറഞ്ഞത് ആറ് മാസം വിദേശത്ത് താമസിച്ചവരായിരിക്കണം എന്ന നിബന്ധനയുണ്ട്.
സ്ത്രീകള്‍ക്കും 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കും 40 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരാം. പുരുഷന്മാര്‍ക്ക് 20 ഗ്രാം സ്വര്‍ണവും. എല്ലാത്തിനും രേഖ ആവശ്യമാണ്. ഇന്ത്യയിലെ പോലെ ജിഎസ്ടി യുഎഇയില്‍ ഇല്ല. പകരം അഞ്ച് ശതമാനം വാറ്റ് നല്‍കണം. ഇത് ആ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് റീഫണ്ട് ചെയ്യാവുന്നതുമാണ്. അതായത്, ഇന്ത്യക്കാര്‍ക്ക് നികുതി ഇല്ലാതെ സ്വര്‍ണം വാങ്ങാന്‍ യുഎഇയില്‍ സാധിക്കും.
പുരുഷഷന്മാര്‍ക്ക് 20 മുതല്‍ 50 വരെ ഗ്രാമിനും സ്ത്രീകള്‍ക്ക് 40 മുതല്‍ 100 വരെ ഗ്രാമിനും മൂന്ന് ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം. പുരുഷന്‍മാര്‍ക്ക് 50 മുതല്‍ 100 വരെ ഗ്രാം വരെയും സ്ത്രീകള്‍ക്ക് 100 മുതല്‍ 200 ഗ്രാം വരെയും ആറ് ശതമാനമാണ് നികുതി. പുരുഷന്മാര്‍ക്ക് 100 ഗ്രാമിന് മുകളില്‍ 10 ശതമാനമാണ് നികുതി. സ്ത്രീകള്‍ക്ക് 200 ഗ്രാമിന് മുകളില്‍ 10 ശതമാനം കസ്റ്റംസ് നികുതി കൊടുക്കണം. കസ്റ്റംസ് നികുതി ഒടുക്കാതെ വരുന്നവര്‍ക്ക് വലിയ തുക പിഴ ലഭിക്കും. നിയമ നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.












Click it and Unblock the Notifications