സ്വർണ വില കുത്തനെ വീണു; ഇനിയും കൂപ്പുകുത്തും? ദുബായിക്കാർ എപ്പോൾ വാങ്ങണം? അറിയാം
ആഭരണപ്രിയർക്ക് ആശ്വാസം നൽകി സ്വർണവില കുറയുന്നു. ദുബായിൽ കഴിഞ്ഞ 7 ദിവസത്തിനിടെ 14 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇനിയും വില കുറയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
തിങ്കളാഴ്ച രാവിലെ സ്വർണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. യുഎസ്-യൂറോപ്യൻ യൂണിയൻ വ്യാപാരക്കരാർ വിപണിക്ക് കരുത്തേകുമെന്നും സ്വർണത്തിന്റെ പെരുമ കുറയുമെന്നുമായിരുന്നു വിലയിരുത്തൽ. എന്നാൽ വിലയിൽ വലിയ മാറ്റം പ്രകടമായില്ല. അതേസമയം ഉച്ചയോടെ ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് വില വീണ്ടും കുറഞ്ഞ് തുടങ്ങി.

ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 398.25 ദിർഹമാണ് വില. 22 കാരറ്റിന് 369, 21 കാരറ്റിന് 353.75, 18 കാരറ്റിന് 303.25 ദിർഹം എന്നിങ്ങനെയാണ് വില. ജുലൈ 10 നായിരുന്നു സ്വർണത്തിന് ഇതേ വില ഉണ്ടായിരുന്നത്. 383 ദിർഹത്തിലുണ്ടായിരുന്ന വില ആണ് ഇപ്പോൾ 369 ൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുറവ് ആശ്വാസമാണെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ വലിയ ആശ്വാസം ലഭിക്കണമെങ്കിൽ വില 350-355 ദിർഹത്തിനിടയിൽ എത്തണമെന്നും ഇവർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ചിൽ എന്തായിരുന്നോ സ്വർണ വില അവിടെയെത്താതെ വലിയൊരു തോതിലുള്ള വാങ്ങൽ ഉപഭോക്താക്കളിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ദുബായ് ഗോൾഡ് സൂക്കിൽ നിന്നുള്ള വ്യാപാരികൾ പറയുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാരയുദ്ധം അഴിച്ചുവിടുന്നതിന് മുൻപുള്ള സമയത്ത് ആഗോള വിപണയിൽ സ്വർണം ഔൺസിന് 3000 ഡോളറായിരുന്നു വില. എന്നാൽ വ്യാപാരയുദ്ധം ചൂട് പിടിച്ചതോടെ വില 3500 ഡോളർ എന്ന റെക്കോഡിലെത്തി.
അതായത് കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെയുള്ള വില വർധനവിനെ സ്വാധീനിച്ച പ്രധാന ഘടകം വ്യാപാര യുദ്ധം തന്നെയായിരുന്നു. വ്യാപാരയുദ്ധം കൂടുതൽ അയഞ്ഞാൽ മാത്രമേ ഉപഭോകതാവിന് സ്വർണം ആശ്വാസ വിലയിൽ ലഭ്യമാകുകയുള്ളൂ. സംപ്റ്റംബറോടെ വ്യാപാരയുദ്ധം പൂർണമായി അയയുമെന്നും സ്വർണ വില സാധരണ നിലയിലേക്ക് എത്തുമെന്നുമാണ് ഒരു വിഭാഗം വ്യാപാരികൾ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. സപ്റ്റംബർ എന്നത് ദുബായിയെ സംബന്ധിച്ച് പുതിയ സീസണിന്റെ തുടക്കമാണ്. നാട്ടിലേക്ക് പോയ പ്രവാസികൾ മടങ്ങിയെത്തും. വിവാഹം പോലുള്ള ആവശ്യങ്ങൾക്കുള്ള വാങ്ങലുകളും ഉയരും.
സ്വർണ വില ഇനിയും കൂപ്പുകുത്തം?
ഏപ്രിലിന്റെ തുടക്കത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഒരു ഔൺസിന് 3,000 ഡോളറിൽ താഴെയായിരുന്നു . പിന്നീട് ജൂൺ, ജൂലൈ മാസങ്ങളിൽ ഇത് 3,300 ഡോളറിനും 3,400 ഡോളറിനും ഇടയിലെത്തി. ഇന്ന് 3,318 ഡോളറിലാണ് വ്യാപാരം. വ്യാപാരയുദ്ധം മാത്രമല്ല ഇതിനിടയിൽ ഉണ്ടായ ഇസ്രായേൽ-ഇറാൻ പ്രതിസന്ധിയും സ്വർണവിലയെ വലിയ തോതിൽ സ്വാധീനിച്ചിരുന്നു.
അതേസമയം സ്വർണവിലയിൽ വലിയൊരു ഇടിവിന് സാധ്യത ഇല്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിന് മതിയായ കാരണങ്ങളും ഇവർ വിശദീകരിക്കുന്നുണ്ട്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ഒരു ഘടകം. 'ലോകത്തിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷമായി പ്രതിവർഷം 1,000 ടണ്ണിലധികം സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് ലാഭത്തിനു വേണ്ടിയല്ല, ദീർഘകാല സുരക്ഷയ്ക്ക് വേണ്ടിയാണ്', ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ഐ.ജിയിലെ ഒരു മുതിർന്ന അനലിസ്റ്റ് ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
'ഡോളറിനെ ആശ്രയിക്കുന്നത് കുറഞ്ഞുവരികയാണ്. ഇത് ആഗോളതലത്തിലുള്ള കരുതൽ ശേഖരങ്ങളുടെ രീതിയെ മാറ്റിയെഴുതും. അതേസമയം, ഇടിഎഫ് (Exchange Traded Fund) നിക്ഷേപങ്ങൾ തിരിച്ചുവരുന്നത് ശ്രദ്ധേയമാണ്. വിപണിയിലെ സാഹചര്യങ്ങൾ കൂടുതൽ ചൂടുപിടിക്കുമ്പോൾ സുരക്ഷിത നിക്ഷേപം തേടുന്നവരുടെ എണ്ണം കൂടുന്നതിന്റെ സൂചനയാണിത്', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications