ദുബായ് പൊന്ന് വാങ്ങാൻ വെറുതേയാണോ കൂട്ടയിടി;ജ്വല്ലറികളുടെ 'തന്ത്രം' 'ഇന്ത്യയിൽ മഷിയിട്ടാൽ കിട്ടില്ല
ദുബായി എന്നാൽ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് അത് സ്വർണം കൂടിയാണ്. ദുബായിലെത്തുന്ന മലയാളികൾ ഒരു തരി പൊന്നെങ്കിലും വാങ്ങാതെ നാട്ടിലേക്ക് മടങ്ങുന്ന പതിവില്ല. അതിനൊരു പ്രധാന കാരണം ഇവിടുത്തെ പോലെ അവിടെ നികുതി കൊടുക്കേണ്ടന്നതാണ്. മാത്രമല്ല പരിശുദ്ധമായ തനി തങ്കം തന്നെ അവിടെ കിട്ടും, വ്യത്യസ്തമായ ഡിസൈനുകളും സുലഭം. ഇങ്ങനെയൊക്കെ ആണെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യക്കാരുമെല്ലാം ദുബായിൽ നിന്നും സ്വർണം വാങ്ങാൻ മടിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, വില കുതിച്ചുയരുന്നത് തന്നെയാണ് ആളുകളെ ജ്വല്ലറികളിൽ നിന്നും അകറ്റുന്നത്.
വില 350 ദിർഹത്തിലെങ്കിലും തൊടാതെ സ്വർണപ്രേമികൾ ജ്വല്ലറികളിൽ എത്താൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്ന സങ്കടം. ഈ സാഹചര്യത്തിൽ ആളുകളെ പ്രത്യേകിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കാൻ 18 അടവും പയറ്റുകയാണ് ദുബായിലെ സ്വർണ വ്യാപാരികൾ.

വില കുതിപ്പെന്ന് പറഞ്ഞാൽ ഇങ്ങനേയും കുതിക്കുമോ?
കേരളത്തിൽ സ്വർണത്തിന് വില തീപ്പിടിക്കുന്നത് പോലെ തന്നെ യുഎഇയിലും നിലവിൽ സ്വർണവില റെക്കോഡ് ഉയരത്തിലാണ്. ഇന്ന് ആദ്യമായി രാജ്യത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 375 ദിർഹം കടന്നു. ഇന്ന് രേഖപ്പെടുത്തിയത് 375.25 ദിർഹമാണ്. 24 കാരറ്റിന് ഒരു ഗ്രാമിന് വില 400 ദിർഹം കടന്നു.
വലിയ കുതിപ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ച സ്വർണവില കുത്തനെ വീണിരുന്നു. അന്ന് 369 ദിർഹമായിരുന്നു രേഖപ്പെടുത്തിയത്. ഇതോട ഇനിയും സ്വർണവിലയിൽ വലിയ ഇടിവുണ്ടാകുമെന്ന പ്രവചനങ്ങൾ ശക്തമായി. പ്രത്യേകിച്ച് അക്ഷയ തൃതീയയോട് അടുത്ത് വില കുത്തനെ കുറയുമെന്നായിരുന്നു പ്രവചനങ്ങൾ. എന്നാൽ ഇത്തരം പ്രവചനങ്ങളേയെല്ലാം കാറ്റിൽ പറയത്തിയാണ് സ്വർണത്തിന് നിരക്ക് ഉയർന്നത്.
ഇറക്കുമതി തീരുവ കുറച്ചത് തിരിച്ചടി
സ്വർണ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ച ഇന്ത്യയുടെ നടപടി യു എ ഇയിലെ സ്വർണക്കച്ചവടത്തെ ഒരുപരിധി വരെ ബാധിച്ചിട്ടുണ്ടെന്നാണ് ദുബായിലെ വ്യാപാരികൾ പറയുന്നത്. തീരുവ കുറച്ചതോടെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ സ്വർണം വാങ്ങാൻ മടിക്കുന്നുണ്ട്, പോരാത്തത്തിന് സ്വർണത്തിന്റെ വില കുത്തനെ ഉയരുന്നതും ക്ഷീണം തന്നെയെന്ന് വ്യാപാരികൾ ആവർത്തിക്കുന്നു.
ശുദ്ധ സ്വർണം ആണ് ദുബായിൽ നിന്നും ലഭിക്കുന്നതെന്നത് മുൻപ് ആളുകളെ ആകർഷിച്ച ഘടകങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഹാൾമാർക്കിങ് കാര്യക്ഷമമായി നടപ്പാക്കിയതോടെ പരിശുദ്ധിയുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയുമായി മത്സരിക്കാനാകില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.
എന്നാൽ ഡിസൈനിന്റെ കാര്യത്തിൽ ഇപ്പോഴും ഇന്ത്യൻ ജ്വല്ലറികൾക്ക് ദുബായിലെ ജ്വല്ലറികളെ കടത്തിവെട്ടാൻ സാധിക്കില്ലെന്ന് പറയുകാണ് ബാഫ്ലേ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ചിരാഗോ വോറ. ആളുകളെ ആകർഷിക്കാൻ ചൈന ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നാണ് തങ്ങൾ ആഭരണങ്ങൾ എത്തിക്കുന്നതെന്നും ചിരാഗ് വൊറെയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ആളുകളെ കൂടുതലായി എത്തിക്കാൻ വൈവിധ്യമാർന്ന ഡിസൈനുകളാണ് ജ്വല്ലറികൾക്ക് കച്ചിത്തുരുമ്പ്. നിലവിൽ തുർക്കി, ഇറ്റലി, സിംഗപ്പൂർ അവിടുത്തെ പ്രാദേശിക വിപണികൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വ്യത്യസ്ത ഡിസൈനുകൾ ദുബായിൽ എത്തിക്കുന്നുണ്ടെന്ന് വ്യാപാരികൾ വെളിപ്പെടുത്തി.യൂറോപ്പിൽ നിന്നുള്ള അൾട്രാ-ഹൈ-എൻഡ് ഡിസൈനുകളും ഉണ്ട്. കൂടാതെ മധ്യവർഗത്തെ ആകർഷിക്കാൻ ടർക്കിഷ് ഡിസൈനുകളും. ലൈറ്റ് വെയ്റ്റ് ആണ് ഇവയെങ്കിലും കാണാൻ വളരെ ഹെവി ലുക്കാണെന്നും ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം ദുബായ് പോലെ ലോകസഞ്ചാരികൾ എത്തുന്നൊരു വിപണിയിൽ ഡിസൈനിനും ചെലവിനും പുറമെ ആഭരണങ്ങളുടെ ഫിനിഷിങ്ങിലും ഏറെ ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണെന്ന് ജ്വല്ലറി വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്തായാലും ദുബായിലെ ആഭരണ ഡിസൈനുകളിൽ വീഴാത്ത ഇന്ത്യക്കാർ ഉണ്ടാവില്ലെന്നും വ്യാപാരികൾ പറഞ്ഞു. ഇന്ത്യക്കാരെ കൂടാതെ ചൈന, സിംഗപ്പൂർ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ദുബായിയിലെ സ്വർണത്തിന്റെ ഗുണഭോക്താക്കളാണെന്നും വ്യാപാരികൾ വ്യക്തമാക്കി.












Click it and Unblock the Notifications