യുഎഇയില്‍ സ്വർണ വില കുത്തനെ ഇടിയുമെന്ന്: എന്ത് ചെയ്യണം? ഇപ്പോള്‍ വാങ്ങണോ? അതോ കാത്തിരിക്കണോ?
സ്വർണത്തിന്റെ വിലയിടിവ് ലോകത്തിലെ ഏറ്റവും വലിയ സ്വർണ വിപണിയായ യു എ ഇയില്‍ വ്യാപാരം വർധിപ്പിക്കുന്നു. വില കുത്തനെ ഉയർന്നതോടെ ദുബായ് ഗോള്‍ഡ് സൂക്ക് അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ കച്ചവടം വലിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ വിലയിടിവ് ആളുകളെ ജ്വല്ലറികളിലേക്ക് തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഇന്ന് യുഎഇയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 404.00 ദിർഹമായി കുറഞ്ഞു. 22 കാരറ്റ് 374.25 ദിർഹം, 21 കാരറ്റ് 359.ദിർഹം, 18 കാരറ്റ് 307.00 ദിർഹം എന്നിങ്ങനെയാണ് വില. ഏതാനും ആഴ്ചകൾക്ക് മുമ്പ് 22 കാരറ്റ് സ്വർണത്തിന്റെ വില 400 ദിർഹം കടക്കുമെന്ന് തോന്നിപ്പിച്ചിരുന്ന ഘട്ടത്തില്‍ നിന്നാണ് ഈ തരത്തിലുള്ള ഇടിവ് ഉണ്ടായിരിക്കുന്നത്.

സ്വർണത്തിന്റെ വിലയിടിവിന്റെ പ്രധാന കാരണം യു എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കുന്നതിൽ ജാഗ്രത പുലർത്തുമെന്ന പ്രസ്താവനയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ പലിശ നിരക്ക് ഉയർന്നാൽ, പലിശ ലഭിക്കാത്ത സ്വർണത്തിന്റെ ആകർഷണം കുറയും. ഇതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
ഇറാനുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സംഘർഷ ഭീഷണി സ്വർണത്തിന്റെ വിലയെ ഒരു പരിധിവരെ താങ്ങിനിർത്തുന്നത്. എന്നാൽ, ഇപ്പോൾ സാമ്പത്തിക സമ്മർദ്ദങ്ങൾ ഇതിനേയും മറികടക്കുന്നു. ഇറാന്‍-ഇസ്രായേല്‍ സംഘർഷം ഇല്ലായിരുന്നെങ്കില്‍ സ്വർണ വില മൂക്കുംകുത്തി വീഴുന്ന സാഹചര്യം ഉണ്ടായേനെ. നിലവിൽ, സ്പോട്ട് ഗോൾഡ് ഒരു ഔൺസിന് 3350 ഡോളറിനടുത്താണ് വ്യാപാരം ചെയ്യപ്പെടുന്നത്. വെള്ളിയും പ്ലാറ്റിനവും സമാനമായ പ്രവണതയാണ് കാണിക്കുന്നത്. പ്ലാറ്റിനം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ശേഷമാണ് ഇടിവുണ്ടായത്.
ഇതിന് ഇടയിലാണ് സിറ്റി അനലിസ്റ്റിന്റെ ശ്രദ്ധേയമായ ഒരു പ്രവചനവും ഉണ്ടാകുന്നത്. 2025-ന്റെ രണ്ടാം പകുതിയിൽ സ്വർണവില 20% ഇടിഞ്ഞ് 3000 ഡോളറിന് താഴെ എത്തുമെന്നാണ് അവരുടെ പ്രവചനം. 2026-ന്റെ തുടക്കം വരെ ഈ ഇടിവ് തുടരാമെന്നാണ് അവരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ യു എ ഇയിൽ സ്വർണവില 300 ദിർഹത്തിന് താഴേക്ക് എത്താം. അങ്ങനെയെങ്കില്‍ ഒരുവർഷത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ വിലയായും ഇത് മാറും
വില ഉയർന്ന് നില്‍ക്കുന്ന സമയത്ത് സ്വർണാഭരണങ്ങള്‍ വാങ്ങുന്നത് മാറ്റിവെച്ച ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ് ഇതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വരും ആഴ്ചകളിലോ മാസങ്ങളിലോ സ്വർണവില കൂടുതൽ താഴ്ന്നാൽ, അടുത്ത പ്രധാന അവധിക്കാല വിൽപ്പന സീസണിൽ വാങ്ങലുകാർ തിരക്ക് കൂട്ടിയേക്കാം. വില 300 ദിർഹത്തിനടുത്തെത്തിയാൽ ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതായി റീട്ടെയ്‌ലർമാർ പറയുന്നു.
അതേസമയം സിറ്റിയുടെ പ്രവചനം കൂടുതല്‍ വിശ്വാസത്തില്‍ എടുക്കരുതെന്ന മുന്നറയിപ്പും വിദഗ്ധർ പറയുന്നു. വലിയ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമായിരിക്കും ആ ഒരു തലത്തിലേക്ക് വില ഇടിയുകു. അല്ലാത്ത പക്ഷം ഇപ്പോഴത്തെ വിലയിടിവ് നേട്ടമാക്കുകയാണ് ആളുകള്‍ ചെയ്യേണ്ടതെന്നും ഇവർ മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിലെ ഇന്നത്തെ സ്വർണവില
അതേസമയം, കേരളത്തിലും ഇന്ന് സ്വർണ വില താഴ്ന്നു. . ഒരു പവൻ സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞ് 73680 രൂപയായി. ഒരു ഗ്രാമിന്റെ വില 55 രൂപ കുറഞ്ഞ് 9210 രൂപയിലെത്തി. ഇന്നലെ, ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 74560 രൂപയും, ഒരു ഗ്രാമിന് 9265 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില ജൂൺ 14, 15 തീയതികളിൽ രേഖപ്പെടുത്തിയ ഒരു പവന് 74560 രൂപ. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കും ഇതാണ്.












Click it and Unblock the Notifications