Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിന്റെ കഥ കഴിഞ്ഞോ? യുഎഇക്കും സൗദിക്കും പറ്റിയത് എന്ത്; പ്രവാസി പണത്തിന്റെ ഒഴുക്ക് കുറഞ്ഞു

പതിറ്റാണ്ടുകളായി സ്വന്തംനാടായ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയച്ചുകൊണ്ടിരുന്നത് ഗള്‍ഫ് നാടുകളിലെ പ്രവാസികളായിരുന്നു. വലിയ പ്രവാസി സമൂഹം വസിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായി പുരോഗതിയില്‍ വിദേശത്ത് നിന്നും എത്തുന്ന ഈ പണം നിർണ്ണായക പങ്കുവഹിച്ചു.

ഗള്‍ഫ് രാജ്യങ്ങള്‍ ദീർഘകാലം ഇന്ത്യയുടെ റെമിറ്റൻസ് (പ്രവാസികള്‍ അയക്കുന്ന പണം) സ്രോതസ്സുകളിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി ഇതില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ റെമിറ്റൻസ് സർവേ വ്യക്തമാക്കുന്നത്. ഗള്‍ഫ് നാടുകള്‍ക്ക് പകരം അഡ്വാൻസ്ഡ് ഇക്കണോമിസ് (എ ഇ) രാജ്യങ്ങളില്‍ നിന്നാണ്, അതായത് യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് 2023-24 കാലയളവിലെ മൊത്തം റെമിറ്റൻസിന്റെ പകുതിയില്‍ അധികവും സംഭാവന ചെയ്തത്.

uae-

ആർ ബി ഐ കണക്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, 2024 ൽ ഇന്ത്യൻ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് ആകെ 129.4 ബില്യൺ ഡോളർ തുകയാണ്. ഡിസംബർ പാദത്തിൽ മാത്രം ഇത് 36 ബില്യൺ ഡോളർ വരേയെത്തി. തുടർച്ചയായ മൂന്നാം വർഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളറില്‍ അധികം അയച്ചു. ലോകത്തിലെ മൊത്തം കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തില്‍ ലഭിക്കുന്ന പണത്തില്‍ തൊണ്ണൂറുകൾ മുതൽ 25 വർഷത്തിലേറെയായി ഇന്ത്യ മുന്‍നിരയിലാണ്. 2008 മുതൽ സ്ഥിരമായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.

എന്തുകൊണ്ട് കുറഞ്ഞു

ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന നാടായിട്ടും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പണം അയക്കല്‍ എന്തുകൊണ്ട് കുറഞ്ഞു എന്നുള്ളതിന് നിരവധി കാരണങ്ങളുണ്ട്. തുടക്കത്തില്‍ പറഞ്ഞത് പോലെ ചരിത്രപരമായി, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ), ഖത്തർ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ ആറ് ജിസിസി രാജ്യങ്ങളായിരുന്നു ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം അയച്ചിരുന്നത്. ഇതിനാണ് ഇപ്പോള്‍ ഇടിവ് തട്ടിയിരിക്കുന്നത്.

കോവിഡ്-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യം വ്യാപകമായ തൊഴിൽ നഷ്ടങ്ങൾക്കും ശമ്പള വെട്ടിക്കുറവിനും കാരണമായിട്ടുണ്ട്. ഇത് പണം അയക്കുന്നതിനെ കാര്യമായ രീതിയില്‍ തന്നെ ബാധിച്ചു. കൂടാതെ, വിദേശ തൊഴിലാളികളേക്കാൾ പ്രാദേശിക തൊഴിലിന് മുൻഗണന നൽകുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവത്കരണം പോലുള്ള "ദേശസാൽക്കരണ" നയങ്ങൾ ഇന്ത്യൻ കുടിയേറ്റക്കാർക്കുള്ള അവസരങ്ങൾ വലിയ തോതില്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ മനോഗതിയില്‍ വന്ന മാറ്റം

പ്രവാസികളുടെ മനോഗതിയില്‍ വന്ന മാറ്റങ്ങളും പ്രധാനമാണ്. പണ്ട് കാലങ്ങളില്‍ കഴിയാവുന്നതിന്റെ പരമാവധി പണം നാട്ടിലേക്ക് അയക്കാനായിരുന്നു പ്രവാസികള്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. അത്യാവശ്യം ചിലവുകളൊക്കെ കഴിച്ചിട്ടുള്ള തുകയാണ് നാട്ടിലേക്ക് അയക്കുന്നത്. ഒരുവിധം മെച്ചപ്പെട്ട വരുമാനമുള്ള പ്രവാസികള്‍ തങ്ങളുടെ കുടുംബത്തേയും ഗള്‍ഫിലേക്ക് കൊണ്ടുവരുന്നു. ഇതും നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ വലിയ കുറവ് വരുത്തി.

കുറഞ്ഞതിന്റെ കണക്ക് ഇങ്ങനെ

ആകെ ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസി പണത്തില്‍ യു എ ഇയുടെ പങ്ക് 2016 - 17 ൽ 26.9% ആയിരുന്നെങ്കില്‍ 2023 - 24 ൽ അത് 19.2% ആയി കുറഞ്ഞു. സൗദി അറേബ്യയുടെയും കുവൈറ്റിന്റെയും പങ്ക് യഥാക്രമം 11.6% ൽ നിന്ന് 6.7% ഉം 6.5% ഉം ആയി 3.9% ആയിട്ടാണ് കുറഞ്ഞത്. 2023 - 24 ൽ ആകെ എത്തിയ പണത്തിന്റെ 27.7 ശതമാനവും സംഭാവന ചെയ്ത അമേരിക്കയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. 2016 - 17 ൽ 22.9% ഉം 2020 - 21 ൽ 23.4% ശതമാനവുമായിരുന്നു അമേരിക്കയുടെ പങ്ക്.

വർധിച്ചത് ഇവിടെ നിന്ന്

2016 - 17 നും 2023-24 നും ഇടയിൽ, യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള പണമയയ്ക്കലിന്റെ വിഹിതം യഥാക്രമം 3% ൽ നിന്ന് 10.8%, 3% മുതൽ 3.8%, 5.5% മുതൽ 6.6% വരെ വർദ്ധിച്ചു. ജി സി സി രാജ്യങ്ങളെ അപേക്ഷിച്ച് യു എ സിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം കുറവാണെങ്കിലും, ഉയർന്ന വേതനവും (ഉയർന്ന മിനിമം വേതനം ഉൾപ്പെടെ) യു എസ് ഡോളറിന്റെ ഉയർന്ന വിനിമയ നിരക്കും പണം അയക്കല്‍ ശേഷി വർധിപ്പിക്കുന്നു.

കാനഡ, യുകെ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളിലെ രീതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രൊഫഷണലുകളാണ് ഈ രാജ്യങ്ങളില്‍ കൂടുതലായും ജോലി ചെയ്യുന്നത്. സ്വാഭാവികമായും അവരുടെ വരുമാനവും അതുവഴി നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവും ഉയർന്ന് നില്‍ക്കും.

അമേരിക്കയും യുകെയും പോലുള്ള വികസിത രാജ്യങ്ങളിലെ വികസിത സമ്പദ്‌വ്യവസ്ഥകളിലെ, പ്രത്യേകിച്ച് എസ് ടി ഇ എം (Science, technology, engineering, and mathematics) മേഖലകൾ, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകളുടെ എണ്ണം ഗള്‍ഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

നിലവിലെ ഭരണകൂടത്തിന്റെ നയങ്ങൾ കണക്കിലെടുക്കുമ്പോൾ, വികസിത രാജ്യങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച് യു എസിൽ നിന്നുള്ള പണമയയ്ക്കൽ ഇനിയും വർദ്ധിച്ചേക്കാമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടില്‍ പറയുന്നത്. ഉദാഹരണത്തിന് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ നയങ്ങൾ ഗ്രീൻ കാർഡുകൾ നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയേക്കാം. ജന്മാവകാശ പൗരത്വം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവും മുന്നിലുണ്ട്. ഈ നയങ്ങൾ പലരെയും ഭാവിയില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കാൻ നിർബന്ധിതരാക്കിയേക്കാം. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഒരു സ്ഥിര ആസ്തി കെട്ടിപടുക്കുന്നതില്‍ വലിയൊരു വിഭാഗം പ്രവാസികള്‍ ശ്രദ്ധാലുക്കളായേക്കും.

വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പണം അയക്കല്‍ നിരക്ക് കൂട്ടുന്നുണ്ട്. പഠിക്കുമ്പോൾ, വായ്പ തിരിച്ചടവുകൾ വഴിയും നേടി ജോലി നേടിയ ശേഷം അല്ലാതേയും അവർ സ്വന്തം നാട്ടിലേക്ക് പണമയക്കുന്നു. അതേസമയം തന്നെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ സമീപകാലത്ത് പാശ്ചാത്യരാജ്യങ്ങളില്‍ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോകുന്നതെന്ന റിപ്പോർട്ടുകളും നിരവധിയാണ്.

ആശങ്ക

വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരികയാണെങ്കില്‍ ക്രൂഡ് ഓയില്‍ വിലയില്‍ സമീപത്തുണ്ടായ ഇടിവും പ്രവാസികളെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നാണ്ട്. ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് സൌദി അറേബ്യയുടെ നിയോം ഉള്‍പ്പെടേയുള്ള പദ്ധതികളേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. എങ്കിലും സാമ്പത്തിക രംഗം മെച്ചപ്പെടുകയാണെങ്കില്‍ ഗള്‍ഫില്‍ നിന്നുള്ള പണം അയക്കല്‍ കൂടുതല്‍ ശക്തിപ്പെട്ടേക്കാം. നികുതി രഹിത വരുമാനം ഉറപ്പ് നല്‍കുന്നതിനാല്‍ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഗള്‍ഫില്‍ നിന്നും കൂടുതല്‍ സമ്പാദിക്കാനുള്ള അവസരവും അത് നാട്ടിലേക്ക് അയക്കാനുള്ള അവസരവും ഗള്‍ഫിലെ പ്രവാസികള്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+