ഇസ്രായേല്‍ കരാര്‍ 'മരവിപ്പിച്ച്' സൗദി..? ഇറാനോട് അടുക്കുന്നു, യുദ്ധം വഴിത്തിരിവിലേക്കോ..?
റിയാദ്: ഹമാസിനെതിരായ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലുമായുള്ള വിദേശനയത്തില്‍ പുനര്‍വിചിന്തനവുമായി സൗദി അറേബ്യ. ഇസ്രായേലുമായുള്ള കരാറുകള്‍ തല്‍ക്കാലം മരവിപ്പിച്ച് പലസ്തീനെ പിന്തുണയ്ക്കുന്ന ഇറാനുമായി കൂടുതല്‍ അടുക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത് എന്നാണ് റിയാദുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹമാസിനെതിരായ നീക്കത്തില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ സൗദി അറേബ്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ പുതിയ നീക്കം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ഇതാദ്യമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഹമാസ് ഇസ്രയേലിനെ ആക്രമിക്കുന്നതിന് മുന്‍പ് മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മ്മിക്കാവുന്ന സ്ഥിരമായ കരാറിലേക്ക് നീങ്ങുകയാണെന്ന് ഇസ്രായേല്‍, സൗദി നേതാക്കള്‍ പറഞ്ഞിരുന്നു.

സൗദി അറേബ്യ, പലസ്തീനികള്‍ക്കായി ഇസ്രായേല്‍ കാര്യമായ ഇളവുകള്‍ നല്‍കിയില്ലെങ്കിലും യുഎസ് പ്രതിരോധ ഉടമ്പടി പാളം തെറ്റാന്‍ അനുവദിക്കില്ലെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ രൂക്ഷമായ ആക്രമണമാണ് ഇതിന് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. കരാറില്‍ നിന്ന് പൂര്‍ണമായി പിന്മാറിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ തല്‍ക്കാലം തുടരാനാവില്ലെന്നാണ് സൗദി നിലപാട് എന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോള്‍ പലസ്തീനികള്‍ക്കുള്ള ഇസ്രായേല്‍ ഇളവുകളുടെ വിഷയത്തിന് വലിയ മുന്‍ഗണന നല്‍കണം എന്ന ഉപാധി സൗദി മുന്നോട്ട് വെച്ചേക്കും. പലസ്തീന്‍ പ്രശ്‌നം ഒരു പ്രധാന അറബ് ആശങ്കയായി തുടരുന്നതിനാല്‍ ഇസ്രായേലിന്റെ ഏകീകരണം ആഴത്തിലാക്കാനുള്ള വാഷിംഗ്ടണിന്റെ ശ്രമങ്ങള്‍ക്ക് സൗദിയുടെ പുനര്‍വിചിന്തനം വെല്ലുവിളിയാകും.
ഹമാസ് ആക്രമണത്തെ അപലപിക്കാന്‍ വാഷിംഗ്ടണ്‍ ഈ ആഴ്ച റിയാദില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പിന്മാറിയതായാണ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പലസ്തീനെ പിന്തുണയ്ക്കാനും മേഖലയില്‍ യുദ്ധം പടരുന്നത് തടയാനും റൈസി അഭ്യര്‍ത്ഥിച്ചു എന്നാണ് വിവരം.
ഫോണ്‍ സംഭാഷണം 45 മിനിറ്റ് നീണ്ടുനിന്നു. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. പല തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ആക്രമണം നിര്‍ത്താന്‍ തയ്യാറാകാത്തത് അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ സായുധമായ ഒരു നീക്കത്തിനും അറബ് രാജ്യങ്ങള്‍ മുതിരില്ലെങ്കിലും സമാധാന-ഐക്യ ചര്‍ച്ചകള്‍ നിലയ്ക്കാനും സാമ്പത്തിക പദ്ധതികള്‍ മന്ദഗതിയിലാകാനും സാധ്യത ഏറെയാണ്.












Click it and Unblock the Notifications