'വില കൂടിയത് നമ്മൾ ഏറുപടക്കം എറിഞ്ഞിട്ടല്ല'; ഇന്ധനവില വർധനയെ ന്യായീകരിച്ച് സുരേഷ് ഗോപി
രാജ്യത്തെ ഇന്ധനവില വർധനവിനെ ന്യായീകരിച്ചും ആഗോള സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ഇന്ധനവില കൂടിയത് നമ്മൾ ആരെങ്കിലും ഇവിടെ ഏറുപടക്കം എറിഞ്ഞിട്ടല്ലെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. രാജ്യാന്തര വിപണിയിലെ പ്രതിസന്ധികൾക്കിടയിലും വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് നേരത്തെ കേന്ദ്രം നികുതി കുറച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലെ ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ നിയന്ത്രിച്ചു നിർത്തണമെങ്കിൽ വില കൂട്ടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. എന്നാൽ വില കൂടിയാലും രാജ്യത്ത് ഇന്ധന ലഭ്യത ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇന്ധന നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർബന്ധപൂർവ്വം ആവശ്യപ്പെടാൻ കേന്ദ്രത്തിനാകില്ല. ഇന്ത്യയിലെ വിലക്കയറ്റത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവർ അയൽ രാജ്യങ്ങളിലെ ഇന്ധന നിരക്കുകൾ കൂടി നോക്കണമെന്നും അവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും വില വളരെ കുറവാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം, പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഭ്യന്തര വ്യോമയാന മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിർണായകമായ അടിയന്തര ഇടപെടൽ നടത്തിയിരിക്കുകയാണ്. വിമാന ഇന്ധന വില (ATF) നിയന്ത്രിക്കുന്നതിനായി 10,000 കോടി രൂപയുടെ വലിയൊരു 'സ്ഥിരതാ ഫണ്ട്' കേന്ദ്ര സർക്കാർ വകയിരുത്തി. പശ്ചിമേഷ്യയിലെ കടുത്ത സംഘർഷങ്ങൾ കാരണം വിമാന ഇന്ധനവില 2.5 മടങ്ങാണ് വർദ്ധിച്ചത്. ഈ സാഹചര്യത്തിലാണ് വ്യോമയാന മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര മന്ത്രിസഭ അടിയന്തര പാക്കേജ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
കഴിഞ്ഞ 2026 മാർച്ചിൽ ലിറ്ററിന് വെറും 60.5 രൂപയായിരുന്ന വിമാന ഇന്ധന നിരക്ക്, യുദ്ധപ്രതിസന്ധിയെ തുടർന്ന് മേയ് മാസമായപ്പോഴേക്കും ലിറ്ററിന് 142 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുയർന്നിരുന്നു. ഇതേത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവാത്ത വിധം വർദ്ധിക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ. പുതിയ പ്രഖ്യാപനപ്രകാരം ആഭ്യന്തര സർവീസുകൾ നടത്തുന്ന വിമാനങ്ങൾക്കുള്ള ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന യാത്രാച്ചെലവിൽ നിന്ന് വിമാന യാത്രക്കാരെയും കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആഭ്യന്തര വ്യോമയാന കമ്പനികളെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം വലിയ രീതിയിൽ സഹായകരമാകും.












Click it and Unblock the Notifications