കുവൈത്ത് അമീര്‍ ആശുപത്രിയില്‍; അടിയന്തര ആരോഗ്യ പ്രശ്‌നം... ആരാണ് ശൈഖ് നവാഫ്
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യമായ കുവൈത്തിന്റെ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ആശുപത്രിയില്‍. 86കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവശിപ്പിച്ചതെങ്കിലും ഇപ്പോള്‍ തൃപ്തികരമാണെന്ന് കുവൈത്ത് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ആരോഗ്യ പ്രശ്‌നമാണെന്ന് സൂചിപ്പിച്ചെങ്കിലും എന്താണ് അസുഖമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
2020ല്‍ കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റ ശേഷം പല തവണ ആരോഗ്യകാരണങ്ങളാല്‍ പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്.

പശ്ചിമേഷ്യയിലെ പല പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയ നേതാവായിരുന്നു അന്തരിച്ച അമീര്‍ ശൈഖ് സബാഹ്. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം ചുമത്തിയ വേളയില്‍ ഐക്യശ്രമങ്ങളുമായി ശൈഖ് സബാഹ് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ജിസിസി രാജ്യങ്ങളുടെ ഐക്യം കാണാനാകാതെയാണ് അദ്ദേഹം വിടപറഞ്ഞത്. ഊര്‍ജസ്വലനായ നേതാവായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തിയിരുന്നത്.
അതേസമയം, കുവൈത്തിലെ ശാന്തനായ ഭരണാധികാരിയായിട്ടാണ് ശൈഖ് നവാഫ് അറിയപ്പെടുന്നത്. ആരോഗ്യകാരണങ്ങളാല്‍ പലപ്പോഴും അദ്ദേഹത്തിന് കൂടുതല്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല എന്ന് പറയാം. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള പോരാണ് കുവൈത്ത് ഭരണകൂടം നേരിടുന്ന വെല്ലുവിളി. സുപ്രധാന സാമ്പത്തിക-രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് ഈ വെല്ലുവിളി തടസമാകാറുണ്ട്.
2021ല്‍ ശൈഖ് നവാഫ് എടുത്ത തീരുമാനം ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. വിമത സ്വരം ഉയര്‍ത്തിയ നേതാക്കള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ജയില്‍ ശിക്ഷ കുറച്ചുകൊടുക്കുകയും ചെയ്തു അദ്ദേഹം. വിമതരെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിക്കം. 42 ലക്ഷം ജനസംഖ്യയുടെ കുവൈത്ത് ഏറ്റവും കൂടുതല്‍ എണ്ണ ശേഖരമുള്ള ആറാമത്തെ രാജ്യമാണ്.
ഇറാഖുമായും സൗദി അറേബ്യയുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കുവൈത്ത്. 1991ല്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അധിനിവേശം നടത്തിയപ്പോഴാണ് കുവൈത്ത് അമേരിക്കയുമായി അടുത്തത്. ഇറാഖ് സൈന്യത്തെ പുറത്താക്കിയ അമേരിക്കന്‍ സൈന്യം കുവൈത്തില്‍ താവളം സ്ഥാപിച്ചു. 13500 അമേരിക്കന്‍ സൈനികരാണ് കുവൈത്തില്‍ ക്യാമ്പ് ചെയ്യുന്നത്.












Click it and Unblock the Notifications