കുവൈത്ത് ദുരന്തം: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നത യോഗം, മരണനിരക്ക് 49 ആയി
കുവൈത്ത് സിറ്റി: കുവൈത്തിലെ തീപ്പിടുത്തത്തില്‍ മരണനിരക്ക് 49 ആയി ഉയര്‍ന്നു. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പതിനൊന്ന് മലയാളികളാണ് വെന്തുമരിച്ചിരിക്കുന്നത്. ഇതില്‍ എട്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പന്തളം സ്വദേശി ആകാശ് എസ് നായര്‍, കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍, കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത്ത്, പത്തനംതിട്ട, വാഴമുട്ടം സ്വദേശി പിവി മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, കൊല്ലം വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍, നരിക്കല്‍ സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

അതേസമയം കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിദേശ കാര്യമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിക്കും.
പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം കുവൈത്തിലേക്ക് തിരിച്ചത്. മരിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും കേരളത്തില്‍ നിന്നാണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തും. ഇതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരിക്കുകയാണ്. നാളെ നടക്കാനിരുന്ന സെമിനാറും മാറ്റിയിട്ടുണ്ട്. അപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുക്കം രേഖപ്പെടുത്തി.
തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ദുരന്തത്തില്‍ അനുശോചിച്ചു. വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മമത അറിയിച്ചു. കുവൈത്തിലുള്ള ബംഗാള്‍ സ്വദേശികളുടെ വിവരങ്ങള്‍ ത ടോനും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കുവൈത്ത് ദുരന്തത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
മലയാളികളുടെ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി നോര്‍ക്ക ആസ്ഥാനത്ത് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും കുവൈത്തില്‍ഹെല്‍പ്പ് ഡെസ്‌കുമാണ് ആരംഭിച്ചത്.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.
നവീന്‍ അബ്ബാസിയ മേഖല സെക്രട്ടറി- +965 99861103
അന്‍സാരി സാല്‍മിയ മേഖലാ സെക്രട്ടറി- +965 60311882
ജിന്‍സ് തോമസ് കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി- +965 65589453












Click it and Unblock the Notifications