ലുലു ഗ്രൂപ്പ് രണ്ടും കല്‍പ്പിച്ചാണ്: ആ പ്രഖ്യാപനത്തിന് പിന്നാലെ 16, ദുബായില്‍ ഉടന്‍ ആറെണ്ണം, വന്‍ ജോലി സാധ്യത
ഐപിഒയിലുടെ യുഎഇയിലെ സകല റെക്കോർഡുകളും ഭേദിച്ച ലുലു ഗ്രൂപ്പ് തങ്ങളുടെ ബിസിനസിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണ്. കമ്പനിയുടെ വിപുലീകരണത്തിന് കൂടുതല്‍ പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരി വിപണിയിലേക്ക് കടന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാതിര കമ്പനികളുടെ പട്ടികയിലെ യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്നതാണ് ലുലു സ്വന്തമാക്കിയ പ്രധാന നേട്ടം.
റെക്കോർഡ് നേട്ടങ്ങള്‍ക്ക് പിന്നാലെ ലുലു ഗ്രൂപ്പ് ജി സി സിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. പ്രത്യേകിച്ച് യുഎയില്‍. ദുബായിലെ മോട്ടോർ സിറ്റിയിലാണ് ലുലു തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോർ തുറന്നിരിക്കുന്നത്. എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൾറഹ്മാൻ അൽ ഹജ്‌രിയും ലൈസൻസിങ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (സിറ) ഡയറക്ടർ മാജിദ് ഇബ്രാഹിം അൽ സറൂണിയും ചേർന്നാണ് പുതിയ സ്റ്റോർ പൊതുജനങ്ങള്‍ക്കായി ഔദ്യോഗികമായി തുറന്ന് നല്‍കിയത്.

കൂടുതല്‍ പ്രദേശങ്ങളില്‍ സ്റ്റോറുകള്‍ തുറക്കാന്‍ കഴിയുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നായിരുന്നു എംഎ യൂസഫലിയുടെ പ്രതികരണം. ദുബായിയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ലോകോത്തര ഷോപ്പിങ് അനുഭവം എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ലുലുവില്‍ നിക്ഷേപകർക്കുള്ള വിശ്വാസം വ്യക്തമാക്കുന്നതായിരുന്നു ലുലു റീട്ടെയിൽ ഐപിഒയ്ക്ക് ഇത്ര ശക്തമായ ഡിമാൻഡ് ലഭിക്കാന്‍ കാരണം. അതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലുലുവിൽ നിക്ഷേപകർ കാണിക്കുന്ന വിശ്വാസത്തിന് പ്രതിഫലം ലഭിക്കും. ഐ പി ഒ പ്രഖ്യാപനത്തിന് ശേഷമുള്ള 16-ാമത്തെ സ്റ്റോറാണ് ദുബായിലെ മോട്ടോർ സിറ്റിയിലെ പുതിയ ഹൈപ്പർമാർക്കറ്റ്. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 100 സ്റ്റോറുകൾ തുറക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇതില്‍ മിക്കവയും ഈ വർഷം തന്നെ പൂർത്തിയാക്കും.
ദുബായില്‍ ആറോളം പുതിയ പദ്ധതികള്‍ ഉടന്‍ തന്നെ യാഥാർത്ഥ്യമാകും. ഇത് അടക്കം പതിനഞ്ച് പ്രൊജക്ടുകളാണ് ദുബായില്‍ വരാന്‍ പോകുന്നത്. ലുലു ഗ്രൂപ്പിന്റെ റീടെയില്‍ രഗംത്തെ വികസന പദ്ധതികള്‍ കൃത്യമായ പാതയിലാണെന്നാണ് ഈ വിപുലീകരണ പദ്ധതികള്‍ വ്യക്തമാക്കുന്നത്. ലുലുവിന് നല്‍കുന്ന പിന്തുണയ്ക്ക് യു എ ഇയിലെ ഭരണാധികാരികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കി.
ലുലുവിന്റെ ദുബായ് എമിറേറ്റിലെ 26-ാമത്തേതും യുഎഇയിലെ 109-ാമത്തേതുമാണ് മോട്ടോർ സിറ്റിയിലെ പുതിയ ഹൈപ്പർമാർക്കറ്റ്. 37,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ഹൈപ്പർ മാർക്കറ്റില്‍ ഉദ്ഘാടന ദിവസം തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ദുബായിലെ റീടെയില്‍ ബിസിനസ് മേഖലയുടെ ബഹുഭൂരിപക്ഷവും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്.
പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫുഡ്, മാംസം, മത്സ്യം, ബേക്കറി ഐറ്റംസ്, ഡയറി, പിസ്സ, സ്നാക്ക്സ്, ഹോട്ട് ഫുഡ് സ്റ്റേഷനുകൾ, റോസ്റ്ററി, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി. സാധനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം പുതിയ സ്റ്റോറിലും ലഭ്യമാകും. സ്‌റ്റോറിൻ്റെ ബേക്കറിയിലും ഹോട്ട് ഫുഡ് സ്‌റ്റേഷനുകളിലും ഉപഭോക്താക്കൾക്ക് ആഗോള ഭക്ഷണ വൈവിധ്യങ്ങള്‍ തത്സമയ പാചകത്തിലുടെ അനുഭവിച്ച് അറിയാന്‍ സാധിക്കും.
അൽ ജദ്ദാഫ്, ജെഎൽടി, നാദ് അൽ ഹമർ, ദുബായ് എക്‌സ്‌പോ സിറ്റി, ഖോർഫഖാൻ, ഔദ് അൽ മുതിന എന്നിവിടങ്ങളിലായിട്ടാണ് ദുബായില്‍ ലുലുവിന്റെ ആറ് പുതിയ സ്റ്റോറ്റുകള്‍ വരാന്‍ പോകുന്നത്. ലുലു സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ, ചീഫ് ഓപ്പറേറ്റിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വിഐ, ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം എ തുടങ്ങിയവരും മോട്ടോർ സിറ്റിയിലെ സ്റ്റോർ ഉദ്ഘാടന വേളയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications