ലുലു ഗ്രൂപ്പിന് റെക്കോഡ് വരുമാനം; 7.15 ലക്ഷം കോടി..50 പുതിയ സ്റ്റോറുകൾ കൂടി വരും
റെക്കോഡ് വരുമാന നേട്ടവുമായി യുഎഇയിലെ പ്രമുഖ റീട്ടെയിലർ ഗ്രൂപ്പ് ആയ ലുലു..
2025-ൽ 7.9 ബില്യൺ ഡോളർ (29 ബില്യൺ ദിർഹം-7.15 ലക്ഷം കോടി) വരുമാനമാണ് ലുലു ഗ്രൂപ്പ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.1% വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. പുതിയ സ്റ്റോറുകൾ തുറന്നതും ശക്തമായ ഓൺലൈൻ വിൽപ്പനയുമാണ് ഈ നേട്ടത്തിന് സഹായിച്ചത്.
കമ്പനി 2025-ലെ രണ്ടാം പകുതിയിലെ ലാഭവിഹിതം ഓഹരി ഒന്നിന് 3.5 ഫിൽസായി പ്രഖ്യാപിച്ചു. ഇതോടെ, 2025-ലെ ആകെ ലാഭവിഹിതം ഓഹരി ഒന്നിന് 7 ഫിൽസായി ഉയരും. ഇത് ഏകദേശം 197 ദശലക്ഷം ഡോളറിന് (724 ദശലക്ഷം ദിർഹം) തുല്യമാണ്.

2025-ൽ ലുലു ഗ്രൂപ്പ് 20 പുതിയ സ്റ്റോറുകൾ ആരംഭിച്ചു. ഇതോടെ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലായി ലുലുവിന്റെ ആകെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 267 ആയി ഉയർന്നു. ജിസിസി മേഖലയിൽ കമ്പനിയടെ വളർച്ച എടുത്തുകാട്ടുന്നതാണ് ഈ കണക്കുകൾ. 2026-നും 2028-നും ഇടയിൽ 50 പുതിയ സ്റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയിട്ടിയിരിക്കുകയാണ് ഗ്രൂപ്പ്. ഗൾഫ് രാജ്യങ്ങളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
ലുലു റീട്ടെയിൽ സിഇഒ സൈഫി റുപാവാല പറഞ്ഞു, "ഞങ്ങളുടെ നിലവിലുള്ള സ്റ്റോറുകളും വർധിച്ചുവരുന്ന ഇ-കൊമേഴ്‌സ് സാന്നിധ്യവും ജിസിസിയിലുടനീളമുള്ള ഞങ്ങളുടെ ചിട്ടയായ വിപുലീകരണ തന്ത്രം തുടരാൻ ഞങ്ങളെ പ്രാപ്തരാക്കുന്നു."
ഇ-കൊമേഴ്‌സ് മേഖലയിൽ മികച്ച മുന്നേറ്റമാണ് ലുലു കാഴ്ചവെച്ചത്. ഓൺലൈൻ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 38.6 ശതമാനം വർധിച്ചു. നാലാം പാദത്തിൽ വളർച്ച 51.8 ശതമാനമായി ഉയർന്നു. മൊത്തം ചില്ലറ വിൽപ്പനയുടെ 7.3 ശതമാനം ഓൺലൈൻ വഴിയാണ്. സ്വന്തം ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് അഗ്രഗേറ്റർ ചാനലുകളേക്കാൾ ഇരട്ടി വേഗത്തിൽ വളർന്ന് ഈ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്.
സ്വകാര്യ ലേബൽ ഉൽപ്പന്നങ്ങൾ മൊത്തം വിൽപ്പനയുടെ 29.8 ശതമാനമായി വർദ്ധിച്ചു. 8.4 ദശലക്ഷം അംഗങ്ങളുള്ള ഹാപ്പിനസ് ലോയൽറ്റി പ്രോഗ്രാം വഴി വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും ലോയൽറ്റി ഉപഭോക്താക്കളിലൂടെയാണ് നടക്കുന്നത്.
ലുലുവിന്റെ സാമ്പത്തികനില സുദൃഢമാണ്. അറ്റ കടം 2.5 ബില്യൺ ഡോളറായി (9.18 ബില്യൺ ദിർഹം) അല്പം കുറഞ്ഞു. ഇത് ഭാവിയിലെ വിപുലീകരണങ്ങൾക്കും ഓഹരി ഉടമകൾക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും കമ്പനിയെ മികച്ച സ്ഥാനത്ത് നിലനിർത്താനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. .
'മികച്ച പ്രവർത്തന വരുമാനം ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഈ ശുഭകരമായ കാഴ്ചപ്പാടിൽ, രണ്ടാം പകുതിയിൽ ഒരു ഷെയറിന് 3.5 ഫിൽസോടെ, 2025-ൽ ഒരു ഷെയറിന് ആകെ 7 ഫിൽസ് ലാഭവിഹിതം നൽകാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്.ഇത് ഓഹരി ഉടമകൾക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വിശ്വാസവും പിന്തുണയും നേടാൻ സഹായിക്കും',. ലുലു റീട്ടെയിൽ സിഇഒ സെയ്ഫൂ റൂപേവാല പറഞ്ഞു.












Click it and Unblock the Notifications