നരേന്ദ്ര മോദി പുറപ്പെട്ടു; ആദ്യം ഈ അറബ് രാജ്യത്തേക്ക്, ശേഷം ആഫ്രിക്ക, ജയശങ്കര്‍ ഇസ്രായേലില്‍
ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തിന് പുറപ്പെട്ടു. മൂന്ന് രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. പശ്ചിമേഷ്യയും ആഫ്രിക്കയും സന്ദര്‍ശിച്ച ശേഷമായിരിക്കും നാട്ടില്‍ തിരിച്ചെത്തുക. ഈ മാസം 18നാണ് മോദി ഇന്ത്യയില്‍ തിരിച്ചെത്തുക. അതേസമയം, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് പോകും.
ഡല്‍ഹിയിലെ അന്തരീക്ഷം മോശമായത് മോദിയുടെ യാത്രയെ ബാധിച്ചിട്ടുണ്ട്. അല്‍പ്പം വൈകിയാണ് പുറപ്പെട്ടത്. അദ്ദേഹം ആദ്യം പോകുന്നത് പശ്ചിമേഷ്യയിലെ ജോര്‍ദാനിലേക്കാണ്. അബ്ദുല്ല രണ്ടാമന്‍ ഇബ്‌നു അല്‍ ഹുസൈന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ജോര്‍ദാനിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടങ്ങിയിട്ട് 75 വര്‍ഷം തികയുന്ന വേള കൂടിയാണിത്.

ഇന്ന് മോദി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ താമസിക്കും. അബ്ദുല്ല രണ്ടാമന്‍ രാജാവുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രി ജാഫര്‍ ഹസനുമായും ചര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. കിരീടവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല രാജകുമാരനുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും ഏറെ പ്രാധാന്യമുള്ളതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ജോര്‍ദാനില്‍ നിന്ന് നാളെ മോദി ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലേക്ക് പോകും. ഈ രാജ്യത്തെ മോദിയുട ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ആഫ്രിക്കയില്‍ അതിവേഗം വളരുന്ന രാജ്യമാണ് എത്യോപ്യ. പുരാതനകാലത്ത് അബ്‌സീനിയ എന്ന് അറിയപ്പെട്ടിരുന്ന ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യം ഇന്ത്യയുമായി കൂടുതല്‍ സഹകരണം ആഗ്രഹിക്കുന്നുണ്ട്.
എത്യോപ്യന്‍ പാര്‍ലമെന്റില്‍ മോദി സംസാരിക്കും
എത്യോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ നരേന്ദ്ര മോദി പ്രസംഗിക്കും. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ കുറിച്ചാകും മോദി സംസാരിക്കുക. എത്യോപ്യയുമായുള്ള സഹകരണം ഇന്ത്യയ്ക്ക് ആഫ്രിക്കന്‍ വിപണിയിലേക്കുള്ള വാതിലായി കണക്കാക്കുന്നു. എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ് അലിയുമായി മോദി ചര്‍ച്ച നടത്തും. ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം കാണും.
എത്യോപ്യയില്‍ നിന്ന് മോദി ബുധനാഴ്ച ഒമാനിലേക്ക് എത്തും. ഇന്ത്യയും ഒമാനും കഴിഞ്ഞ 70 വര്‍ഷമായി അടുത്ത സൗഹൃദത്തിലാണ്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി മോദി ചര്‍ച്ച നടത്തും. വാണിജ്യം, സാമ്പത്തിക വളര്‍ച്ച എന്നീ വിഷയങ്ങളായിരിക്കും ഒമാനില്‍ മോദി ഊന്നല്‍ നല്‍കുക. ഒമാനുമായി വ്യാപാര സഹകരണം ശക്തമായാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്ത് വേഗത്തിലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
ഒമാനും ഇന്ത്യയും സമഗ്ര പങ്കാളിത്ത വ്യാപാര കരാര്‍ (സെപ) ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനം ഉണ്ടായേക്കും. പ്രവാസികളെയും മോദി ഒമാനില്‍ വച്ച് കാണും. ഒമാന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇക്കാര്യം ഊന്നിയായിരിക്കും മോദിയുടെ പ്രസംഗം. അതേസമയം, യുഎഇയിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് വൈകീട്ട് ഇസ്രായേലില്‍ എത്തും. സുപ്രധാന ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.












Click it and Unblock the Notifications