സൗദിക്കും ഖത്തറിനും മാത്രമല്ല, ലോകത്ത് മറ്റൊരു രാജ്യത്തിനും ഇല്ലാത്ത റെക്കോർഡ് ഒമാന്: അതും ഇസ്ലാമിന്റെ പേരില്‍
സാമ്പത്തികപരമായി നോക്കുമ്പോള്‍ പശ്ചിമേഷ്യയിലെ മറ്റ് പല രാജ്യങ്ങള്‍ക്കും പിന്നിലാണെങ്കിലും പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും കാര്യത്തില്‍ അവരയെല്ലാം വെല്ലുന്ന രാജ്യമാണ് ഒമാന്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്വതന്ത്ര അറബ് രാഷ്ട്രമാണ് ഒമാന്‍. ഖത്തറും ബഹ്റൈനും യു എ ഇയുമൊക്കെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമാകുന്നത് 1970 കളുടെ തുടക്കത്തിലാണ്.
സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 1932 ലാണ് ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ആയി മാറുന്നത്. എന്നാല്‍ ഒമാന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ നൂറ്റാണ്ടുകളുടെ ചരിത്രമാണ് അവർക്ക് പറയാനുള്ളത്. 1749 ല്‍ അൽ ബു സൈദ് രാജവശം അധികാരത്തില്‍ വന്നതോടെയാണ് ഒമാൻ ആധുനിക രൂപം പ്രാപിക്കുന്നത്. ഇന്നും ഈ രാജവംശം തന്നെ രാജ്യത്ത് ഭരണം നടത്തുന്നു.

പ്രാചീന കാലത്ത് കുന്തിരുക്ക (ഫ്രാങ്കിൻസെൻസ്) വ്യാപാരത്തിന്റെ ആഗോള കേന്ദ്രമായിരുന്നു ഒമാന്‍. ധോഫാർ മേഖലയിലെ ഫ്രാങ്കിൻസെൻസ് മരങ്ങൾ ലോകത്ത് തന്നെ അപൂർവമായിരുന്നു. ഇവയുടെ പുകയിൽനിന്നും വരുന്ന അതീവ സുഗന്ധം പുരാതന കാലത്ത് ഒമാന്‍ കുന്തിരുക്കത്തിന് സ്വർണത്തിന് തുല്യമായ മൂല്യം നല്‍കിയിരുന്നുവെന്നും ചരിത്രം പറയുന്നു. ഇന്ന് സ്വർണ്ണത്തിന്റെ മൂല്യം ഇല്ലെങ്കിലും ഒമാന്റെ വിപണികളിലെ ഈ സുഗന്ധദ്രവ്യം വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
ലോകത്ത് ഭൂരിപക്ഷം ജനങ്ങൾ ഇബാദി ഇസ്‌ലാം പിന്തുടരുന്ന ഏക രാഷ്ട്രം കൂടിയാണ് ഒമാൻ. ക്രിസ്തുവർഷം 630-ൽ ഇസ്‌ലാം സ്വീകരിച്ച ഒമാൻ, മതസൗഹാർദത്തിനും സഹിഷ്ണുതയ്ക്കും എന്നും പേര് കേട്ടതാണ്. 2001 ല്‍ പൂർത്തിയാക്കിയ മസ്കറ്റിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക് പശ്ചിമേഷ്യയിലെ തന്നെ പ്രധാന വാസ്തുവിദ്യാ വിസ്മയമായി നിലകൊള്ളുന്നു.
മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് അതിശയകരമായ ഭൂപ്രകൃതിയുള്ള രാജ്യമാണ് ഒമാന്‍. ഹജർ മലനിരകളും റുബ് അൽ-ഖാലി മരുഭൂമിയലെ മണൽക്കാടുകളും നമുക്ക് ഒരേസമയം ഇവിടെ കാണാന്‍ സാധിക്കും. മണ്‍സൂണ്‍ സീസണ്‍ ദോഫാർ മേഖലയെ പച്ചപ്പിന്റെ പറുദീസയാക്കി മാറ്റുന്നു. ഈ സമയങ്ങളില്‍ മറ്റൊരു കേരളത്തേയാണ് ഭൂപ്രകൃതിയില്‍ ഇവിടെ കാണാന്‍ സാധിക്കുക.
1970-ൽ അധികാരത്തിൽ വന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദ് ആണ് ഒമാനെ ഒരു ആധുനിക രാഷ്ട്രമാക്കി മാറ്റുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വൻ നിക്ഷേപം നടത്തിയ അദ്ദേഹം രാജ്യത്തെ മിഡിൽ ഈസ്റ്റിന്റെ "സ്വിറ്റ്സർലൻഡ്" ആക്കി. 2020-ലെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അധികാരത്തില്‍ എത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖ് ഈ പൈതൃകം തുടരുന്നു.
2012-ൽ ട്രാവലർ'സ് ഡൈജസ്റ്റ് മാഗസിൻ ലോകത്തെ മികച്ച രണ്ടാമത്തെ നഗരമായി തിരഞ്ഞെടുത്തത് ഒമാന്റെ തലസ്ഥാനമായ മസ്കറ്റിനേയായിരുന്നു. പരമ്പരാഗത കച്ചവട കേന്ദ്രങ്ങള്‍ മുതൽ ആധുനിക ഷോപ്പിംഗ് മാളുകൾ വരെ അണിനിരക്കുന്നു മസ്കറ്റ് പൈതൃകവും ആധുനികതയും സമന്വയിപ്പിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. മിതവാദ യാഥാസ്ഥിതിക നയം പിന്തുടരുന്നു ഒമാന്‍ എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്തുന്നു. 1981-ൽ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (GCC) സ്ഥാപിച്ചപ്പോള്‍ സ്ഥാപക അംഗവുമായിരുന്നു.
1964 ധോഫാറില്‍ എണ്ണ കണ്ടെത്തിയത് മറ്റ് അറബ് രാഷ്ട്രങ്ങളിലേത് പോലെ തന്നെ ഒമാനിലും വികസന കുതിപ്പിന് കാരണമായി. ഒമാന്റെ സമ്പദ്‌വ്യവസ്ഥ എണ്ണ, പ്രകൃതി വാതകം എന്നിവയെ ആശ്രയിച്ചാണെങ്കിലും വിഷൻ 2040 പദ്ധതിയിലൂടെ സുൽത്താൻ ഹൈതം എണ്ണ ആശ്രിതത്വം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ടൂറിസമാണ് ഒമാന്റെ വളർന്നുവരുന്ന പ്രധാന വ്യവസായം. ഇന്ന് ഒമാന്റെ ജനസംഖ്യയിൽ 61% ഒമാനികളും 46% പ്രവാസികളുമാണ്. പ്രവസികളില്‍ വലിയൊരു വിഭാഗവും മലയാളികളുമാണ്.












Click it and Unblock the Notifications