കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് മുന്നേറ്റം: 29 സീറ്റുകളില്‍ മികച്ച വിജയം
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നിലനിർത്തി പ്രതിപക്ഷം. പുതിയ അമീറിൻ്റെ ഭരണത്തിന് കീഴില്‍ മാസങ്ങൾക്കുള്ളിൽ നടന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പിലാണ് പ്രതിപക്ഷം മേധാവിത്വം തുടരുന്നത്. 50 അംഗ അസംബ്ലിയിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾ 29 സീറ്റുകൾ നേടിയെന്നാണ് കുവൈത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കുന വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിലും സമാന നിലയിലുള്ള മുന്നേറ്റമായിരുന്നു പ്രതിപക്ഷം നടത്തിയത്.തിരഞ്ഞെടുപ്പില്‍ 11 നിയമസഭാ സാമാജികരൊഴികെ മറ്റെല്ലാവരും തങ്ങളുടെ സീറ്റുകൾ നിലനിർത്തി. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഫലങ്ങളിൽ വലിയ മാറ്റമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കുവൈറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ബദർ അൽ സെയ്ഫിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.

അർദ്ധരാത്രി വരെ നീണ്ട വോട്ടെടുപ്പില്‍ 62% പോളിംഗായിരുന്നു കുവൈത്തില്‍ രേഖപ്പെടുത്തിയത്. പത്തിലേറെ വനിതകള്‍ മത്സരിച്ച തെരഞ്ഞെടുപ്പിൽ ഒരു വനിത മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരിയാണ് വിജയിച്ച ഏക വനിത.
കുവൈത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ രണ്ട് വനിതകളിൽ ഒരാളായ ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരി നിരവധി തവണ ദേശീയ അസംബ്ലി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുവൈത്ത് പാർലമെന്റില്‍ സേവനകാര്യ, ഭവന മന്ത്രിയായും ജെനൻ മൊഹ്സിൻ റമദാൻ ബൗഷേരി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഒരു അംഗം ഭരണാധികാരിയെ അപമാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരിയിൽ കുവൈത്ത് അമീർ പാർലമെൻ്റ് പിരിച്ചുവിട്ടിരുന്നു. അബ്ദുള്‍ കരീം അല്‍ കന്ദരി എന്ന പാര്‍ലമെന്റ് അംഗം സഭയില്‍ നടത്തിയ പരാമര്‍ശമായിരുന്നു ഭരണാധികാരിയെ പ്രകോപിപ്പിച്ചത്. പരാമര്‍ശം സഭയുടെ മിനുട്‌സില്‍ നിന്ന് നീക്കാന്‍ സ്പീക്കര്‍ അഹമദ് അല്‍ സദൂന്‍ ശ്രമിച്ചെങ്കിലും അംഗങ്ങള്‍ അനുവദിച്ചില്ല. പദപ്രയോഗങ്ങള്‍ നീക്കണമെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനിന്നു.
വോട്ടിനിട്ടപ്പോള്‍ 44 എംപിമാര്‍ പരാമര്‍ശം നീക്കേണ്ടതില്ലെന്ന് നിലപാട് എടുത്തപ്പോള്‍ മൂന്ന് എംപിമാരും 12 കാബിനറ്റ് മന്ത്രിമാരും മാത്രമായിരുന്നു നീക്കണമെന്ന നിലപാട് സ്വീകരിച്ചത്. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ അമീർ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. പാർലമെന്റ് സംവിധാനം ഉണ്ടെങ്കിലും ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങൾ വർഷങ്ങളായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന രാജ്യമാണ് കുവൈറ്റ്.
ഏപ്രില്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ 21 വയസ്സ് തികഞ്ഞ 45,000 പൗരന്മാർ കൂടി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഒരു വര്‍ഷം പോലും തികയും മുമ്പ് ദേശീയ അസംബ്ലി പിരിച്ചു വിടേണ്ടി വന്നു. നാലു വര്‍ഷം കാലാവധി ശേഷിക്കെയായിരുന്നു ഭരണാധികാരിയുടെ നടപടി.












Click it and Unblock the Notifications