ദുബായ് വേറെ ലെവല്‍!! 10 ദിവസം അവധി, 3333 ദിര്‍ഹം വീതം അടച്ചാല്‍ വീട്; ഇപ്പോഴിതാ 540 കോടി യുഎഇ ദിര്‍ഹം
ദുബായ്: എന്നും വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് യുഎഇ. വിവാഹിതര്‍ക്ക് പ്രോല്‍സാഹനം നല്‍കാനും അവര്‍ക്ക് സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായുമുള്ള പിന്തുണ നല്‍കാനും തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പുതിയ പ്രഖ്യാപനം ഇതോട് അനുബന്ധിച്ചുള്ളതാണ്.
ദുബായില്‍ 3000ത്തില്‍ അധികം ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയാണ് ഇന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരിക്കുന്നത്. ശൈഖ ഹിന്ദ് ബിന്‍ത് മഖ്തൂം ഫാമിലി പ്രോഗ്രാമിന് പിന്തുണ നല്‍കിയാണ് പുതിയ പ്രഖ്യാപനം. 540 കോടി ദിര്‍ഹത്തിന്റെ ഭവന പ്രൊജക്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ദുബായ് വെഡ്ഡിങ് ഇനീഷ്യേറ്റീവില്‍ ഭാഗമാകുന്നവര്‍ക്കാകും പദ്ധതിയില്‍ മുന്‍ഗണന.

യുവജനങ്ങളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. കുടുംബങ്ങള്‍ക്ക് മാന്യമായ ഭവനം അനുവദിക്കലും ലക്ഷ്യമാണ് എന്ന് ശൈഖ് മുഹമ്മദ് എക്‌സില്‍ കുറിച്ചു. ജീവിതം സുന്ദരമാക്കാനും യുവാക്കള്‍ക്ക് നല്ല ജീവിതം ആരംഭിക്കാനും അവസരമൊരുക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഹിന്ദ് ബിന്‍ മഖ്തൂം, ഹംദാന്‍ ബിന്‍ മുഹമ്മദ്, മഖ്തൂം ബിന്‍ മുഹമ്മദ് എന്നിവര്‍ക്ക് പുറമെ താനും പൗരന്മാരുടെ നല്ല ജീവിതത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
ശൈഖ് മുഹമ്മദിന്റെ പത്‌നിയായ ശൈഖ ഹിന്ദ് തുടക്കം കുറിച്ച പദ്ധതിയാണ് ശൈഖ ഹിന്ദ് ബിന്‍ത് മഖ്തൂം ഫാമിലി പ്രോഗ്രാം. ദുബായിലെ കുടുംബങ്ങളുടെ ജീവിതം സുന്ദരമാക്കുകയാണ് ലക്ഷ്യം. സ്വദേശികള്‍ക്ക് വിവാഹ സഹായം, കുടുംബ സൗഹൃദ ജോലി പശ്ചാത്തലം, ഭവന സഹായം, സാമൂഹിക-സാമ്പത്തിക ബോധവല്‍ക്കരണം, വിദ്യാഭ്യാസം ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായുണ്ട്.
സര്‍ക്കാര്‍ ജോലിക്കാര്‍ വിവാഹം കഴിക്കുമ്പോള്‍ 10 ദിവസത്തെ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചതും ഈ പദ്ധതിയുടെ ഭാഗമാണ്. കുഞ്ഞ് ജനിച്ച ആദ്യ വര്‍ഷം മാതാവിന് വെള്ളിയാഴ്ചകളില്‍ ഓഫീസില്‍ എത്തി ജോലി ചെയ്യേണ്ടതില്ല എന്ന ഇളവുമുണ്ട്. ദുബായ് വെഡ്ഡിങ് പ്രോഗ്രാമില്‍ ഭാഗമാകുന്നവര്‍ക്ക് പ്രതിമാസം 3333 ദിര്‍ഹം പ്രീമിയം തുകയില്‍ ഭവന വായ്പ ലഭ്യമാക്കും. പ്രതിമാസ വരുമാനം 30000 ദിര്‍ഹമില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കാണ് ഈ ആനുകൂല്യം.
വിവാഹ ചെലവ് കുറയ്ക്കുന്നതിനുള്ള സൗജന്യ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി ലഭിക്കും. സ്വദേശികള്‍ക്കിടയില്‍ ജനന നിരക്ക് കുറയുന്നു എന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ ജനന നിരക്ക്, പൗരന്മാര്‍ക്കിടയില്‍ പ്രത്യുല്‍പ്പാദന തോതിലുണ്ടായ ഇടിവ്, ജനസംഖ്യാ അസന്തുലിതത്വം എന്നിവ വെല്ലുവിളിയായി തുടരുന്നുണ്ട്.
പ്രത്യുല്‍പ്പാദന തോത് കൂട്ടണമെന്നാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സമിതി ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നയം കൊണ്ടുവന്നേക്കും. യുവജനങ്ങള്‍ വിവാഹത്തോട് വിമുഖത കാണിക്കുന്നു എന്ന് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. വിവാഹിതരാകുന്നവര്‍ അതിവേഗം വേര്‍പ്പിരിയുന്ന പ്രവണതയും കൂടിയിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികള്‍.












Click it and Unblock the Notifications