അബുദാബിയിലെ ഹിന്ദുക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിച്ചു; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി
അബുദാബി: അബുദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് യുഎഇ ഭരണാധികാരികൾ അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് ക്ഷേത്രത്തിന്റെ സമർപ്പണം നടന്നത്.ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ വിഗ്രഹങ്ങളുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംസ്ഥയ്ക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം. ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കര്‍മങ്ങള്‍ക്ക് നേതൃത്വം നൽകി.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിര്‍. ബാപ്‌സ് നിർമ്മിച്ച 1,200-ലധികം ക്ഷേത്രങ്ങളിൽ ഒരേസമയം നടത്തിയ ആരതിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു. ഉദ്ഘാടനത്തിന് മുൻപ് അദ്ദേഹം ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയോടുള്ള നിങ്ങളുടെ സ്നേഹത്തിൻ്റെയും യുഎഇയുടെ ശോഭനമായ ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിൻ്റെയും പ്രതിഫലനമായാണ് ക്ഷേത്രത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഞങ്ങളുടെ ആദ്യ യോഗത്തിൽ ക്ഷേത്രേത്തെ കുറിച്ച് പരിശോധിക്കാൻ വിനീതമായൊരു അഭ്യർത്ഥന നടത്തിയിരുന്നു, 'ഏതെങ്കിലും ഭൂമിയിൽ വിരൽ വയ്ക്കൂ, നിങ്ങൾക്ക് അത് ലഭിക്കും' എന്ന് എന്നോട് പറഞ്ഞുകൊണ്ട് നിങ്ങൾ പെട്ടെന്നുള്ള തീരുമാനമെടുത്തു," പ്രധാനമന്ത്രി പറഞ്ഞു.
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 13.5 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. 2015 ലായിരുന്നു ഇത്. തുടർന്ന് നരേന്ദ്ര മോദി തന്നെയായിരുന്നു ക്ഷേത്രത്തിന് തറക്കല്ലിട്ടത്.2019-ൽ 13.5 ഏക്കർ സ്ഥലം കൂടി സംഭാവന ചെയ്തതിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്.ദുബായ് - അബുദാബി ഹൈവേയിലെ അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം.ശിലാരൂപങ്ങൾ കൊണ്ട് നിർമിച്ച 96 തൂണുകൾ ക്ഷേത്രത്തിനുണ്ട്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം. സംസ്കാരങ്ങളുടെയും മതങ്ങളുടെയും പരസ്പര ബന്ധത്തിന് അടിവരയിടുന്ന ഏഴ് പ്രധാന ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. അടുത്തിടെ അയോധ്യയില്‍ ഉദ്ഘാടനം ചെയ്ത രാമക്ഷേത്രത്തിന്റെ മാതൃകയില്‍ നഗര വാസ്തുവിദ്യയിലാണ് ഈ ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നത്. 700 കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം.












Click it and Unblock the Notifications