ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി
ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ യാത്രാ നിയന്ത്രണവുമായി ഖത്തര്‍. വിസ ഓണ്‍ അറൈവല്‍ സൗകര്യം താല്‍ക്കാലികമായി റദ്ദാക്കി. പാകിസ്താനില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം നിര്‍ത്തിവച്ത്. ഇക്കാര്യം ഖത്തറിലെ പാകിസ്താന്‍ എംബസി പൗരന്മാരെ അറിയിക്കുകയും ചെയ്തു. യാത്ര പുറപ്പെടുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് വസ്തുത മനസിലാക്കണം എന്നും എംബസി നിര്‍ദേശിച്ചു.
പാകിസ്താന്‍കാര്‍ക്ക് ഖത്തറിലേക്ക് വരുമ്പോള്‍ നേരത്തെ വിസ എടുക്കേണ്ടിയിരുന്നില്ല. ഖത്തറിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള രേഖ ലഭിക്കുമായിരുന്നു. ഇതാണ് വിസ ഓണ്‍ അറൈവല്‍. എന്നാല്‍ ഇത് താല്‍ക്കാലികമായി റദ്ദാക്കി എന്നാണ് ഖത്തറിലെ പാക് എംബസി അറിയിച്ചിരിക്കുന്നത്. രാജ്യം നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഖത്തറിന്റെ തീരുമാനം.

ഇനി മുതല്‍ ഖത്തറിലേക്ക് വരുന്ന പാകിസ്താന്‍കാര്‍ നേരത്തെ വിസ എടുക്കേണ്ടത് നിര്‍ബന്ധമാണ്. യാത്രയുടെ ആവശ്യം അനുസരിച്ച് വിസ എടുക്കേണ്ടി വരും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ തീരുമാനം സംബന്ധിച്ച് അറിഞ്ഞ ശേഷം മാത്രമേ ഒരുങ്ങാവൂ എന്നാണ് നിര്‍ദേശം. സാഹചര്യം മാറിയാല്‍ വിസ ഓണ്‍ അറൈവല്‍ പുനസ്ഥാപിച്ചേക്കാം.
ഇന്ത്യക്കാര്‍ക്കും വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ച രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് നേരത്തെ വിസ എടുക്കേണ്ടതില്ല. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി ജനസമൂഹമാണ് ഇന്ത്യക്കാര്‍. തദ്ദേശീയരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. ഇന്ത്യയുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യം കൂടിയാണ് ഖത്തര്‍. ഇന്ത്യക്കാര്‍ക്ക് ഇതുവരെ ഖത്തര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ഖത്തറിനെ ലക്ഷ്യമിട്ട് ഇന്നും ആക്രമണം
ഖത്തറിലേക്ക് ഇന്നും ഇറാന്റെ ആക്രമണം. മൂന്ന് ക്രൂയിസ് മിസൈലുകളാണ് ഇറാനില്‍ നിന്ന് വന്നത്. രണ്ടെണ്ണം ഖത്തര്‍ സൈന്യം വിജയകരമായി തകര്‍ത്തു. എന്നാല്‍ ഒന്ന് ഖത്തര്‍ എനര്‍ജി പാട്ടത്തിനെടുത്ത എണ്ണ ടാങ്കറില്‍ പതിച്ചു. 21 പേരാണ് എണ്ണ കപ്പലില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ചു എന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുദ്ധം അവസാനിക്കാന്‍ പോകുന്നു എന്ന സൂചനയാണ് അമേരിക്ക നല്‍കിയത്. രണ്ട് ആഴ്ച കൂടി കഴിഞ്ഞാല്‍ അമേരിക്കന്‍ സൈന്യം പിന്മാറും എന്നാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചന. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇറാന്‍ വിശ്വാസത്തിലെടുക്കുന്നില്ല. അമേരിക്കക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരായ ആക്രമണം തുടരും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്.












Click it and Unblock the Notifications