ഖത്തര്‍ പെടും; വരുമാനം കുറയും, ആപല്‍ക്കരമായ സൂചനകള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയിലേക്ക്
ലോകത്തെ പ്രധാന ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഈ കൊച്ചു രാജ്യത്തിന്റെ മുഖ്യ വരുമാനം വാതകമാണ്. സമാനമായ രീതിയില്‍ പണം സമ്പാദിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍ അമേരിക്ക അടുത്തിടെ നടത്തിയ നീക്കം ഈ രണ്ട് രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അമേരിക്ക അടുത്തിടെ എല്ലാ രാജ്യങ്ങള്‍ക്കുമുള്ള താരിഫ് പുനക്രമീകരിച്ചിരുന്നു. പല രാജ്യങ്ങള്‍ക്കും ഉയര്‍ന്ന താരിഫ് ചുമത്തി. ഈ രാജ്യങ്ങളുടെ ചരക്കുകള്‍ അമേരിക്കയിലേക്ക് അയക്കുമ്പോള്‍ അധിക നികുതി കൊടുക്കേണ്ടി വന്നു. പിന്നീട് നടന്ന സമവായ ചര്‍ച്ചകളുടെ ഫലമായി താരിഫ് അല്‍പ്പം കുറച്ച് ധാരണയിലെത്തി. ഇന്ത്യ ധാരണയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ 50 ശതമാനമാണ് ഇന്ത്യയ്ക്കുള്ള താരിഫ്.

അമേരിക്കയില്‍ നിന്നുള്ള ചരക്കുകള്‍ കൂടുതല്‍ ഇറക്കുമതി ചെയ്യാം എന്ന നിബന്ധനയിലാണ് പല രാജ്യങ്ങള്‍ക്കും ഡൊണാള്‍ഡ് ട്രംപ് താരിഫ് കുറച്ചുകൊടുത്തത്. അമേരിക്കയില്‍ നിന്നുള്ള ചരക്കുകള്‍ വാങ്ങാന്‍ തയ്യാറാകണം. സാധാരണ അളവില്‍ പോര എന്നും ട്രംപ് വാശി പിടിച്ചു. ഇതോടെയാണ് പല രാജ്യങ്ങളും നിബന്ധനയോടെ താരിഫ് കരാറിലെത്തിയത്.
്അതിന്റെ ഫലം കണ്ടുതുടങ്ങി എന്നാണ് പുതിയ വിവരം. അമേരിക്കയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി ഏഷ്യന്‍ രാജ്യങ്ങള്‍ കൂട്ടിയിരിക്കുകയാണ്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയും. ലോകത്തെ പ്രധാന എല്‍എന്‍ജി ഇറക്കുമതിക്കാരാണ് ഈ രണ്ട് രാജ്യങ്ങള്‍. ഇവരോട് വലിയ അളവില്‍ അമേരിക്കന്‍ വാതകം വാങ്ങണം എന്ന് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത്രയും വാങ്ങിയില്ലെങ്കിലും ഇറക്കുമതി കൂട്ടുമെന്ന് ഉറപ്പാണ്.
ഇതില്‍ തിരിച്ചടി ലഭിക്കുക ഖത്തറിനായിരിക്കും. കാരണം, ഖത്തറുമായി വാതക കരാറുള്ള രാജ്യങ്ങളാണ് ഏഷ്യയിലെ മിക്കവരും. അവര്‍ ഖത്തറില്‍ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി കൂട്ടുകയാണ് ചെയ്യുക. ആഗസ്റ്റില്‍ അമേരിക്കയില്‍ നിന്ന് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വാതക ഇറക്കുമതി എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന അളവിലെത്തി എന്ന് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.
2021ന് ശേഷം ഇത്രയും അധികം ആദ്യം
അതേസമയം, ഒക്ടോബറില്‍ ഏഷ്യയിലേക്കുള്ള അമേരിക്കയുടെ എല്‍എന്‍ജി കയറ്റുമതി 3.61 ദശലക്ഷം ടണ്‍ ആയി ഉയരുമെന്നും കെപ്ലര്‍ അനുമാനിക്കുന്നു. 2021ന് ശേഷം ഇത്രയും അധികം വരുന്നത് ആദ്യമാണ്. ഇവിടെയും നില്‍ക്കില്ല. വരുമാസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം കൂടുതല്‍ വാതകം ഇറക്കുമതി ചെയ്‌തേക്കും. അമേരിക്കയില്‍ എല്‍എന്‍ജി ഉല്‍പ്പാദനം കൂട്ടാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളുടെ ഇറക്കുമതികേന്ദ്രം മാറുമ്പോള്‍ തിരിച്ചടി ഖത്തറിനും ഓസ്‌ട്രേലിയക്കുമായിരിക്കും. ഈ രാജ്യങ്ങളുടെ വാതക വരുമാനം കുറയും. ഓസ്‌ട്രേലിയ സംബന്ധിച്ചിടത്തോളം മറ്റു ആദായ മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ ഖത്തറിനാകും പ്രധാന തിരിച്ചടി. അമേരിക്കയുടെ എല്‍എന്‍ജി ഇറക്കുമതി ജപ്പാന്‍ മൂന്നിരട്ടിയാക്കിയാല്‍ ഖത്തറില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഇരക്കുമതി 12 ദശലക്ഷം ടണ്‍ കുറയ്‌ക്കേണ്ടി വരും.












Click it and Unblock the Notifications