ഖത്തര്‍ വരും അല്ലെങ്കില്‍ യുഎഇ; പ്രതീക്ഷിച്ച് പാകിസ്താന്‍... വിറ്റഴിക്കല്‍ തുടരും, ലിസ്റ്റില്‍ പിഐഎ
സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്‍. സര്‍ക്കാരുകള്‍ മാറി വന്നിട്ടും ഈ വെല്ലുവിളി മറികടക്കാന്‍ സാധിച്ചിട്ടില്ല. സൈന്യം സര്‍ക്കാര്‍ കാര്യങ്ങളില്‍ പലപ്പോഴും ഇടപെട്ടിട്ടുള്ള ചരിത്രമുണ്ട് പാകിസ്താന്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല, സൈന്യവും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
പ്രതിസന്ധി തരണം ചെയ്യാന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) സഹായിച്ചെങ്കിലും കടുത്ത നിബന്ധനയാണ് മുന്നോട്ട് വച്ചത്. ഫണ്ട് കൂടുതല്‍ കണ്ടെത്തണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുനഃസംഘടിപ്പിക്കണമെന്നുമായിരുന്നു നിബന്ധന. 700 കോടി ഡോളറിന്റെ സഹായമാണ് ഐഎംഎഫ് പ്രഖ്യാപിച്ചത്. നിബന്ധന പാലിക്കാന്‍ പാകിസ്താന്‍ കണ്ടെത്തിയ മാര്‍ഗം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ്. പക്ഷേ, ആര് വാങ്ങും?...

പ്രതിസന്ധിയിലുള്ള രാജ്യത്ത് നിക്ഷേപം ഇറക്കാന്‍ ഒരു ബിസിനസുകാരും തയ്യാറാകുന്നില്ല എന്നതാണ് പാകിസ്താന്‍ നേരിടുന്ന വെല്ലുവിളി. പിന്നീടാണ് വിദേശ രാജ്യങ്ങള്‍ക്ക് ഉപാധികളോടെ സര്‍ക്കാര്‍ സംരംഭങ്ങള്‍ വില്‍ക്കാമെന്ന് ധാരണയായത്. പതിവ് പോലെ ഇക്കാര്യത്തിലും പ്രതീക്ഷ ഗള്‍ഫ് രാജ്യങ്ങളെയാണ്. പാകിസ്താന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചും എണ്ണ ശുദ്ധീകരണ ശാലകള്‍ ഒരുക്കിയും ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ സഹകരിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ സഹായങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ പര്യാപ്തമായിട്ടില്ല. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ)യുടെ ഓഹരി വില്‍ക്കാനാണ് തീരുമാനം. പ്രാദേശികമായി ലേലത്തിന് വച്ചെങ്കിലും ഓഫര്‍ ചെയ്ത സംഖ്യ വളരെ ചെറുതാണ്. അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളെയാണ് ഇനി പ്രതീക്ഷ.
പാകിസ്താന്‍ എയര്‍ലൈനും വലിയ സാമ്പത്തിക ഞെരുക്കത്തിലാണ്. അതുകൊണ്ടുതന്നെ വന്‍തുക നല്‍കി ഓഹരി വാങ്ങാന്‍ ഒരു കമ്പനികളും തയ്യാറായിട്ടില്ല. 1000 കോടി രൂപയാണ് ബ്ലൂ വേള്‍ഡ് കണ്‍സോര്‍ഷ്യം എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി വച്ച ലേലത്തുക. ഇത് കുറവാണ് എന്ന് വിലയിരുത്തിയാണ് സര്‍ക്കാരിന്റെ പ്രൈവറ്റൈസേഷന്‍ കമ്മീഷന്‍ ലേലം തള്ളിയത് എന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വിമാന കമ്പനിയുടെ 51 മുതല്‍ 100 ശതമാനം ഓഹരികള്‍ വരെ വിറ്റഴിക്കാനാണ് പാകിസ്താന്‍ ഭരണകൂടത്തിന്റെ തീരുമാനം. 60 ശതമാനം ഓഹരി വാങ്ങാമെന്ന് ബ്ലൂ വേള്‍ഡ് കണ്‍സോര്‍ഷ്യം അറിയിച്ചെങ്കിലും നിര്‍ദേശം തള്ളി. ഇനി ഏതെങ്കിലും വിദേശരാജ്യത്തിന് വിമാന കമ്പനി കൈമാറാം എന്നാണ് പാകിസ്താന്റെ ആലോചന. സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക കരാറുണ്ടാക്കി യുഎഇക്കോ ഖത്തറിനോ കൈമാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ മാസം 30ന് പുതിയ താല്‍പ്പര്യ പത്രം ഇറക്കും. ഒക്ടോബറില്‍ തുടങ്ങിയ ലേലത്തിന് ആറ് ഗ്രൂുപ്പുകള്‍ യോഗ്യത നേടിയിരുന്നു. എന്നാല്‍ ലേലം സമര്‍പ്പിച്ചത് ബ്ലൂ വേള്‍ഡ് മാത്രമാണ്. അവര്‍ സമര്‍പ്പിച്ച തുക വളരെ കുറഞ്ഞുപോയി. 8500 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വകാര്യവല്‍ക്കരണ ചുമതലയുള്ള മന്ത്രി അബ്ദുല്‍ ഹക്കീം ഖാന്റെ അധ്യക്ഷതയില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ഈ യോഗമാണ് വിദേശരാജ്യങ്ങള്‍ക്ക് വില്‍ക്കാമെന്ന ധാരണയിലെത്തിയതത്രെ. മന്ത്രിസഭാ സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ നടപടികള്‍ വേഗത്തിലാകും.












Click it and Unblock the Notifications