യുഎഇ കടത്തിക്കൊണ്ടുപോയി; എസ്ടിസി നേതാവ് പോയത് സോമാലിലാന്റ് വഴി എന്ന് സൗദി അറേബ്യ
റിയാദ്: യമനിലെ എസ്ടിസി മേധാവി ഐദറൗസ് അല്‍ സുബൈദി യുഎഇയിലേക്ക് കടന്നുവെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം. യുഎഇ ഇദ്ദേഹത്തെ കടത്തിക്കൊണ്ടുപോകുകയാണ് ചെയ്തത് എന്ന് സഖ്യം പ്രസ്താവനയില്‍ പറയുന്നു. സൗദിയും യുഎഇയും യമന്‍ വിഷയത്തില്‍ ഭിന്ന ചേരിയില്‍ നില്‍ക്കവെയാണിത്.
യമന്‍ വിഷയത്തില്‍ റിയാദില്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഈ വേളിയിലാണ് എസ്ടിസി മേധാവി യുഎഇയിലേക്ക് കടന്നിരിക്കുന്നത്. ചര്‍ച്ച നടക്കാന്‍ സാധ്യതയില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സോമാലിലാന്റ് വഴിയാണ് അല്‍ സുബൈദി യുഎഇയില്‍ എത്തിയതെന്ന് സൗദി സഖ്യം ആരോപിക്കുന്നു. യുഎഇയോ എസ്ടിസിയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

യമനിലെ രാഷ്ട്രീയ നേതാക്കള്‍ മൂന്ന് ചേരിയായി തിരിഞ്ഞിരിക്കുകയാണ്. സൗദി സഖ്യം പിന്തുണയ്ക്കുന്ന ഔദ്യോഗിക വിഭാഗം, യുഎഇ പിന്തുണയ്ക്കുന്ന എസ്ടിസി, ഇറാന്‍ പിന്തുണയ്്ക്കുന്ന ഹൂത്തികള്‍ എന്നിവയാണ് മൂന്ന് വിഭാഗം. ഹൂത്തികളെ നേരിടാന്‍ ഒറ്റക്കെട്ടായി പോരാടുകയായിരുന്നു സൗദിയും യുഎഇയും. അതിനിടെയാണ് ഭിന്നത രൂപപ്പെട്ടത്.
തെക്കന്‍ യമന്‍ കേന്ദ്രീകരിച്ച് പഴയ രാജ്യം വേണമെന്ന ആവശ്യം എസ്ടിസി ഉന്നയിച്ചു. മാത്രമല്ല, സൗദി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഇവര്‍ പിടിച്ചടക്കുകയും ഔദ്യോഗിക സേനയെ ആക്രമിക്കുകയും ചെയ്തു. ഇതില്‍ ആശങ്കയിലായ സൗദി സൈന്യം എസ്ടിസിയുടെ നിയന്ത്രണത്തിലുള്ള അല്‍ മുകല്ല തുറമുഖം ആക്രമിക്കുകയായിരുന്നു. യുഎഇയില്‍ നിന്ന് ഇവിടെ എത്തിയ കപ്പലും ആക്രമിച്ചു.
അല്‍ സുബൈദി രക്ഷപ്പെട്ടത് ഇങ്ങനെ
സൗദിയുടെ ആവശ്യം പരിഗണിച്ച് യുഎഇ സൈന്യം യമനില്‍ നിന്ന് പിന്മാറി. എന്നാല്‍ എസ്ടിസിക്ക് അവര്‍ ഇപ്പോഴും പിന്തുണ നല്‍കുന്നുണ്ട്. എസ്ടിസി നേരത്തെ പിടിച്ചടക്കിയ സ്ഥലങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് എസ്ടിസി നേതാവ് അല്‍ സുബൈദി യുഎഇയിലേക്ക് കടന്നിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഏദന്‍ തുറമുഖത്ത് നിന്ന് കപ്പലിലാണ് സോമാലിലാന്റിലെ ബെര്‍ബറ തുറമുഖത്ത് അല്‍ സുബൈദി എത്തിയത് എന്ന് സൗദി സഖ്യസേന പറയുന്നു. അവിടെ നിന്ന് യുഎഇ ഉദ്യോഗസ്ഥര്‍ക്കൊപ്പം വിമാനത്തില്‍ സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെത്തി. ശേഷം യുഎഇയിലേക്ക് വിമാനത്തില്‍ പറയുന്നു.
ഈ വിമാനം തിരിച്ചറിയല്‍ സംവിധാനം ഓഫ് ചെയ്താണ് വിമാനം യാത്ര ചെയ്തതത്രെ. ഒടുവില്‍ അബുദാബിയിലെ അല്‍ റീഫ് സൈനിക വിമാനത്താവളത്തിലാണ് വിമാനം എത്തിയതെന്നും സൗദി സഖ്യം പ്രസ്താവനയില്‍ പറയുന്നു. സൗദി സഖ്യം പറയുന്നത് ശരിയാണെങ്കില്‍ സൗദിയും യുഎഇയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുമെന്നാണ് മനസിലാകുന്നത്.
സൗദി അറേബ്യയുടെ നേതൃത്വത്തില്‍ റിയാദില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ എസ്ടിസി പറഞ്ഞിരുന്നു. അതിനിടെയാണ് നേതാവ് രാജ്യം വിട്ടത്. ഇതോടെ ചര്‍ച്ച നടക്കില്ലെന്നാണ് കരുതുന്നത്. മേഖലയില്‍ ഭിന്നത രൂക്ഷമാകുകയും ചെയ്യും. സമാധാന പാത സ്വീകരിക്കണം എന്ന് ഒമാനും ഖത്തറും അയല്‍രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications