സൗദി അറേബ്യ ഞെരുങ്ങുന്നു; ഇന്ത്യയ്ക്ക് തിരിച്ചടിയായി എണ്ണവില അരാംകോ ഉയര്‍ത്തി, അമേരിക്കയെ തൊട്ടില്ല
റിയാദ്: ക്രൂഡ് ഓയില്‍ വരുമാനം കുറഞ്ഞതോടെ സൗദി അറേബ്യ പ്രതിസന്ധി നേരിടുന്നു. ഏഷ്യയിലേക്ക് വിതരണം ചെയ്യുന്ന എണ്ണയുടെ വില കൂട്ടാനാണ് പുതിയ തീരുമാനം. ചൈന, ഇന്ത്യ പോലുള്ള പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണിത്. കഴിഞ്ഞ മാസം ഏഷ്യയിലേക്കുള്ള എണ്ണയ്ക്ക് വില കുറയ്ക്കുകയാണ് സൗദി ചെയ്തിരുന്നത്. ഇത്തവണ തീരുമാനം മാറ്റി.
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കെയാണ് സൗദിയുടെ പുതിയ തീരുമാനം. വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള സൗദിയുടെ പ്രധാന ക്രൂഡ് ആയ അറബ് ലൈറ്റ് ഗ്രേഡിന്റെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ എണ്ണ വാങ്ങി സൂക്ഷിക്കാന്‍ കാത്തിരിക്കുന്ന ഇന്ത്യയ്ക്ക് ചെലവ് കൂട്ടുന്ന നീക്കമാണിത്. ഇന്ത്യ ഇതിന് മറുമരുന്ന് കാണുമെന്നാണ് സൂചന.

ജൂണില്‍ ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡ് ഓയില്‍ വിലയാണ് സൗദി അറേബ്യ വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു ബാരലിന് 20 സെന്റ് ആണ് കൂട്ടിയിരിക്കുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ബാരലിന് 30 സെന്റ് കൂട്ടുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. അമേസമയം, അമേരിക്ക, യൂറോപ്പ് എന്നിവര്‍ക്ക് നല്‍കുന്ന എണ്ണയുടെ വില കുറയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞമാസം ഇവര്‍ക്ക് ഉയര്‍ന്ന വിലയ്ക്കാണ് എണ്ണ നല്‍കിയുരന്നത്.
എണ്ണ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്
സമീപകാലത്ത് ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതാണ് ഇതിന് ഒരു കാരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ട വ്യാപാര പോരാണ് മറ്റൊരു കാരണം. ഈ വര്‍ഷം മാത്രം എണ്ണവില 20 ശതമാനം കുറഞ്ഞിട്ടുണ്ട്. എണ്ണ വില കുറയ്ക്കണം എന്ന് നിരന്തരം ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ മാസം സൗദിയിലെത്തുന്ന ട്രംപിനെ സന്തോഷിപ്പിക്കാനാണ് സൗദിയുടെ നീക്കം.
ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ എണ്ണ ഉല്‍പ്പാദനത്തില്‍ ക്വാട്ട സമ്പ്രദായമുണ്ട്. ഇത് ലംഘിച്ച് കസാഖിസ്താനും ഇറാഖും ഉല്‍പ്പാദിപ്പിച്ചതാണ് സൗദിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ജൂണ്‍ മുതല്‍ 4.11 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ഒപെക് തീരുമാനിച്ചത്. ഇനിയും ക്വാട്ട ലംഘിച്ചാല്‍ വിപണിയില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കാന്‍ അറിയാമെന്ന് സൗദി മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവത്രെ.
കൂടുതലായി എണ്ണ വിപണിയില്‍ എത്തുന്നതോടെ വില കുത്തനെ കുറയുകയാണ്. 60 ഡോളറിലാണ് ഇപ്പോള്‍ ബ്രെന്റ് ക്രൂഡ് വില്‍പ്പന നടത്തുന്നത്. രണ്ട് മാസം മുമ്പ് 83 ഡോളര്‍ വരെയുണ്ടായിരുന്നു. ഇത്രയും വില കുറഞ്ഞത് കാരണം സൗദിയുടെ ബജറ്റ് പദ്ധതികള്‍ പോലും പ്രതിസന്ധിയിലാണ്. വിഷന്‍ 2030ന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിയുടെ പാളുന്ന ബജറ്റ്
ഒരു ബാരലിന് 96 ഡോളര്‍ വരെ എത്തിയാല്‍ മാത്രമാണ് സൗദി അറേബ്യയുടെ ബജറ്റ് പദ്ധതികള്‍ സുഗമമായി നടപ്പാക്കാന്‍ സാധിക്കുക. ടൂറിസം, ജോലി ഒരുക്കല്‍, വ്യവസായ വികസനം എന്നിവയെല്ലാം സൗദിയില്‍ പ്രതിസന്ധിയിലാണ് എന്നാണ് വിവരം. 2025ല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സൗദിയുടെ ബജറ്റ് കമ്മി 58.7 ബില്യണ്‍ റിയാല്‍ ആണ് എന്ന് ധനമന്ത്രാലയം അറിയിച്ചു. എണ്ണവരുമാനം 18 ശതമാനമാണ് കുറഞ്ഞത്. അതായത്, 149 ബില്യണ്‍ റിയാല്‍ കുറഞ്ഞു.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സൗദി അറേബ്യയുടെ വരുമാനം 263.6 ബില്യണ്‍ റിയാല്‍ ആണ്. എന്നാല്‍ ചെലവ് 322.3 ബില്യണ്‍ റിയാലും. വരവിനേക്കാള്‍ ചെലവ് കൂടുന്നത് സാമ്പത്തിക ഭദ്രത തകര്‍ക്കും. ഈ വെല്ലുവിളി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യയിലേക്കുള്ള എണ്ണയുടെ വില കൂട്ടിയിരിക്കുന്നത്.
മാത്രമല്ല, എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും സൗദി നടപ്പാക്കി വരികയാണ്. പ്രവാസികള്‍ കൂടുതലുള്ള രാജ്യമായതിനാല്‍ സൗദിയിലെ സാമ്പത്തിക ഞെരുക്കം പരോക്ഷമായി ഇന്ത്യയെയും ബാധിക്കും. മാത്രമല്ല, ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനത്താണ് സൗദി. മറ്റു രാജ്യങ്ങളെയും ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.












Click it and Unblock the Notifications