സൗദി അറേബ്യ വരെ പോകണം, 10 സെന്റ് സ്ഥലം വാങ്ങണം; ആ കാലം വിദൂരമല്ല, പുതിയ തീരുമാനം
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാനും കെട്ടിടം പണിയാനുമെല്ലാം അനുമതി നല്‍കുന്നു. സൗദിയുടെ മന്ത്രിസഭ ഇക്കാര്യത്തില്‍ സുപ്രധാന തീരുമാനം എടുത്തു. വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കാന്‍ അംഗീകാരം നല്‍കുന്ന പുതിയ നിയമത്തിന് മന്ത്രിസഭ അനുമതി നല്‍കി. വരുമാന മാര്‍ഗങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സൗദി ഭരണകൂടത്തിന്റെ നീക്കം.
നിലവില്‍ എണ്ണയുടെ വിലയെയും ലാഭത്തെയും ആശ്രയിച്ചാണ് സൗദിയുടെ സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നത്. എണ്ണ വില്‍പ്പന രംഗത്തേക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തുന്നത് കൊണ്ട് വലിയ വരുമാനം ഇതില്‍നിന്ന് എക്കാലത്തും ലഭിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി. ഇതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാം...

സൗദി അറേബ്യയിലെ പൗരന്മാര്‍ അല്ലാത്തവര്‍ക്കും സൗദിയില്‍ സ്ഥലം വാങ്ങുന്നതിന് അനുമതി നല്‍കുന്നതാണ് പുതിയ നിയമം. 2026 ജനുവരി മുതലാണ് നിയമം നടപ്പാക്കുക എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇതുവഴി ആഗോള കോര്‍പറേറ്റ് ശക്തികള്‍ സൗദിയിലേക്ക് വരുമെന്ന് കരുതുന്നു.
വിശുദ്ധ നഗരങ്ങളായ മക്കയും മദീനയുമെല്ലാം സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ഭൂമി വാങ്ങാന്‍ കൂടുതല്‍പേര്‍ താല്‍പ്പര്യപ്പെടാനുള്ള സാധ്യത അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. മക്കയിലും മദീനയിലും ഭൂമി വാങ്ങുന്നതിന് അനുമതി ലഭിച്ചേക്കില്ല എന്നാണ് വിവരം. പകരം തിരഞ്ഞെടുത്ത മേഖലകളിലായിരിക്കും സ്ഥലം വാങ്ങാന്‍ അനുമതി.
റിയാദിലും ജിദ്ദയിലുമുള്ള ഭൂമി
റിയാദിനും ജിദ്ദയിലുമുള്ള തിരഞ്ഞെടുത്ത മേഖലകളിലാകും ഭൂമി വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതി ലഭിക്കുക എന്നാണ് വിവരം. ഏതൊക്കെ സ്ഥലങ്ങള്‍ ഇതിനുവേണ്ടി അനുവദിക്കാം എന്നത് സംബന്ധിച്ച് റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി വിശദമായ വിവരങ്ങള്‍ ആറ് മാസത്തിനകം പുറത്തുവിടും. ഭൂമി വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയാന്‍ ഇനിയും കാത്തിരിക്കണം.
എല്ലാ ആവശ്യങ്ങള്‍ക്കും ഭൂമി വില്‍ക്കാന്‍ സാധ്യത കുറവാണ്. പകരം വ്യവസായ ആവശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഗുണമുണ്ടാകുന്നതിനാകും മുന്‍ഗണന. ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായം തേടുമെന്നാണ് വിവരം. അസ്തിത്‌ല പ്ലാറ്റ്‌ഫോം വഴിയാകും അഭിപ്രായങ്ങള്‍ സ്വരൂപിക്കുക.
സ്ഥലം വാങ്ങുന്നതിന് അപേക്ഷ നല്‍കേണ്ടത് എങ്ങനെ, യോഗ്യതകള്‍ എന്തെല്ലാം, ഏത് മേഖലയിലാണ് സ്ഥലം കിട്ടുക, പാലിക്കേണ്ട മര്യാദകള്‍ എന്നിവയെല്ലാം സംബന്ധിച്ച ഉത്തരവ് വൈകാതെ പുറത്തിറങ്ങും. അപ്പോള്‍ മാത്രമാണ് പുതിയ നിയവുമായി ബന്ധപ്പെട്ട് വ്യക്തത വരൂ. വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പുതിയ നയംമാറ്റം. ദീര്‍ഘകാല വരുമാനം കണ്ടെത്തലാണ് ലക്ഷ്യം. ചില പ്രദേശങ്ങള്‍ നിശ്ചിത കാലത്തേക്ക് പാട്ടത്തിന് നല്‍കുന്ന രീതിയും ആലോചനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications