സൗദി പ്രവാസികള്‍ എന്നാ സുമ്മാവാ: നാട്ടിലേക്ക് പണം ഒഴുക്കുന്നു; റെക്കോർഡ് നിരക്കില്‍ വർധനവ്
ജിദ്ദ: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഏർപ്പെടുത്തിയത് വന്‍ വളർച്ച. കഴിഞ്ഞ മാസത്തില്‍ മാത്രം 1490 കോടി റിയാൽ (390 കോടി ഡോളർ) ആണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് അയച്ചത്. മുന്‍ മാസത്തെ അപേക്ഷിച്ച് 15.4 ശതമാനം വർധനവാണ് വിദേശത്തേക്ക് ഒഴുകിയ പണത്തിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
തുടർച്ചയായി 17 മാസങ്ങളായി പ്രവാസികളുടെ റെമിറ്റൻസിൽ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്ന് സൗദി അറേബ്യന്‍ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂണ്‍ മാസത്തില്‍ 1380 കോടി റിയാലായിരുന്നു പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ച്. ഇതില്‍ നിന്നും ഏകദേശം 110 കോടി റിയാലിന്റെ വർധനവാണ് ഈ മാസം ഉണ്ടായിരിക്കുന്നത്. 2024 ജൂലൈയിൽ ഇത് 1,290 കോടി റിയാൽ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

സൗദി അറേബ്യയുടെ പ്രവാസി ജനസംഖ്യയില്‍ ബംഗ്ലാദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളും. അതിനാല്‍ തന്നെ സൗദി അറേബ്യയില്‍ നിന്നും വിദേശത്തേക്ക് ഒഴുകിയ പണത്തിന്റെ വലിയൊരു പങ്കും എത്തിയത് കേരളത്തിലേക്കാണ് എന്നതില്‍ സംശയമില്ല.
സർവകാല റെക്കോർഡ്
ഈ വർഷം മാർച്ചിലാണ് പ്രവാസികളുടെ പണമയക്കലിൽ സർവകാല റെക്കോർഡ് സ്ഥാപിക്കപ്പെടുന്നത്. 1550 കോടി റിയാലായിരുന്നു അന്ന് പുറത്തേക്ക് ഒഴുകിയത്. ജൂലൈ മാസത്തിലെ റെമിറ്റൻസ് ഈ റെക്കോർഡിന് ഏതാണ്ട് തുല്യമായിരുന്നു. വർഷത്തിന്റെ ആദ്യ പകുതിയിൽ ശരാശരി പ്രതിമാസ റെമിറ്റൻസ് 1410 കോടി റിയാൽ ആയിരുന്നു. ഇത് 2024-നെ അപേക്ഷിച്ച് 10 ശതമാനം വളർച്ച കാണിക്കുന്നു.
വളർച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ
സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് തുടർച്ചയായി തൊഴിലവസരങ്ങൾ ലഭിക്കുന്നതും അവരുടെ വേതനത്തിലുണ്ടാകുന്ന വർധനവുമാണ് റെമിറ്റൻസ് വർധനവിന്റെ പ്രധാന കാരണങ്ങൾ. സൗദിയുടെ സമ്പദ്‌വ്യവസ്ഥയിലെ വൈവിധ്യവൽക്കരണവും 'വിഷൻ 2030' പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകളിലെ വിപുലീകരണവും വലിയ തോതില്‍ പ്രവാസികൾക്ക് ജോലി ലഭിക്കാൻ ഇടയാക്കിയിട്ടുണ്ട്.
പ്രവാസികളുടെ സംഭാവന
പ്രവാസികൾ സൗദി തൊഴിൽ വിപണിയിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് നിർമാണം, ആരോഗ്യം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഇവർ പ്രധാന പങ്കുവഹിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് റെമിറ്റൻസിന്റെ ഏറ്റവും വലിയ സംഭാവകർ.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
പ്രവാസികളുടെ റെമിറ്റൻസ് വർധനവ് സൗദിയുടെ സമ്പദ്‌വ്യവസ്ഥയിൽ നേരിയ സ്വാധീനം ചെലുത്തുമെങ്കിലും, ഇത് അവരുടെ സ്വദേശങ്ങളിലെ സാമ്പത്തിക വളർച്ചയെ ഗണ്യമായി സഹായിക്കുന്നു. ഈ പണം കുടുംബങ്ങൾക്ക് ജീവിതനിലവാരം മെച്ചപ്പെടുത്താനും വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിർമാണം എന്നിവയിൽ നിക്ഷേപിക്കാനും സഹായിക്കുന്നു.












Click it and Unblock the Notifications