സൗദി അറേബ്യക്ക് വൻ ജാക്ക് പോട്ട്; കണ്ടെത്തിയത് 14 പുതിയ എണ്ണ,പ്രകൃതി വാതക ശേഖരങ്ങൾ, സമ്പത്ത് കുമിയും
1938 ലായിരുന്നു ആദ്യമായി സൗദിയിൽ പെട്രോളിയം ശേഖരം കണ്ടെത്തിയത്, സൗദിയുടെ തലവരമാറ്റുന്നതായിരുന്നു ഈ കണ്ടുപിടിത്തം. പിന്നീട്
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായി സൗദി മാറി. ഇന്ന് ആഗോള ഊർജമേഖലയിൽ നിർണായക സ്വാധീനമാണ് സൗദി ചെലുത്തുന്നത്.
ഇപ്പോഴിതാ ഈ മേഖലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു സന്തോഷവാർത്തയാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. സൗദി പുതുതായി നിരവധി എണ്ണ, വാതക നിക്ഷേപങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഊർജമന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പങ്കുവെച്ചിരിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് പുതിയ ശേഖരം കണ്ടെത്തിയത്. ആറ് എണ്ണപ്പാടങ്ങൾ, രണ്ട് എണ്ണ സംഭരണികൾ, രണ്ട് പ്രകൃതി വാതക മേഖലകൾ, നാല് പ്രകൃതി വാതക സംഭരണികൾ എന്നിങ്ങനെ 14 നിക്ഷേപങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. കിഴക്കൻ പ്രവിശ്യയിൽ ജാബു-1 എന്ന എണ്ണ കിണർ പ്രതിദിനം 800 ബാരൽ എണ്ണ ഉത്പാദിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പര്യവേഷണത്തിലാണ് ജാബു എണ്ണപ്പാടം കണ്ടെത്തിയത്. മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തൽ ഉണ്ടായത് സയാഹിദ് പാടത്താണ്. സയാഹിദ് 2 എന്ന കിണറിൽ നിന്നും 630 ബാരൽ എണ്ണ ഒഴുകിയെത്തിയ സാഹചര്യത്തിലായിരുന്നു ഇവിടെ പരിശോധിച്ചത്.

അഫയാൽ പാടത്തും വളരെ മികച്ച ഫലമാണ് ലഭിച്ചത്. ഇവിടെ അഫയാൻ-2 ൽ പ്രതിദിനം 2,840 ബാരൽ അസംസ്കൃത എണ്ണയും ഏകദേശം 0.44 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി വാതകവുമാണ് ഉത്പാദിപ്പിച്ചിരുന്നത്. ജുബൈല റിസർവോയറിലെ ബെറി ഫീൽഡ്, മസാലിജ് ഫീൽഡിലെ ഉനൈസ-എ റിസർവോയർ, എംപ്റ്റി ക്വാർട്ടറിലെ നുവൈർ പാടം എന്നിവിടങ്ങളിൽ നിന്നെല്ലാം എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം 8,126 ബാരൽ എണ്ണയാണ് ഇവയുടെ ആകെ ഉത്പാദന ശേഷി.
കിഴക്കൻ പ്രവിശ്യയിലെ ഗിസ്ലാൻ പാടത്തെ ഉനയ്‌സ ബി/സി റിസർവോയറിൽ നിന്നാണ് പ്രകൃതി വാതകം കണ്ടെത്തിയത്.മിവാസ് പാടത്തെ ഖുസൈബ റിസർവോയറിൽ നിന്നാണ് പാരമ്പര്യേതര വാതകം കണ്ടെത്തിയത്. ഇത്തരത്തിൽ നിരവധി മേഖലകളിലാണ് നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. അതേസമയം രണ്ട് പാടങ്ങളിലും നാല് ജലസംഭരണികളിലുമായി പ്രതിദിനം ഏകദേശം 80.5 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് അടി പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.
ആഗോള ഊർജ്ജ മേഖലയിൽ സൗദി അറേബ്യയുടെ സ്വാധീനം ഉറപ്പിക്കാനും രാജ്യത്തിന്റെ ഹൈഡ്രോകാർബൺ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും ഈ കണ്ടെത്തലുകൾ സംഭാവന നൽകുമെന്ന് ഊർജമന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ പറഞ്ഞു.
പുതിയ കണ്ടെത്തലുകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കും. ആഭ്യന്തര, അന്തർദേശീയ ഊർജ്ജ ആവശ്യങ്ങൾ കൂടുതൽ ശക്തമായി നിറവേറ്റാൻ സൗദിയെ സഹായിക്കും. മാത്രമല്ല രാജ്യത്തിന്റെ രാജ്യത്തിന്റെ ദീർഘകാല സുസ്ഥിര ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുകയും ചെയ്യും', അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലും ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2030 എന്ന സൗദിയുടെ ലക്ഷ്യത്തിനും പുതിയ കണ്ടെത്തലുകൾ സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications