ഗള്‍ഫ് മേഖലയിലെ രാജാക്കന്മാർ സൗദി അറേബ്യ തന്നെ: ട്രംപ് വന്നു, ഒപ്പം ഒട്ടനവധി നേട്ടങ്ങളും
രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയതിന് ശേഷമുള്ള ഡൊണാള്‍ഡ് പ്രസിഡന്റിന്റെ ആദ്യ പ്രധാനപ്പെട്ട വിദേശ സന്ദർശനമായിരുന്നു സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കുള്ള സന്ദർശനം. സൗദി അറേബ്യയുടെ മാത്രം കാര്യം എടുക്കുകയാണെങ്കില്‍ ചരിത്രപരമായ പല തീരുമാനങ്ങളുമാണ് റിയാദില്‍ വെച്ച് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ഉഭയകക്ഷി ചർച്ചകളില്‍ 600 ബില്യൺ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങളുമുണ്ടായി. യു എസും സൗദി അറേബ്യയും 142 ബില്യൺ ഡോളറിന്റെ പ്രതിരോധ വിൽപ്പന കരാറിൽ ഒപ്പുവെച്ചതാണ് മറ്റൊരു പ്രധാന നേട്ടം. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ഈ കരാർ സൗദി അറേബ്യക്ക് അത്യാധുനിക യുദ്ധോപകരണങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ യു എസ്-ന്റെ പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.പുതിയ ആയുധുങ്ങളുടെ വിതരണം സൗദിയുടെ സൈനിക ശേഷിയെ ശക്തിപ്പെടുത്തുകയും, മേഖലയിലെ ഇറാൻ, ഹൂതി വിമതർ തുടങ്ങിയ ഭീഷണികൾക്കെതിരെ പ്രതിരോധം ഉറപ്പാക്കുകയും ചെയ്യും.
സൗദി അറേബ്യ അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 600 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിക്ഷേപം പ്രധാനമായും മെഡിക്കൽ, പ്രതിരോധ, ഊർജ്ജ മേഖലകളിലും എ ഐ., ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക മേഖലകളിലുമായിരിക്കും കേന്ദ്രീകരിക്കുക. ഈ തുക 1 ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്ന പ്രതീക്ഷയും ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ട്.
സിറിയയ്ക്ക് മേലുള്ള യു എസ് ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാച്ചതും റിയാദിലെ ഒരു ബിസിനസ് ഫോറത്തിൽ വെച്ചാണ്. സിറിയയുടെ പുതിയ ഭരണാധികാരി അഹമ്മദ് അൽ-ഷറായുമായുള്ള കൂടിക്കാഴ്ചയെ തുടർന്നായിരുന്നു ഇത്തരമൊരു തീരുമാനം. ഇത് അറബ് മേഖലയിലെ മേഖലയിലെ ഭൂരാഷ്ട്രീയ ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കാം.
റിയാദിൽ നടന്ന യു.എസ്-സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ, എൻവിഡിയ, എ.എം.ഡി തുടങ്ങിയ കമ്പനികളുമായി എ.ഐ, ചിപ്പ് നിർമ്മാണ മേഖലകളിൽ കരാറുകളും ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്. പുതിയ കരാറുകളും നിക്ഷേപ സാധ്യതകളും സൗദിയിൽ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും ചെയ്യുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.
ട്രംപിന്റെ സൗദി അറേബ്യന്‍ സന്ദർശനം, അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന പ്രാധാന്യവും മേഖലയിൽ സ്ഥിരതയും സ്വാധീനവും ഉറപ്പിക്കുന്ന ഒരു പ്രധാന ശക്തിയായി വാഷിംഗ്ടൺ സൗദിയെ കാണുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സന്ദർശനം, പരസ്പര താൽപ്പര്യങ്ങളിലും തന്ത്രപരമായ ലക്ഷ്യങ്ങളിലും അധിഷ്ഠിതമായ പഴയ ബന്ധങ്ങളെ ശക്തിപ്പെടുത്തി ഇരു രാജ്യങ്ങള്‍ക്കും നേട്ടങ്ങള്‍ ഉറപ്പാക്കുന്നുവെന്നും അവർ വിലിയിരുത്തി.
അതേസമയം, സൗദി അറേബ്യക്ക് പുറമെ ഖത്തറും യു എ ഇയും ട്രംപ് സന്ദർശിച്ചിരുന്നു. യു എ ഇയില്‍ എത്തിയ ട്രംപിനെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. : യു എസും യു എ ഇയും 200 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറിൽ ഒപ്പുവെച്ചതാണ് പ്രധാന നേട്ടം. പ്രധാനമായും എ ഐ., ഡാറ്റാ സെന്റർ, റിയൽ എസ്റ്റേറ്റ് മേഖലകളിലായിരിക്കും ഈ നിക്ഷേപം. അബുദാബിയിൽ ഒരു വൻ ഡാറ്റാ സെന്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള പങ്കാളിത്തവും ഇതിന്റെ ഭാഗമാണ്.
ഖത്തർ സന്ദർശനത്തിനിടെ, യുഎസും ഖത്തറും തമ്മില്‍ 243.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള സാമ്പത്തിക കരാറുകളാണ് ഒപ്പുവെച്ചത്. ഈ കരാറിലൂടെ 1.2 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക വിനിമയത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.ഖത്തർ എയർവേയ്‌സ് ബോയിംഗിൽ നിന്ന് 210 വൈഡ്‌ബോഡി ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള 96 ബില്യൺ ഡോളറിന്റെ കരാറാണ് ഇടപാടില്‍ ഏറ്റവും പ്രധാനപ്പെട്ടത്.












Click it and Unblock the Notifications