സൗദിയിലേക്ക് ട്രെയിന്‍!! വമ്പന്‍ പ്രഖ്യാപനവുമായി ഇസ്രായേല്‍... യുഎസ് സംഘം മടങ്ങിയ പിന്നാലെ
ടെല്‍ അവീവ്: സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമില്ലാത്ത രാജ്യമാണ് ഇസ്രായേല്‍. അറബ് രാജ്യങ്ങള്‍ അടുത്ത കാലം വരെ അകറ്റി നിര്‍ത്തിയിരുന്ന ഇസ്രായേലുമായി യുഎഇ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി സൗഹൃദത്തിലായെങ്കിലും സൗദി അറേബ്യ അകന്നുനില്‍ക്കുന്നു. ഇതിനിടെയാണ് വന്‍ പദ്ധതി ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്രായേലിലെ റെയില്‍വെ വികസനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2700 കോടി ഡോളറിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റെയില്‍വെ ശൃംഖലായാണ് സൗദി അറേബ്യയുമായി ബന്ധിപ്പിക്കുക. ഇക്കാര്യം പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. ഇതെങ്ങനെ യാഥാര്‍ഥ്യമാകുമെന്നാണ് അറിയേണ്ടത്.

നിലവില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇസ്രായേല്‍ കടന്നുപോകുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം മാസങ്ങളായി തുടരുകയാണ്. മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും ഇസ്രായേലില്‍ രൂക്ഷമായി വരുന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ പുതിയ പ്രഖ്യാപനം എന്ന സംശയവുമുണ്ട്.
അമേരിക്കയിലെ ഉന്നതതല സംഘം കഴിഞ്ഞാഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കണമെന്ന് അമേരിക്ക ഏറെ കാലമായി സൗദിയോട് ആവശ്യപ്പെടുന്നു. എന്നാല്‍ സൗദി അറേബ്യ ഇതുവരെ അതിന് തയ്യാറായിട്ടില്ല. അമേരിക്ക നടത്തിയ മധ്യസ്ഥ ശ്രമമാണ് യുഎഇയും ഇസ്രായേലും തമ്മില്‍ ബന്ധം ശക്തമാക്കിയത്.
ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ സൗദിയുമായി ബന്ധം സ്ഥാപിച്ചാല്‍ വലിയ നേട്ടമാകുമെന്ന് ഇസ്രായേല്‍ കരുതുന്നു. ചില രഹസ്യ ചര്‍ച്ചകള്‍ വിഷയത്തില്‍ നടക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ സൗദി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെയാണ് സൗദിയിലേക്ക് റെയില്‍വെ ലൈന്‍ സ്ഥാപിക്കുമെന്നും അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്നുമുള്ള പ്രഖ്യാപനം ഇസ്രായേല്‍ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. ഇസ്രായേലിലെ അടിസ്ഥാന സൗകര്യം വിപുലീകരിക്കുമെന്ന് നെതന്യാഹു അറിയിച്ചു. രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലേക്കും രണ്ടു മണിക്കൂറില്‍ താഴെ സമയംകൊണ്ട് എത്താന്‍ സാധിക്കുംവിധമുള്ള സൗകര്യം ഒരുക്കുമെന്നാണ് പ്രഖ്യാപനം.
അതേസമയം, ജനശ്രദ്ധ തിരിക്കാനാണ് നെതന്യാഹു ഈ പ്രഖ്യാപനം നടത്തിയത് എന്ന അഭിപ്രായവും ശക്തമാണ്. 2010ല്‍ പ്രഖ്യാപിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോഴും അദ്ദേഹം പറയുന്നത് എന്നാണ് വിമര്‍ശനം. അന്ന് പ്രഖ്യാപിച്ച ശേഷം പദ്ധതി വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ല. ഫണ്ട് എവിടെ നിന്ന് കിട്ടുമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. അടുത്ത പത്ത് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് ഇസ്രായേല്‍ ധനമന്ത്രി പറയുന്നത്.












Click it and Unblock the Notifications