സൗദി അറേബ്യ പാഠം പഠിച്ചോ? ക്രൂഡ് ഓയിലില്‍ മൂന്ന് മാസത്തിനിടെ ഇത് ആദ്യം: ഇന്ത്യക്ക് വന്‍ സന്തോഷം
ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില കുറച്ച് സൗദി അറേബ്യ. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ് വരുന്നതും വിതരം വർധിപ്പിക്കാന്‍ ഒപെക് കൂട്ടായ്മ വർധിച്ച സാഹചര്യത്തിലും അറബ് രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്നും വില കുറയ്ക്കല്‍ നടപടിയുണ്ടായേക്കുമെന്ന് നേരത്തെ തന്നെ വിപണി വിദഗ്ധർ സൂചിപ്പിച്ചിരുന്നു.
പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോ, ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റ് കുറച്ചുകൊണ്ട് ബാരലിന് 3.50 ഡോളറിലേക്ക് എത്തിച്ചെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ആദ്യം റഷ്യൻ എണ്ണക്കമ്പനികള്‍ അവരുടെ ചരക്ക് കൈകാര്യം ചെയ്യുന്ന കപ്പലുകള്‍ക്ക് യുഎസ് ഉപരോധം ആഗോള വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് ക്രൂഡ് വിലയില്‍ വലിയ വർധനവായിരുന്നു അനുവഭപ്പെട്ടത്. ഇതോടെയാണ് സൗദി അറേബ്യയും തങ്ങളുടെ ക്രൂഡിന്റെ നിരക്ക് ഉയർത്താന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം അറബ് ലൈറ്റിന്റെ വില്‍പ്പന 3.90 ഡോളറിലെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള മറ്റ് ഗ്രേഡുകളുടെ വിലയും അരാംകോ കുറച്ചിട്ടുണ്ട്.
വില കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ഇന്ത്യക്കുള്‍പ്പെടെ ഗുണം ചെയ്യും. കഴിഞ്ഞ മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ അതിന്റെ ആനുകൂല്യം ഉണ്ടാക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറുമെന്ന കരുതിയിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ സൗദിയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വർധനവ് ഉണ്ടായില്ലെന്ന് മാത്രമല്ല, മുന്‍ മാസത്തേക്കാള്‍ താഴേക്ക് പോകുകയും ചെയ്തു. തുടർച്ചയായുള്ള വില വർധനവ് അടക്കം അറബ് രാഷ്ട്രത്തിന്റെ വിഹിതം കുറച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഫെബ്രുവരിയില്‍ കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഫെബ്രുവരിയിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ (bpd) എന്നതിലേക്ക് കുറഞ്ഞു. ജനുവരിയിലെ അളവുമായി താരതമ്യപ്പെടുത്തുമ്പോൾ 14.9 ശതമാനം കുറവാണുണ്ടായതെന്നും കണക്കുകള്‍ പറയുന്നു.
ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഫെബ്രുവരിയിൽ ഇറാഖില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വരവ് 8.3% വർദ്ധിച്ചു. നിലവില്‍ റഷ്യയ്ക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി ഇറാഖ് നിലകൊള്ളുന്നു. സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ജനുവരിയില്‍ പ്രതിദിനം 7.23 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കിയതെങ്കില്‍ ഫെബ്രുവരിയില്‍ 7 ലക്ഷം ബാരലായി ഇന്ത്യ കുറച്ചു












Click it and Unblock the Notifications