സൗദി അറേബ്യ മദ്യം വിളമ്പില്ല; യൂറോപ്യന്‍ ഫാന്‍സിന് വിഷമം, ഖത്തര്‍ മോഡല്‍ ട്വിസ്റ്റ് പ്രതീക്ഷിക്കേണ്ട
റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ജിസിസി രാജ്യമായ സൗദി അറേബ്യ വേദിയാകാന്‍ ഒരുങ്ങുകയാണ്. 2034ലെ മല്‍സരങ്ങള്‍ നടത്താന്‍ ലേലം പിടിച്ചിരിക്കുന്നത് സൗദിയാണ്. ഭരണസമിതിയായ ഫിഫ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ യൂറോപ്പിലെയും അമേരിക്കയിലെയും ഒരു വിഭാഗം മാധ്യമങ്ങള്‍ സൗദിയിലെ നിയമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്.
1952 മുതല്‍ മദ്യ നിരോധനം നിലവിലുള്ള രാജ്യമാണ് സൗദി അറേബ്യ. മതപരമായ കാഴ്ചപ്പാട് കൂടിയാണ് ഈ നിരോധനത്തിന് കാരണം. എന്നാല്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണാന്‍ ലക്ഷക്കണക്കിന് വിദേശികളും സൗദിയിലെത്തുമെന്ന് തീര്‍ച്ചയാണ്. അമേരിക്കയെയും യൂറോപ്പിലെയും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മദ്യം ലഭിക്കുമോ എന്നാണ് ചര്‍ച്ചകള്‍. ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയായത് ഖത്തര്‍ ആയിരുന്നു. ഇവിടെയും മദ്യനിരോധനം നിലവിലുണ്ട്. ആരാധകര്‍ക്ക് മദ്യം വിളമ്പില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഖത്തറിലെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഫിഫ അറിയിക്കുകയും ചെയ്തു. എങ്കിലും അവസാന നിമിഷം ചില ഇളവുകള്‍ ഖത്തര്‍ അനുവദിച്ചു.
സ്റ്റേഡിയങ്ങളില്‍ മദ്യം വിളമ്പുന്നതിനും കുടിക്കുന്നതിനും ഖത്തര്‍ നിരോധനം തുടര്‍ന്നെങ്കിലും തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ പ്രത്യേക ഇടങ്ങളില്‍ മാത്രം വിദേശ പൗരന്മാര്‍ക്ക് കുറഞ്ഞ അളവില്‍ മദ്യം ലഭ്യമാക്കി. മദ്യം വിളമ്പാതെ, മനോഹരമായി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തിയ ഖത്തറിനെ പിന്നീട് പല രാജ്യങ്ങളും അഭിനന്ദിച്ചു. ഫിഫ ഖത്തറിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഖത്തര്‍ നല്‍കിയ ഇളവുകള്‍ സൗദിയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഫുട്‌ബോള്‍ ആരാധകര്‍ക്ക് മദ്യം പ്രതീക്ഷിക്കേണ്ട എന്നാണ് ഫിഫ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. സൗദിയില്‍ മദ്യം കുടിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അടുത്തിടെ ഒട്ടേറെ പരിഷ്‌കാരങ്ങളും ഇളവുകളും സൗദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മദ്യം പരസ്യമായി വിളമ്പുന്നതിനുള്ള നിരോധനം നീക്കിയിട്ടില്ല.
വിദേശികളായ നയതന്ത്ര പ്രതിനിധികള്‍ക്ക് നിബന്ധനകളോടെ മദ്യം നല്‍കുന്ന ഷോപ്പ് സൗദി അറേബ്യ ഈ വര്‍ഷം ജനുവരിയില്‍ തുറന്നിരുന്നു. പ്രതിമാസം നിശ്ചിത ക്വാട്ട പ്രകാരമാണ് ഈ വില്‍പ്പന. എല്ലാവര്‍ക്കും കിട്ടില്ല, വിദേശ നയതന്ത്ര പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുക്കിയ ഷോപ്പില്‍ മാത്രമാണ് അനുമതി. ഇതിനെതിരെയും സൗദിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മദ്യം അനാവശ്യ ചര്‍ച്ചയാക്കുകയാണെന്ന് സൗദി അധികൃതര്‍ പ്രതികരിക്കുന്നു. ''നിങ്ങള്‍ക്ക് സൗദിയിലേക്ക് വരാം, മല്‍സരങ്ങള്‍ ആസ്വദിക്കാം, രാജ്യത്തെ നിയമം ആദരിക്കുന്നില്ലെങ്കില്‍ വരരുത്. ഒട്ടേറെ കായിക മല്‍സരങ്ങള്‍ സൗദി നടത്തിയിട്ടുണ്ട്. എവിടെയും മദ്യം വിളമ്പിയിട്ടില്ല. മൂന്ന് ദശലക്ഷത്തിലധികം കായിക പ്രേമികള്‍ സൗദിയില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കാണാന്‍ വരുന്നുമുണ്ട്.- സൗദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനെ ഉദ്ധരിച്ച് സ്‌കൈ ന്യൂസും റോയിട്ടേഴ്‌സും നേരത്തെ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്.












Click it and Unblock the Notifications