ആ ലക്ഷ്യത്തിലേക്ക് സൗദി രണ്ടും കല്‍പിച്ച് തന്നെ; 105 പുതിയ എയര്‍ബസ് ജെറ്റുകള്‍ കൂടി വാങ്ങും
റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെയും അതിന്റെ ബജറ്റ് കാരിയറായ ഫ്‌ലൈഅദീലിന്റെയും മാതൃ കമ്പനിയായ സൗദിയ ഗ്രൂപ്പ്, പുതിയ എയര്‍ബസ് ജെറ്റുകള്‍ വാങ്ങാനൊരുങ്ങുന്നു. ആദ്യപടിയെന്നോണം 105 പുതിയ എയര്‍ബസ് ജെറ്റുകള്‍ക്ക് സൗദിയ ഗ്രൂപ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 2030-ഓടെ 150 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുന്നുണ്ട്.
അതിനാല്‍, 12 എ320 നിയോസ്, 93 എ321 നിയോസ് എന്നിവയാണ് ഈ ഓര്‍ഡറില്‍ ഉള്‍പ്പെടുന്നത്. ഇതോടെ സൗദി ഗ്രൂപ്പിന്റെ മൊത്തം എയര്‍ബസ് എയര്‍ക്രാഫ്റ്റ് ഓര്‍ഡര്‍ 144 വിമാനങ്ങളിലേക്ക് എത്തും. സൗദിയുടെ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത് എന്നാണ് വിവരം. 2023 ല്‍ 800 വാണിജ്യ വിമാനങ്ങളുടെ ഡെലിവറിയായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67 എണ്ണം അധികമായിരുന്നു ഇത്.

180 ലധികം പുതിയ വിമാനങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും എന്നാല്‍ 2032 ന് മുമ്പ് ഡെലിവറി ചെയ്യാന്‍ വിമാന നിര്‍മ്മാണ കമ്പനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയര്‍ലൈന്‍സ് വക്താവ് അബ്ദുള്ള അല്‍ഷഹ്‌റാനി പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത വിമാനങ്ങള്‍ 2026 മുതല്‍ സൗദിയില്‍ എത്തി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. പകുതിയോളം വിമാനങ്ങളും ബജറ്റ് സര്‍വീസ് നടത്തുന്ന ഫ്ളൈ അദീലിന് വേണ്ടിയായിരിക്കും ഉപയോഗിക്കുക.
180 മുതല്‍ 230 വരെ സീറ്റുകളുള്ള എ321 നിയോസ് എന്ന ഒറ്റ-ഇടനാഴി വിമാനത്തില്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എഞ്ചിനുകള്‍ ആണ് ഉള്ളത്. ഇത് എയര്‍ലൈനുകളെ പ്രവര്‍ത്തനച്ചെലവില്‍ പണം ലാഭിക്കാന്‍ സഹായിക്കുന്നു. നിലവില്‍ സൗദിയക്കും ഫ്ലൈ അദീലിനും 170-ലധികം എയര്‍ബസ്, ബോയിംഗ് വിമാനങ്ങള്‍ ആണ് ഉള്ളത്. ലോകമെമ്പാടുമുള്ള 100 ല്‍ അധികം വിമാനത്താവളങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുന്നത്.
അതേസമയം സൗദിയ എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം ബോയിംഗില്‍ നിന്ന് 787 ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട മൂന്ന് ഡസനില്‍ അധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. പുതിയ വിമാന കമ്പനിയായ റിയാദ് എയറും പുതിയ വിമാനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കമ്പനികളുടെ തീരുമാനം.
യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം കൊവിഡിന് മുമ്പുള്ള റെക്കോര്‍ഡ് മറികടക്കുമെന്നാണ് സൗദി വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഫലമായാണ് വിനോദ സഞ്ചാര മേഖലയില്‍ അടക്കം വലിയ മാറ്റങ്ങള്‍ ഭരണകൂടം കൊണ്ടുവരുന്നത്.












Click it and Unblock the Notifications