യുഎഇയും സൗദിയും ഉണ്ടല്ലോ; യുഎസ് ഭീഷണിയിൽ വീഴില്ല..രത്ന-ആഭരണ കയറ്റുമതിയിൽ തന്ത്രം മാറ്റി ഇന്ത്യ
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യയിലെ ആഭരണ വ്യവസായം. ആഗസ്റ്റ് 7 മുതല്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേൽ 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. യുഎസിലേക്കുള്ള ഇന്ത്യയുടെ ആഭരണ കയറ്റുമതിയെ സാരമായി ബാധിക്കും.
എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ശേഷം യുഎസിലേക്കുള്ള ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി മേഖലയാണ് രത്നങ്ങളും ആഭരണങ്ങളും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്‌ന-ആഭരണങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 30.28 ശതമാനവും യുഎസിലേക്കായിരുന്നു. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഇത്. കഴിഞ്ഞ വർഷമാകട്ടെ അമേരിക്കയുടെ മൊത്തം( 89.12 ബില്യണ്‍ ഡോളറിന്റെ) രത്‌ന, ആഭരണ ഇറക്കുമതിയുടെ 12.99 ശതമാനമാണ് ഇന്ത്യയിൽ നിന്നെത്തിയത്.

അതേസമയം അമേരിക്കയുടെ പ്രഹരത്തിൽ നിന്നും മുക്തി നേടാനുള്ള മാർഗങ്ങൾ തേടുകയാണ് ഇപ്പോൾ ഇന്ത്യ. ഇതിന്റെ ഭാഗമായി യുഎസിനെ കൈയ്യൊഴിഞ്ഞ് ഗൾഫ് മേഖലകളിലേക്ക് കൂടുതലായി സ്വർണം കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.
കട്ട് ആന്റ് പോളിഷ്ഡ് വജ്രങ്ങൾക്ക് തീരുവ ഇല്ലാതെയും, സ്വർണ്ണ-പ്ലാറ്റിനം ആഭരണങ്ങൾക്ക് 5% മുതൽ 7% വരെയും, വെള്ളി ആഭരണങ്ങൾക്ക് 5% മുതൽ 13.5% വരെയും ആയിരുന്നു യുഎസിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 25% തീരുവ ചുമത്തുന്നതോടെ ഇന്ത്യൻ സ്വർണ്ണത്തിന്റെ തീരുവ 31.5% മുതൽ 33% വരെയും, ഇന്ത്യൻ രത്നങ്ങളുടെ തീരുവ 31% മുതൽ 32% വരെയും വർദ്ധിക്കും.
കഴിഞ്ഞ വർഷം യുഎസ് ഇന്ത്യയിൽ നിന്ന് ഏകദേശം 10 ബില്യൺ ഡോളറിന്റെ ആഭരണങ്ങൾ ഇറക്കുമതി ചെയ്തു. ഏകദേശം 5 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്ന ഇന്ത്യൻ ആഭരണ വ്യവസായം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) ഏതാണ്ട് 7% സംഭാവന ചെയ്യുന്നു. അതിനാൽ കയറ്റുമതി പ്രോത്സാഹിപ്പിക്കണ്ടത് രാജ്യത്തെ സംബന്ധിച്ച് പ്രധാനമാണ്.
പുതിയ വിപണികൾ തേടുന്നു
കുറഞ്ഞ വ്യാപാര തടസ്സങ്ങൾ, സാംസ്കാരികപരമായ അടുപ്പം, ഭൂമിശാസ്ത്രപരമായ സാമീപ്യം, ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ എന്നിവ കാരണം ഗൾഫ് രാജ്യങ്ങൾക്കാണ് മുൻഗണനയെന്ന് ദുബായ് ആസ്ഥാനമായുള്ള സെഞ്ച്വറി ഫിനാൻഷ്യലിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ വിജയ് വലേച്ചയെ ഉദ്ധരിച്ച് ദി നാഷൻ റിപ്പോർട്ട് ചെയ്തു.
' ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലും ലാറ്റിൻ അമേരിക്ക,, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുമാണ് ഇപ്പോൾ ഇന്ത്യൻ കയറ്റുമതിക്കാരും ജെംസ് & ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലും (GJEPC)ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' ദുബായ് കോർപ്പറേറ്റ് ജിയോപൊളിറ്റിക്സ് കൺസൾട്ടൻസിയായ അലഗാൻ പാർട്ണേഴ്സിന്റെ മാനേജിംഗ് പാർട്ണർ നിക്കോളാസ് മിഷേലോൺ പറഞ്ഞു.
'ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്വർണാഭരണ കയറ്റുമതിയിൽ 60 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വജ്രാഭരണ കയറ്റുമതിയിൽ 17% വർദ്ധനവും ഉണ്ടായി. ഇത് യുഎഇയെ ഇന്ത്യയുടെ പ്രധാന കയറ്റുമതി കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്', നിക്കോളാസ് മിഷേലോൺ പറഞ്ഞു.
യുഎഇയെ കൂടാതെ സൗദി അറേബ്യയേയും പ്രധാന വിപണിയായി പരിഗണിക്കുന്നുണ്ട്. 2024-ൽ 4.6 ബില്യൺ ഡോളറായിരുന്ന സൗദി അറേബ്യയിലെ ആഭരണ വിപണി 2030-ഓടെ 8.3 ബില്യൺ ഡോളറായി ഇരട്ടിയാകുമെന്നാണ് പ്രവചനങ്ങൾ. ഇതും ഇന്ത്യയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.












Click it and Unblock the Notifications