യുഎഇ അടിച്ചുകയറി, ഒപ്പം അമേരിക്കയും: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ സൗദിയുടെ തിരിച്ചടി തുടരുന്നു
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ തുടർച്ചയായ രണ്ടാം മാസവും ഇടിവ്. ജുലായ് മാസത്തിന് പിന്നലെ ഓഗസ്റ്റിലും ഇറക്കുമതിയില്‍ ഇടിവുണ്ടായെന്നാണ് കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എനർജി ഇൻ്റലിജൻസ് സ്ഥാപനമായ വോർടെക്‌സയുടെ കണക്കനുസരിച്ച്, കഴിഞ്ഞ മാസം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം കുറഞ്ഞ് പ്രതിദിനം 4.18 ദശലക്ഷം ബാരലിലേക്ക് എത്തി (mb/d).
പ്രതിമാസ അടിസ്ഥാനത്തിൽ കയറ്റുമതിയിലെ ഇടിവ് 7 ശതമാനമായി കുത്തനെ ഉയർന്നതായും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. കുറഞ്ഞ ഉത്പാദനത്തോടൊപ്പം ആഭ്യന്തര മാർക്കറ്റിലെ ഡിമാന്‍ഡ് ഉയർന്നതും റഷ്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള കയറ്റുമതി കുറവിന് കാരണമായതായും വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

റഷ്യയുടേയും സൗദി അറേബ്യയുടേയും കാര്യത്തില്‍ ഇടിവുണ്ടായപ്പോള്‍ ഇറാഖി ക്രൂഡിൻ്റെ ഇന്ത്യയുടെ ഇറക്കുമതിയില്‍ വർധനവ് ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. വരും മാസങ്ങളിലും ഇറക്കുമതിയിലെ ഇടിവ് തുടർന്നേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യയിൽ വരാനിരിക്കുന്ന റിഫൈനറി അറ്റകുറ്റപ്പണികളും ക്രൂഡ് വിതരണത്തിൽ സ്വാധീനം ചെലുത്തും. ഉദാഹരണത്തിന്, പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും ബിനാ റിഫൈനറി 2024 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും അറ്റകുറ്റപ്പണികൾക്ക് വിധേയമാക്കും.
റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ, ഇറാഖ്, യുഎഇ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉയർന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഓഗസ്റ്റിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 17 ശതമാനം കുറഞ്ഞ് 1.65 mb/d ആയി. എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ, കയറ്റുമതിയിൽ 12 ശതമാനത്തിലധികം ഉയർന്നു. സൗദി അറേബ്യയുടെ കാര്യത്തിൽ, ഇറക്കുമതി 22.5 ശതമാനമാണ് കുറഞ്ഞത്.
അതേസമയം തന്നെ മറുവശത്ത്, ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് വിതരണക്കാരായ ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ മാസം 14 ശതമാനം ഉയർന്ന് 778262 ബി/ഡി ആയി ഉയർന്നു.
അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച യു എ ഇയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ 11 ശതമാനം ഉയർച്ചയുണ്ടായി എന്നുള്ളതും ശ്രദ്ധേയമാണ്. ഓഗസ്റ്റിൽ ഏകദേശം 371195 b/d ക്രൂഡ് ഓയിലാണ് ഇന്ത്യ യു എ ഇയില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്നത്.
അതുപോലെ, അമേരിക്കയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 60 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റില്‍ മാത്രം ഇന്ത്യ അമേരിക്കയില്‍ നിന്നും 367119 b/d ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു.
ആഗസ്ത് മാസത്തിൽ സൗദിയുടെ കയറ്റുമതിയില്‍ പ്രവചനാതീതമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം രാജ്യത്തെ എണ്ണ ആവശ്യത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ഉൽപ്പാദനത്തിനായി വലിയ തോതില്‍ ക്രൂഡ് ഓയിലാണ് സൗദി അറേബ്യക്ക് പവർ പ്ലാന്റുകളിലേക്ക് മാറ്റേണ്ടി വന്നിരിക്കുന്നത്.
സൗദിയുടെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൻ്റെ ആവശ്യകത കുറയുകയും, കയറ്റുമതിക്കുള്ള വിതരണം കൂടുതല്‍ ലഭ്യമാകയും ചെയ്യുന്നതിനാൽ, വരും ആഴ്ചകളിൽ സൗദിയുടെ കയറ്റുമതി ഉയർന്നേക്കാമെന്നും വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ ഒക്ടോബർ മുതൽ ഒപെക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തുടങ്ങുമെന്നതും കയറ്റുമതിയെ സ്വാധീനിക്കുന്ന നിർണ്ണായക ഘടകമാണ്.












Click it and Unblock the Notifications