അച്ചാറും കൊപ്രയും പവര്‍ ബാങ്കുമൊന്നും ലഗേജില്‍ വേണ്ട; വിമാനയാത്രയില്‍ ഒഴിവാക്കേണ്ട വസ്തുക്കള്‍ ഇവയാണ്
അബുദാബി: ജോലി, ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കതായി ധാരാളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനാല്‍ ഇന്ത്യ-യുഎഇ വ്യോമ ഇടനാഴി ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളില്‍ ഒന്നാണ്. ഫെസ്റ്റിവല്‍ സീസണ്‍ അടുക്കുന്നതിനാല്‍ തന്നെ യു എ ഇയിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കും. മലയാളികള്‍ അടക്കം ഇന്ത്യന്‍ പ്രവാസികളുടെ പറുദീസയാണ് യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം പാദ യാത്രക്കാരുടെ കണക്കുകള്‍ പ്രകാരം ദുബായ്, ലണ്ടന്‍, അബുദാബി എന്നീ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര നടത്തി. 2022 ലെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗള്‍ഫ് രാജ്യത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.

3.5 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാരാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 6 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. ഇങ്ങനെയൊക്കെയാണെങ്കിലും ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാര്‍ നിരോധിക്കപ്പെട്ട കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു എന്നതാണ് മറ്റൊരു വസ്തുത.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ബാഗേജ് നിരസിക്കുന്ന നിരക്കില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മുംബൈ എയര്‍പോര്‍ട്ട് പറയുന്നതനുസരിച്ച്, ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്ന നിരോധിത ഇനങ്ങളില്‍ ചിലത് കൊപ്ര, പടക്കങ്ങള്‍, ലൈറ്റര്‍, പാര്‍ട്ടി പോപ്പറുകള്‍, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ്.
ഇ-സിഗരറ്റുകള്‍, പവര്‍ ബാങ്കുകള്‍, സ്‌പ്രേ ബോട്ടിലുകള്‍ എന്നീ നിരോധിത വസ്തുക്കളും ചെക്ക്-ഇന്‍ ബാഗേജില്‍ പതിവായി കാണപ്പെടുന്നു. ഈ ഇനങ്ങളെല്ലാം തെറ്റായി കൈകാര്യം ചെയ്യുമ്പോഴോ ശരിയായി സൂക്ഷിക്കാതിരിക്കുമ്പോഴോ വിമാന സുരക്ഷയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നവയാണ്. തീപിടുത്തം, സ്‌ഫോടനങ്ങള്‍, വിമാനത്തിന്റെ വൈദ്യുത സംവിധാനങ്ങളുമായുള്ള ഇടപെടല്‍ എന്നിവയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവയാണ് ഇവ എന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒരു മാസത്തിനിടെ യാത്രക്കാരുടെ ചെക്ക് ഇന്‍ ബാഗില്‍ നിന്ന് 943 കൊപ്രകളാണ് കണ്ടെത്തിയത്. ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ അത് കത്താന്‍ സാധ്യത ഏറെയാണ്. വിമാനത്തിനുള്ളില്‍ ചൂട് നേരിട്ടാല്‍ തീപിടുത്തത്തിന് കാരണമാകും. അതിനാല്‍ തന്നെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇന്ത്യ 2022 മാര്‍ച്ചില്‍ ഇത് നിരോധിത ഇനങ്ങളുടെ പട്ടികയില്‍ ചേര്‍ത്തു.
എന്നാല്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും ഇതിനെ കുറിച്ച് ഇപ്പോഴും അറിയില്ല. ചെക്ക്-ഇന്‍ ബാഗേജുകളുടെ നിരസിക്കല്‍ നിരക്കിലെ വര്‍ധിച്ചുവരുന്ന പ്രവണത നിരോധിത വസ്തുക്കളെ കുറിച്ച് സാധാരണ യാത്രക്കാര്‍ക്കിടയില്‍ അവബോധമില്ലായ്മയെ ആണ് സൂചിപ്പിക്കുന്നത്. അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയര്‍ലൈനുകളോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നതിന് യാത്രക്കാര്‍ മുന്‍ഗണന നല്‍കണം എന്നും അധികൃതര്‍ പറയുന്നു.
മൊത്തം സ്‌ക്രീന്‍ ചെയ്ത ബാഗുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരസിക്കപ്പെട്ട ചെക്ക്-ഇന്‍ ബാഗുകളുടെ അനുപാതം 2022 ഡിസംബറിലെ 0.31 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 0.73 ശതമാനമായി വര്‍ധിച്ചു. ടെര്‍മിനല്‍ 2ല്‍ മണിക്കൂറില്‍ 9,600 ബാഗുകളും ടെര്‍മിനല്‍ 1ല്‍ മണിക്കൂറില്‍ 4,800 ബാഗുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന 8 കിലോമീറ്റര്‍ ബാഗേജ് ബെല്‍റ്റാണ് മുംബൈ വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിനുള്ളത്.












Click it and Unblock the Notifications