യുഎഇക്കാർ പഴയ സ്വർണം വില്‍ക്കുന്നേയില്ല: എന്തുപറ്റി? കാരണം ഇതാണ്; കേരളത്തിലും പയറ്റാം
അന്താരാഷ്ട്ര തലത്തില്‍ ഇടിവുണ്ടായെങ്കിലും കേരളത്തില്‍ വെള്ളിയാഴ്ച സ്വർണ വിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ നിരക്കില്‍ തന്നെയാണ് ഇന്നും വില്‍പ്പന തുടരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച ഔണ്‍സിന് 3327 ഡോളറായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച 3299 ലേക്ക് താഴ്ന്നെങ്കിലും കേരളത്തില്‍ പവന് 72040 രൂപ എന്ന നിരക്കിലാണ് വില്‍പ്പന.
യു എ ഇ വിപണിയിലേക്ക് വരികയാണെങ്കില്‍ സ്വർണ വിലയില്‍ നേരിയ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം യു എ ഇയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 373 ദിർഹമായിരുന്നെങ്കില്‍ ഇന്ന് അത് 367.75 ലേക്ക് താഴ്ന്നു. സമാനമായ ഇടിവ് 24 കാരറ്റിലും 21 കാരറ്റിലുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണവിലയിലെ വർധനവ് ഏഷ്യയിലെ തന്നെ പ്രധാന സ്വർണ വിപണിയായ ദുബായ് ഗോള്‍ഡ് സൂക്കിലേത് അടക്കമുള്ള ജ്വല്ലറികളെ വില്‍പ്പനയെ ബാധിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിൽപ്പന മന്ദഗതിയിലാണെന്ന് ചില ജ്വല്ലറി ഉടമകള്‍ പറയുമ്പോള്‍, ചില ഉപഭോക്താക്കൾ അധിക ചെലവുകൾ ഒഴിവാക്കാൻ ആഭരണങ്ങൾക്ക് പകരം സ്വർണ്ണക്കട്ടികളിലേക്ക് മാറുന്നുവെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്.
വിലയിലെ വർധനവ് ചിലരെ സ്വർണത്തില്‍ നിന്ന് അകറ്റുന്നുവെന്നത് ശരിയാണെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം വാങ്ങാനായി എത്തുന്നുവരുമുണ്ട്. വിലയില്‍ ചെറിയ ഇടിവുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അത് സ്ഥിരമായിരിക്കില്ലെന്നാണ് യു എ ഇയിലെ ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. 'ചെറിയ ഇടിവുകള്‍ പ്രതീക്ഷിക്കാമെങ്കിലും അത് ആളുകള്‍ക്ക് വലിയ ലാഭം ഉണ്ടാക്കിയെന്ന് വരില്ല. അതിനാല്‍ തന്നെ നിലവിലെ വിലയില്‍ സ്വർണം വാങ്ങുന്നതായിരിക്കും ഉചിതമായ തീരുമാനം'കാൻസ് ജുവൽസിന്റെ ഡയറക്ടർ അർജുൻ ധനകിനെ ഉദ്ധരിച്ച ദി നാഷണല്‍ റിപ്പോർട്ട് ചെയ്യുന്നു.
വില വർദ്ധനവ് ആളുകളുടെ വാങ്ങല്‍ ശേഷിയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നില്ല. 2024 മാർച്ച് മുതൽ ഈ വർഷം വരെ പഴയത് പോലെ തന്നെ വാങ്ങലുകള്‍ നടന്നു. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 10 മുതൽ 15 ശതമാനം വരെ ചെറിയ കുറവുണ്ടായിട്ടുണ്ട്. ആളുകള്‍ ആരും തന്നെ ഇപ്പോള്‍ സ്വർണം വില്‍ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. വില ഇനിയും കൂടും എന്ന് അവർ മനസ്സിലാക്കുന്നു. ചിലർ പഴയത് മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങുന്നുണ്ട്. വലിയൊരു വിഭാഗം ആളുകള്‍ സ്വർണ്ണക്കട്ടികളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സ്വർണ്ണക്കട്ടികള്‍ ആഭരണങ്ങളേക്കാള്‍ ചിലവ് കുറഞ്ഞതാണ്. ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലിയും മറ്റും നല്‍കേണ്ടതുണ്ട്. എന്നാല്‍ കട്ടികള്‍ക്ക് ആ ചിലവില്ല. അതുകൊണ്ട് തന്നെ നിക്ഷേപം എന്ന നിലയില്‍ സ്വർണം വാങ്ങുന്നവർ കൂടുതലായി കട്ടികളിലേക്ക് തിരിയുന്നതാണ് പുതിയ പ്രവണത.
'സ്വർണം ഇത്രയും ഉയർന്ന നിലയിൽ എത്തുന്നത് ഇതാദ്യമായാണ്, അതിനാൽ മറ്റെല്ലാവരെയും പോലെ നമ്മളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വിൽപ്പന ഏകദേശം 27 ശതമാനം കുറഞ്ഞിട്ടുണ്ട്. പക്ഷേ ദീർഘകാലാടിസ്ഥാനത്തിൽ വില്‍പ്പന ഇതേ രീതിയിലായരിക്കുമോ ഇല്ലയോ എന്ന് പറയുന്നത് പ്രയാസമായിരിക്കും' അല്‍മാസ് ജ്വല്ലറിയുടെ മാനേജർ യാദവ് മാണ്ഡവി പറയുന്നു.
ആളുകളുടെ തങ്ങളുടെ ഷോപ്പുകളിലേക്ക് ആകർഷിക്കാനായി യു എ ഇയിലെ ജ്വല്ലറി ഉടമകള്‍ കുറഞ്ഞ പണിക്കൂലി, ആകർഷകമായ പേയ്‌മെന്റ് പ്ലാനുകള്‍, എക്‌സ്‌ചേഞ്ച് സ്‌കീമുകള്‍, ഭാരം കുറഞ്ഞ ആഭരണ ശേഖരണങ്ങള്‍ തുടങ്ങിയ ഒട്ടനവധി ഇടപെടലുകളും നടത്തി വരുന്നുണ്ട്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം, ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് ആഗോള വിപണിയില്‍ സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണം.












Click it and Unblock the Notifications