യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍
ദുബായ്: യുഎഇയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ വര്‍ധിപ്പിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതിയ വില ഈടാക്കും. ഏപ്രില്‍ മാസത്തേക്കുള്ള വിലയാണ് ഇന്ധന വില നിര്‍ണയ സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഏപ്രിലില്‍. ഉപഭോക്താക്കള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമാണിത്.
ആഗോള വിപണിയിലെ വില അടിസ്ഥാനമാക്കിയാണ് യുഎഇയില്‍ ഇന്ധന വില നിശ്ചയിക്കുക. 2015 മുതല്‍ ഓരോ മാസവും ഇന്ധന വില മാറ്റാന്‍ ധാരണയായിരുന്നു. ആഗോള വിപണിയിലെ ശരാശരി ക്രൂഡ് ഓയില്‍ വിലയും സംസ്‌കരിക്കുന്നതിനുള്ള ചെലവും ഒത്തുനോക്കിയാണ് യുഎഇ ഇന്ധന വില നിര്‍ണയ സമിതി തീരുമാനം എടുക്കുന്നത്.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.39 ദിര്‍ഹമാണ് പുതിയ വില. നേരത്തെ ഇത് 2.59 ദിര്‍ഹം ആയിരുന്നു.
സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.28 ദിര്‍ഹമാണ് വില. നേരത്തെ ഇത് 2.48 ദര്‍ഹം ആയിരുന്നു.
ഇ-പ്ലസ് പെട്രോള്‍ 3.20 ദിര്‍ഹത്തിനാണ് ഇനി മുതല്‍ വില്‍ക്കുക. മാര്‍ച്ച് മാസത്തില്‍ 2.40 ദിര്‍ഹം ആയിരുന്നു.
ഡീസല്‍ വില ലിറ്ററിന് 4.69 ദിര്‍ഹമാണ് ഏപ്രിലില്‍ ഈടാക്കുക. മാര്‍ച്ച് മാസത്തില്‍ ഡീസല്‍ ലിറ്റര്‍ വില 2.72 ആയിരുന്നു.
യുഎഇയിലുള്ളവര്‍ക്ക് ജീവിതച്ചെലവ് കൂട്ടുന്നതാണ് പുതിയ തീരുമാനം. ഏകദേശം 200 മുതല്‍ 500 ദിര്‍ഹം വരെ പ്രതിമാസ ബജറ്റില്‍ അധിക ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ലോകമെമ്പാടുമുള്ള അസംസ്‌കൃത എണ്ണവിലയിലെ വര്‍ദ്ധനവും നിലവിലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഇത് രാജ്യത്തെ ഉപഭോക്താക്കളെയും ഗതാഗത മേഖലയെയും കാര്യമായി ബാധിക്കും. പശ്ചിമേഷ്യയിലെ വര്‍ധിച്ച ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന ഷിപ്പിംഗ് പാതകളിലെ വിതരണതടസങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിലക്കയറ്റത്തിന് കാരണമായി.
2015-ല്‍ ഇന്ധനവില നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതിന് ശേഷം, യുഎഇ വിപണി അധിഷ്ഠിത വിലനിര്‍ണയ മാതൃകയാണ് സ്വീകരിക്കുന്നത്. യുഎഇ ഇന്ധന വില നിര്‍ണയ സമിതി എല്ലാ മാസാവസാനവും ആഗോള അസംസ്‌കൃത എണ്ണയുടെയും സംസ്‌കരിച്ച ഇന്ധന ഉല്‍പ്പന്നങ്ങളുടെയും ശരാശരി വിലകളെ ആശ്രയിച്ച് വിലകള്‍ അവലോകനം ചെയ്ത് പ്രഖ്യാപിക്കുകയാണ് ചെയ്യുക. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പ്രാദേശിക വിലകളില്‍ ദ്രുതഗതിയിലുള്ള പ്രതിഫലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം.
2025-ന്റെ ഭൂരിഭാഗം സമയത്തും 2026-ന്റെ തുടക്കത്തിലും യുഎഇയിലെ ഇന്ധനവില താരതമ്യേന സ്ഥിരമായിരുന്നു. ആഗോള എണ്ണ ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ചില മാസങ്ങളില്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ 2026 മാര്‍ച്ച് മാസത്തോടെ വില വര്‍ധനവിന്റെ പ്രവണത ആരംഭിച്ചെങ്കിലും അപ്പോഴും പെട്രോള്‍ വില ലിറ്ററിന് 2.60 ദിര്‍ഹമിന് താഴെയായിരുന്നു. ഏപ്രിലിലുണ്ടായ ഈ പെട്ടന്നുള്ള കുതിച്ചുചാട്ടം വലിയ മാറ്റമാണ്.












Click it and Unblock the Notifications