സൗദി അറേബ്യയും കുവൈത്തും അന്ന് 1600 കോടി നല്‍കി; ഇത്തവണ യുഎഇ ചെക്ക് വച്ചു, ഒപ്പം ഇറാനും
പശ്ചിമേഷ്യയിലെ യുദ്ധം അമേരിക്കക്ക് വലിയ ചെലവാണ് വരുത്തിവച്ചത്. ഫെബ്രുവരി 28 മുതല്‍ ഓരോ ദിവസവും 100 കോടി ഡോളര്‍ വരെ ചെലവ് വരുന്നുണ്ടത്രെ. ഇസ്രായേലിന് ഇതുവരെ 1120 കോടി ഡോളര്‍ ചെലവ് വന്നു എന്നാണ് മറ്റൊരു കണക്ക്. ഇതിനെല്ലാം പുറമെ ജിസിസി രാജ്യങ്ങള്‍ക്ക് വന്ന നഷ്ടം കോടികളാണ്. യുദ്ധം അവസാനിച്ചാല്‍ ഭീമമായ തുക അറ്റക്കുറ്റ പണിക്ക് ജിസിസി രാജ്യങ്ങള്‍ക്ക് വേണ്ടി വരും.
സൗദി അറേബ്യയ്ക്ക് മാത്രം 6000 കോടി ഡോളര്‍ അറ്റക്കുറ്റ പണിക്ക് വേണ്ടി വരുമത്രെ. എണ്ണ-വാതക കേന്ദ്രങ്ങള്‍ക്ക് മാത്രം 5000 കോടി ചെലവ് വരുമെന്നാണ് കണ്‍സള്‍ട്ടന്റ് റയ്‌സ്റ്റഡ് പറയുന്നത്. യുദ്ധത്തില്‍ വലിയ നാശനഷ്ടം നേരിട്ട ജിസിസി രാജ്യം യുഎഇയാണ്. പ്രമുഖ ഹോട്ടല്‍, ഫുജൈറ തുറമുഖം, ആമസോണ്‍ ഡാറ്റ സെന്റര്‍ എന്നിവയെല്ലാം നവീകരിക്കേണ്ടതുണ്ട്. ഇതിനുള്ള പണം അമേരിക്ക തരണം എന്ന ആവശ്യമാണ് യുഎഇ മുന്നോട്ട് വെക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മൂക്കു കുത്തുമോ എന്ന് യുഎഇ ഭയക്കുന്നുണ്ട്. ഈ വേളയിലാണ് ചില സാമ്പത്തിക സഹകരണം യുഎഇ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രധാനമാണ് കറന്‍സി സ്വാപ്പിങ്. അമേരിക്ക ഡോളര്‍ നല്‍കുകയും പകരം യുഎഇ ദിര്‍ഹം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണിത്. യുഎഇയുടെ എണ്ണ കയറ്റുമതി മരവിച്ചതിനാല്‍ ഡോളര്‍ ശേഖരം കുറഞ്ഞുവരികയാണ്. പുതിയ നിക്ഷേപം ലഭിക്കുന്നുമില്ല.
സുസ്ഥിര ധനകാര്യ കേന്ദ്രമെന്ന ഖ്യാതിയും ഇല്ലാതായത് യുഎഇക്ക് വലിയ തിരിച്ചടിയാണ്. വരുമാനം ഇല്ലാതാകാന്‍ കാരണം അമേരിക്ക തുടങ്ങിയ യുദ്ധമാണ് എന്ന് യുഎഇ ആരോപിക്കുന്നു. ജിസിസി രാജ്യങ്ങളുമായി ആലോചിക്കാതെ അമേരിക്ക നടത്തിയ നീക്കമാണിതെന്നും യുഎഇ കുറ്റപ്പെടുത്തിയത്രെ. യുഎഇയുടെ നഷ്ടത്തിന് അമേരിക്ക കൂടി കാരണക്കാരാണ് എന്നാണ് യുഎഇയുടെ നിലപാട്. അതുകൊണ്ടുതന്നെ അമേരിക്ക പണം നല്‍കണമെന്നാണ് യുഎഇയുടെ ആവശ്യം.
ജിസിസി രാജ്യങ്ങള്‍ പണം തരണം എന്ന് ഇറാന്‍
ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്ക ജിസിസി രാജ്യങ്ങളില്‍ നിന്ന് പണം ഈടാക്കിയിരുന്നു. സൗദി അറേബ്യയും കുവൈത്തും അന്ന് നല്‍കിയത് 1600 കോടി ഡോളറാണ്. അമേരിക്ക മൊത്തം ചെലവിന്റെ 12 ശതമാനം മാത്രമാണ് എടുത്തത്. സമാനമായ നീക്കം തന്നെയാണ് അമേരിക്ക ഇപ്പോഴും പദ്ധതിയിട്ടത്. ജിസിസി രാജ്യങ്ങളില്‍ നിന്ന് യുദ്ധത്തിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ അമേരിക്ക ആലോചിക്കുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഈ വേളയിലാണ് യുഎഇ അമേരിക്കയോട് പണം ചോദിക്കുന്നത്. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയും യൂറോപ്പും രണ്ട് തട്ടിലാണ് എന്നതാണ് മറ്റൊരു കാര്യം. നേരത്തെ നടന്ന പശ്ചിമേഷ്യയിലെ ആക്രമണങ്ങളില്‍ ഇരുവിഭാഗവും ഒരുകൈ ആയിരുന്നു. ഇത്തവണ യൂറോപ്പിന്റെ സഹായം ലഭിക്കാത്തതില്‍ അമേരിക്കക്ക് വലിയ അരിശമുണ്ട്. യുഎഇക്ക് പണം നല്‍കിയാല്‍ സൗദി അറേബ്യയും ഖത്തറും കുവൈത്തും പുതിയ ആവശ്യം ഉന്നയിക്കുമെന്ന ആശങ്കയും അമേരിക്കക്കുണ്ട്.
അതിനിടെയാണ് യുഎഇ ക്രൂഡ് ഓയില്‍ ഇടപാടിന് ചൈനീസ് യുവാന്‍ സ്വീകരിക്കാന്‍ പോകുന്നു എന്ന വിവരം. ഇക്കാര്യം അമേരിക്കയെ അറിയിച്ചുവത്രെ. ഡോളറിന് പകരം യുവാന്‍ ഉപയോഗിച്ചാല്‍ അമേരിക്കക്ക് വലിയ തിരിച്ചടിയാകും. അതിനിടെ ഇറാന്‍ ജിസിസി രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. നിങ്ങളുടെ സഹകരണത്തോടെ നടന്ന യുദ്ധത്തില്‍ തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടായി എന്നും ഇതിന് പണം വേണമെന്നുമാണ് ഇറാന്റെ നിലപാട്. 27000 കോടി ഡോളറാണ് ഇറാന്റെ നഷ്ടം. കൂടാതെ, ഹോര്‍മുസില്‍ ടോള്‍ പിരിക്കുന്നതും ഇറാന്റെ പരിഗണനയിലാണ്.












Click it and Unblock the Notifications