
'ഒരു ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം, അന്ന് വിഎസ് പറഞ്ഞു', ഓർമ്മ പങ്കിട്ട് ആരിഫ്
പോരാട്ടങ്ങളുടെ നേതാവ് വിഎസ് അച്യുതാനന്ദന് 99 വയസ്സ് തികയുന്നു. വ്യാഴാഴ്ചയാണ് വിഎസ്സിന്റെ പിറന്നാൾ. ഒരു നൂറ്റാണ്ട് നീളുന്ന സംഭവബഹുലമായ ജീവിതം. ഈ അപൂർവ നിമിഷത്തിൽ വിഎസ് അച്യുതാനന്ദനെ കുറിച്ചുളള ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ആലപ്പുഴ എംപിയായ എഎം ആരിഫ്.
തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകളാണ് ആരിഫ് എംപി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മറക്കാനാവാത്ത സഹായം ചെയ്ത സഖാവാണ് വിഎസ് എന്ന് ആരിപ് എംപി കുറിക്കുന്നു.

എഎം ആരിഫിന്റെ കുറിപ്പ്: സഖാവ് വിഎസിന് 99 വയസ്സ് തികയുകയാണ്. സംഘടനാരംഗത്തും പാർലമെന്ററി രംഗത്തുമുള്ള എൻറെ പ്രവർത്തനങ്ങളിലെ വിവിധ ഘട്ടങ്ങളിൽ മറക്കാനാവാത്ത സഹായം ചെയ്ത ഒരാളാണ് സഖാവ് വി.എസ്. എൻറെ എല്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനുകളും സഖാവ് വി.എസ്. ആണ് ഉദ്ഘാടനം ചെയ്തത്. 2006ൽ ആദ്യ തവണ അരൂരിൽ ഗൗരിയമ്മയുമായി മത്സരിക്കുമ്പോൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോൾ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നാണ് സഖാവ് പറഞ്ഞത്.

അന്ന് ജയിച്ചാൽ തന്നെ വലിയ ഭൂരിപക്ഷം കിട്ടാൻ സാധ്യത കുറവാണ് എന്നറിഞ്ഞുകൊണ്ടായിരിക്കണം അദ്ദേഹം അങ്ങനെ പറഞ്ഞത്. എനിക്ക് 4500 ഓളം വോട്ട് ഭൂരിപക്ഷമാണ് അന്ന് ലഭിച്ചത്. എന്നാൽ രണ്ടാമത് ഞാൻ മത്സരിച്ചപ്പോൾ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് ബിഡിജെഎസ് ഉൾപ്പെടെയുള്ള സംഘടനകൾ ബിജെപിയുമായി ചേർന്ന് സഖ്യം ഉണ്ടാക്കി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുന്ന സാഹചര്യമായതുകൊണ്ട് ജയിച്ചാ തീരെ പുറകിൽ പോകാത്ത ഒരു നല്ല വിജയം കരസ്ഥമാക്കാൻ പറ്റും എന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

അതുകൊണ്ടായിരിക്കണം വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചത്. മൂന്നാമത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പൂച്ചാക്കൽ പ്രസംഗിച്ചപ്പോൾ 25000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നൽകിക്കൊണ്ട് ആരിഫിനെ വിജയിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആഹ്വാനം. 25000നു പകരം 38519 വോട്ടിന്റെ ഭൂരിപക്ഷമാണ് അരൂരിലെ ജനത അന്ന് എനിക്ക് നൽകിയത്. വിഎസിന്റെ അന്നത്തെ ആവേശ ഉജ്ജ്വലമായ പ്രസംഗം ഇപ്പോഴും എൻറെ മനസ്സിൽ തങ്ങി നിൽക്കുകയാണ്. എൻ്റെ ജീവിതകഥ തന്നെ അനാവരണം ചെയ്തു കൊണ്ടായിരുന്നു എന്നെക്കുറിച്ച് മാത്രം 15 മിനിറ്റോളം അദ്ദേഹം പ്രസംഗിച്ചത്.

പാർലമെന്റിലേക്ക് എന്നെ പാർട്ടി മത്സരിപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പ് കൺവെൻഷൻ ആലപ്പുഴ മുൻസിപ്പാല്‍ ടൗൺഹാളിൻറെ മുൻവശം നടന്ന വലിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിഎസ് എത്തി. 20 എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ ഒരേയൊരു മണ്ഡലത്തിലായിരുന്നു വിഎസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയത്. അത് ആലപ്പുഴ ആയിരുന്നു എന്നുള്ളതും ഞാൻ അഭിമാനപൂർവ്വം ഓർക്കുകയാണ്. അവിടെയും വിഎസ് ആഹ്വാനം ചെയ്തത് ഒരു ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്നതായിരുന്നു. ചുറ്റുപാടുമുള്ള എല്ലാ മണ്ഡലങ്ങളിലും ഒരു ലക്ഷത്തിന്മേൽ വ്യത്യാസത്തിൽ നാം പരാജയപ്പെട്ടപ്പോൾ 16800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൽ വിജയിച്ചത്.
കേരളത്തിന്റെ സമര ശൗര്യം നൂറാണ്ടിലേക്ക്: വിഎസ് അച്യുതാനന്ദന് നാളെ 99-ാം പിറന്നാള്

മറ്റു മണ്ഡലങ്ങളിൽ ഉണ്ടായ തോൽവിയുമായി താരതമ്യം ചെയ്താൽ ആ 10000 ത്തിന് ഒരു ലക്ഷത്തിലധികം മൂല്യമുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. തീർച്ചയായും വിഎസ് ഒരു പ്രസ്ഥാനം എന്ന നിലയിൽ ഒരു ആവേശമായിരുന്നു. ഞങ്ങൾക്കെല്ലാം മനസ്സിൽ ആവേശം നൽകുന്ന ഒരു നേതാവാണ്. കർഷക തൊഴിലാളി പ്രസ്ഥാനത്തിൻറെ അരനൂറ്റാണ്ട് ചരിത്രം, കർഷക തൊഴിലാളി പ്രസ്ഥാനത്തിൻറെ അമ്പതാം വാർഷിക ആഘോഷ വേളയിൽ സഖാവ് സുർജിത്തിന്റെ സാന്നിധ്യത്തിൽ സഖാവ് വിഎസ് വിവരിച്ചപ്പോൾ അന്ന് ഞാൻ വിദ്യാർത്ഥിയായിരുന്നു. വിദ്യാർത്ഥിയായിരുന്നത് കുറിച്ച് എടുത്ത് അന്ന് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത് ഇപ്പോഴും ഞാൻ ഓർക്കുന്നു. വിഎസിനെ വളരെ വളരെ ഇഷ്ടപ്പെട്ട ഒരു ലേഖനമായിരിന്നു എന്റേത്.

എന്നെ വിളിച്ച് പ്രത്യേകം പ്രശംസിക്കുകയും ആ ലേഖനം വീണ്ടും വിഎസിന്റെ നിർദ്ദേശപ്രകാരം ചിന്തയിലും കർഷക തൊഴിലാളി മാസികയിലും പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. അതും ഞാൻ ഇപ്പോൾ ഓർക്കുകയാണ്. അതുപോലെതന്നെ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിൽ സഖാവ് വി.എസ്. സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാദം കത്തിപ്പടർന്നപ്പോൾ മലയാള മനോരമയിൽ ഞാൻ എഴുതിയ പട്ടി മുതൽ പട്ടി വരെ എന്ന ലേഖനത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും 40 തവണയെങ്കിലും ഒരു ദിവസം ഒരു മനുഷ്യൻ പട്ടിയെ കൂട്ട് പിടിച്ച് വർത്തമാനം പറയും, അതിനപ്പുറം ഒന്നുമില്ല നാട്ടു ഭാഷയിൽ പട്ടിയെ കൂട്ടുപിടിച്ച് വർത്തമാനം പറയുന്നത് ഒരു പതിവാണ് നമുക്ക് എന്ന് പറഞ്ഞുകൊണ്ടു എഴുതിയ ലേഖനം വായിച്ച് എന്നെ പ്രത്യേകം വിളിച്ച് പ്രശംസിക്കുകയും അനുമോദിക്കുകയും അഭിനന്ദിക്കുകയും അത് മറ്റു പ്രസിദ്ധീകരണങ്ങൾക്ക് കൊടുക്കണം എന്ന് പറയുകയും കർഷക തൊഴിലാളി മാസികയിൽ അത് പുനപ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു അദ്ദേഹം.

അങ്ങനെ എഴുത്തിലും വായനയിലും തുടങ്ങി പല കാര്യങ്ങളിലും സഖാവ് വിഎസ് എന്റെ ജീവിതത്തിൽ പ്രചോദനമായും പ്രോത്സാഹനമായും ഉണ്ടായിരുന്നു.സഖാവ് വിഎസിന്റെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആരോഗ്യപരമായ അവശതകൾ ഉണ്ടെങ്കിൽ പോലും അദ്ദേഹം ജീവിച്ചിരുന്നു കൊണ്ട് തന്നെ അദ്ദേഹം നമ്മളിലെല്ലാം ആവേശം വിതറുകയാണ്. 99 വയസ്സിലും ഇപ്പോഴും നമ്മളോടൊപ്പം ഉണ്ട് എന്നത് ഒരു ആശ്വാസമാണ് പറയാതിരിക്കുവാൻ നിർവാഹമില്ല. സഖാവ് വിഎസിനെ ആരോഗ്യം വീണ്ടെടുത്ത് നല്ല നിലയിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ഒക്കെ കഴിയുമാറാവട്ടെ എന്ന് ആശംസിക്കുന്നു'.