സീറ്റ് രണ്ടും കോണ്‍ഗ്രസ് കൊണ്ടുപോയി: മണിപ്പൂരില്‍ മുഖ്യമന്ത്രി മാറണം, മുന്നണിയില്‍ മുറുമുറുപ്പ്
ഇംഫാൽ: മണിപ്പൂർ സർക്കാറില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെ, തൻ്റെ പാർട്ടിയിലെയും സഖ്യകക്ഷികളിലെയും ചില എം എൽ എമാർ ഡൽഹിയിലെത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി ബീരേൻ സിംഗ്. എന്നാല്‍ തന്റെ രാജി ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ഇവർ ഡല്‍ഹിയില്‍ എത്തിയതെന്ന പ്രചരണം മണിപ്പൂർ മുഖ്യമന്ത്രി നിഷേധിച്ചു.
ബിജെപിയുടെയും സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), നാഷണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), ജെ ഡി യു എന്നീ പാർട്ടികളില്‍ നിന്നുള്ള ഒരു വിഭാഗം എം എല്‍ എമാർ ബീരേൻ സിംഗ് മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 2017ൽ മുഖ്യമന്ത്രിയായതിന് ശേഷം സിങ്ങിനെ മാറ്റാൻ ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ പലതവണ നടന്നിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മെയ് 3 ന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഈ ആവശ്യം ശക്തമാക്കിയെങ്കിലും ഒന്നും ഫലവത്തായില്ലെന്നും വിമത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ ഇത്തവണ എന്ത് വിലകൊടുത്തും നേതൃമാറ്റ പദവി എന്നത് ലക്ഷ്യമിട്ടാണ് എം എല്‍ എമാർ ഡല്‍ഹിയില്‍ എത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റുകളും ബി ജെ പിക്ക് ഇത്തവണ കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് വെക്കേണ്ടി വന്നിരുന്നു. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ 53 എണ്ണവും എന്‍ ഡി എയുടേയതാണ്. ഇതില്‍ ബി ജെ പിക്ക് മാത്രം 37 അംഗങ്ങളുമുണ്ട്.
മുന്നണിയിലേയും പാർട്ടിയിലേയും എല്ലാ അംഗങ്ങളും സർക്കാറിന് കീഴില്‍ ഉറച്ച് നില്‍ക്കുന്നതായും മണിപ്പൂരിൽ ശാശ്വത സമാധാനത്തിനുള്ള ഒരു മെമ്മോറാണ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എം എല്‍ എമാർ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഞാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും കാണാന്‍ ഡല്‍ഹിയിലേക്ക് പോകും. ഇതിന് രാജിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ആദ്യ 100 ദിവസത്തേക്ക് മണിപ്പൂരിനെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിയോടും ഷായോടും ഞങ്ങൾ നന്ദിയുള്ളവരാണ്. വിവിധ ഏജൻസികളുമായും ഷാ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്, ഞങ്ങളുടെ നന്ദി പ്രകടനത്തിൻ്റെ ഭാഗമായിരുന്നു. പ്രമേയം," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂണിലും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരായ നീക്കം ശക്തമായിരുന്നു. ഇതോടെ അദ്ദേഹം രാജിയുടെ വക്കിലേക്ക് എത്തുകയും ചെയ്തു. രാജിയുമായി ഗവർണറുടെ വീട്ടിലേക്ക് പോയെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇംഫാലിലെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് നൂറുകണക്കിന് സ്ത്രീകൾ അദ്ദേഹത്തിന് പിന്തുണയുമായി മനുഷ്യച്ചങ്ങല തീർത്തതോടെ പിന്തിരിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജിക്കത്ത് രണ്ട് മന്ത്രിമാരിൽ നിന്ന് തട്ടിയെടുക്കുകയും സിംഗ് മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിച്ച ആളുകൾ കീറിക്കളഞ്ഞതായും ആ സമയത്ത് ചില ബി ജെ പി നേതാക്കള്‍ തന്നെ അവകാശപ്പെട്ടിരുന്നു. അതേസമയം ഇത് മുഖ്യമന്ത്രി തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.












Click it and Unblock the Notifications