ഏഷ്യാകപ്പ് 2023: ലങ്കയെ എറിഞ്ഞോടിച്ച് ഇന്ത്യ, വീണ്ടും താരമായി കുല്‍ദീപ്
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ 41 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 214 എന്ന ലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചത്. താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലങ്കന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്. ശ്രീലങ്കന്‍ നിരയില്‍ ദുനിത് വെല്ലഗലെ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ധനഞ്ജയ സില്‍വ 41 റണ്‍സെടുത്തു. ബാക്കിയാരും പൊരുതി നോക്കുക പോലും ചെയ്തില്ല. നേരത്തെ അഞ്ച് വിക്കറ്റെടുത്ത വെല്ലഗലെയുടെ പ്രകടനമാണ് ഇന്ത്യയെ ദുര്‍ബല സ്‌കോറില്‍ ഒതുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.

പാകിസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഇന്ന് റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം അര്‍ധസെഞ്ച്വറി (53) കണ്ടെത്തിയ രോഹിത് ശര്‍മ്മയാണ് ടോപ്സ്‌കോറര്‍. ഏകദിനത്തില്‍ 10000 റണ്‍സ് എന്ന നേട്ടവും രോഹിത് ശര്‍മ്മ സ്വന്തമാക്കി.
കെ എല്‍ രാഹുല്‍ 39 ഉം ഇഷന്‍ കിഷന്‍ 33 ഉം റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി കണ്ടെത്തിയ വിരാട് കോഹ്ലി 3 റണ്‍സിന് പുറത്തായി. ഹര്‍ദിക് പാണ്ഡ്യ (5), രവീന്ദ്ര ജഡേജ (4) എന്നിവരും നിരാശപ്പെടുത്തി. നേരത്തെ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ നല്‍കിയത്. രോഹിതിനൊപ്പം ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശുഭ്മാന്‍ ഗില്‍ 19 റണ്‍സെടുത്ത് പുറത്തായി.
പിന്നാലെ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും പുറത്തായതോടെ ഇന്ത്യ 91 ന് മൂന്ന് എന്ന നിലയിലായി. നാലാം വിക്കറ്റില്‍ രാഹുല്‍-ഇഷന്‍ കിഷന്‍ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ദുനിത് വെല്ലലഗേയും നാല് വിക്കറ്റെടുത്ത ചരിത് അസലങ്കയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്.












Click it and Unblock the Notifications