ജയ് ഷാ ഐസിസി ചെയര്‍മാന്‍; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചെയര്‍മാനായി ജയ് ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബിസിസിഐ സെക്രട്ടറിയാണ് ജയ് ഷാ. 35 കാരനായ ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നായിരുന്നു അവസാന തിയതി.
2020- മുതല്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തുള്ള ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായാണ് ജയ് ഷാ എത്തുന്നത്. ഡിസംബര്‍ 1-ന് ഷാ ഐസിസി അധ്യക്ഷനായി അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും. ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്താല്‍ മാത്രമേ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തൂ എന്ന് ഈ മാസം ആദ്യം ഐസിസി പ്രഖ്യാപിച്ചിരുന്നു.

നവംബര്‍ അവസാനം ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ് ഷാ. ഐസിസിയുടെ സാമ്പത്തിക വാണിജ്യ ഉപസമിതിയുടെ അധ്യക്ഷനായും ഷാ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ബിസിസിഐ ഓണററി സെക്രട്ടറിയായും 2021 ജനുവരി മുതല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ബിസിസിഐ സെക്രട്ടറി എന്ന നിലയിലേക്ക് അതിവേഗം വളര്‍ന്നയാളാണ് ജയ് ഷാ. 2009ല്‍ അഹമ്മദാബാദിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായതോടെയാണ് ജയ് ഷായുടെ യാത്ര ആരംഭിച്ചത്. 2013 സെപ്റ്റംബറില്‍ ജിസിഎയുടെ ജോയിന്റ് സെക്രട്ടറിയായി നിയമിതനായി. 2015-ല്‍ ബിസിസിഐ അംഗമായി.
2019-ല്‍ 31-ാം വയസില്‍ ബിസിസിഐയുടെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബിസിസിഐ സെക്രട്ടറിയായിരിക്കെ നിരവധി നാഴികക്കല്ലുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2022 ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റിംഗ് ഉടമ്പടി റെക്കോഡ് തുകയ്ക്ക് ഒപ്പിട്ടത് അദ്ദേഹത്തിന്റെ കാലയളവിലാണ്.
ജഗ്മോഹന്‍ ഡാല്‍മിയ, ശരദ് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവര്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ഐസിസി തലപ്പത്തെത്തുന്ന അഞ്ചാമനാണ് ജയ് ഷാ. ക്രിക്കറ്റ് കൂടുതല്‍ ആഗോള കായിക വിനോദമായി മാറുന്നതിനിടെയാണ് ജയ് ഷാ താക്കോല്‍ സ്ഥാനത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 2028 ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത് ആഗോള കായികരംഗത്തെ വലിയ ചുവടുവെയ്പ്പാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications