കോലിയുടെ വിക്കറ്റ് നേട്ടത്തില്‍ അനുഷ്‌കയുടെ മില്യണ്‍ ഡോളര്‍ സെലിബ്രേഷന്‍, വീഡിയോ വൈറല്‍..!
നെതര്‍ലാന്റിനെതിരെ 160 റണ്‍സിന്റെ ഗംഭീര വിജയവുമായി ഇന്ത്യ 2023 ലോകകപ്പ് സെമി ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടേയും കെ എല്‍ രാഹുലിന്റേയും സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 എന്ന കൂറ്റന്‍ സ്‌കോറാണ് നെതര്‍ലാന്റിന് മുന്നില്‍ വെച്ചത്. ഇന്ത്യക്കായി അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗില്‍ നെതര്‍ലാന്റ് 250 റണ്‍സിന് എല്ലാവരും പുറത്താകുകയും ചെയ്തു. ഇന്ത്യ ഒമ്പത് ബൗളര്‍മാരെയാണ് നെതര്‍ലാന്റിനെതിരെ പന്തെറിയാന്‍ ഏല്‍പ്പിച്ചത് എന്നതും ശ്രദ്ധേയമായി. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഒഴികെ ഒമ്പത് പേരും ഇന്ത്യയ്ക്കായി പന്തെറിഞ്ഞു. ഇതില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും വിക്കറ്റ് വീഴ്ത്തിയതും എല്ലാവരുടേയും കൈയടി നേടി.

ബൗളിംഗില്‍ മാറ്റം വരുത്താന്‍ രോഹിത് തീരുമാനിച്ചതോടെ കോലിയെ നായകന്‍ പന്തേല്‍പ്പിക്കുകയായിരുന്നു. കളി തുടങ്ങുന്നതിന് മുമ്പും പരിശീലന സെഷനുകളിലും കോഹ്ലി നെറ്റ്സില്‍ ബൗളിംഗില്‍ സജീവമായി പങ്കെടുത്തിരുന്നു. ഡച്ച് ടോപ് ഓര്‍ഡര്‍ പവലിയനില്‍ തിരിച്ചെത്തിയതോടെ രോഹിത് പാര്‍ട്ട് ടൈം ബൗളര്‍മാരെ പരീക്ഷിക്കുകയായിരുന്നു. തന്റെ ആദ്യ ഓവറില്‍ കോലി ഏഴ് റണ്‍സാണ് വിട്ട് കൊടുത്തത്.
പിന്നീട് രോഹിതിനോട് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ആരാധകര്‍ കോലിക്ക് വീണ്ടും പന്ത് നല്‍കാനായി ആര്‍ത്തുവിളിച്ചു. ഇതോടെ രോഹിത് കോലിയെ തിരിച്ചുവിളിച്ചു. ഡച്ച് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയായിരുന്നു കോലി ക്യാപ്റ്റന്‍ തീരുമാനത്തെ മാനിച്ചത്. അതേസമയം കോലിയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒമ്പത് വര്‍ഷത്തിനും 3572 ദിവസത്തിനും ശേഷമാണ് കോലി ഏകദിനത്തില്‍ വിക്കറ്റ് വീഴ്ത്തുന്നത്. ലോകകപ്പിലെ താരത്തിന്റെ ആദ്യ വിക്കറ്റുമാണിത്. കോലിയുടെ മൂന്നോവര്‍ സ്്‌പെല്ലിന് ശേഷം രോഹിത് ശര്‍മ്മ ശുഭ്മാന്‍ ഗില്ലിനെയും സൂര്യകുമാര്‍ യാദവിനെയും പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഇരുവരും രണ്ടോവര്‍ വീതമെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. പിന്നീട് രോഹിത് തന്നെ സ്വയം ബൗളറായി ഇറങ്ങി.
തന്റെ അഞ്ചാം പന്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ തേജ നിദമനുരുവിനെ പുറത്താക്കി രോഹിതും വിക്കറ്റ് നേട്ടം ആഘോഷിച്ചു. നെതര്‍ലാന്റിന്റെ ഇന്നിംഗ്‌സും അതോടെ അവസാനിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications