ഏകദിനക്രിക്കറ്റിലെ പുതിയ ചാമ്പ്യന്‍മാര്‍ ഇന്ത്യയോ ഓസീസോ..? കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം
ഏകദിന ക്രിക്കറ്റിലെ പുതിയ ലോകചാമ്പ്യന്‍മാരെ ഇന്ന് അറിയാം. ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. അഹമ്മദാാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോര്. ആറാം ലോകകപ്പ് കിരീടമാണ് ഓസ്‌ട്രേലിയ ഇന്ന് ലക്ഷ്യമിടുന്നത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയ ആയിരുന്നു ജേതാക്കളായത്. ഓസ്‌ട്രേലിയയുടെ എട്ടാം ലോകകപ്പ് ഫൈനലാണിത്.
മറുവശത്ത് ഇന്ത്യ മൂന്നാം ലോകകപ്പ് വിജയമാണ് സ്വപ്‌നം കാണുന്നത്. ഇന്ത്യ 1983, 2011 വര്‍ഷങ്ങളിലെ ജേതാക്കളാണ്. നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. 2003 ലെ ലോകകപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആയിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്നത്തെ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് ഫൈനല്‍ പോരാട്ടം.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ ഏക ടീമാണ് ഇന്ത്യ. ഇന്ന് കൂടി ജയിക്കാനായാല്‍ ഇന്ത്യ ലോകകപ്പ് നേട്ടത്തിനൊപ്പം തോല്‍വിയില്ലാതെ 11 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ഓസ്ട്രേലിയയുടെ എക്കാലത്തെയും റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്യും. രോഹിത് ശര്‍മ്മ, വിരാട് കോലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ അടങ്ങുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.
ബൗളിംഗില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും കൂടി ചേരുന്നതോടെ ടീം സന്തുലിതമാകും. മറുവശത്ത് ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് കൊണ്ടാണ് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള എട്ട് മത്സരങ്ങളില്‍ ജയിച്ച് കൊണ്ട് തിരിച്ചു വന്നു. ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസല്‍വുഡ്, കമ്മിന്‍സ് എന്നിവരാണ് കുന്തമുനകള്‍.
ഇരു ടീമുകള്‍ക്കും മുമ്പ് നോക്കൗട്ട് ചരിത്രമുണ്ട്. 2011 ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീം ആ എഡിഷനിലെ ജേതാക്കളായിരുന്നു. 2015 ല്‍ ഇന്ത്യയെ സെമിഫൈനലില്‍ തോല്‍പ്പിച്ച ഓസ്‌ട്രേലിയ ആ വര്‍ഷത്തെ ജേതാക്കളാകുകയും ചെയ്തു. അതേസമയം ലോകകപ്പ് ഫൈനലിന് ഗംഭീര സജ്ജീകരണങ്ങളാണ് അഹമ്മദാബാദില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രശസ്തമായ സൂര്യ കിരണ്‍ എയ്റോബാറ്റിക്സ് ടീം മത്സരത്തിന് മുന്നോടിയായി ഒരു എയര്‍ ഷോ സംഘടിപ്പിക്കുന്നുണ്ട്. അഹമ്മദാബാദ് നഗരത്തില്‍ 6,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് എന്നിവരും കലാശപ്പോരിന് സാക്ഷ്യം വഹിക്കാന്‍ എത്തും എന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി, സിംഗപ്പൂര്‍ ആഭ്യന്തര, നിയമ മന്ത്രി കെ. ഷണ്‍മുഖം, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ എന്നിവരും ഫൈനല്‍ കാണാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications